#ദിനസരികള്‍ 1143 ഫ്രോയിഡ് വരുന്നു..



            ഫ്രോയിഡിനെക്കുറിച്ചാണ് അടുത്ത അധ്യായം. മനശാസ്ത്രത്തിന് സിഗ്മണ്ട് ഫ്രോയിഡ് എന്ന അതികായന്‍ നല്കിയ സംഭാവനകളെക്കുറിച്ച് ഒരു ചെറിയ കുറിപ്പില്‍ ഒതുക്കിപ്പറയുക എന്നത് അസാധ്യമാണ്. ഏകദേശം ആറായിരത്തില്‍പ്പരം പുറങ്ങളിലായി തന്റെ നിഗമനങ്ങളെ അദ്ദേഹം രേഖപ്പെടുത്തിവെച്ചിരിക്കുന്നു. അവയില്‍ ഏറെ വിഖ്യാതമായ സ്വപ്നങ്ങളുടെ വ്യാഖ്യാനവും സൈക്കോഅനാലിസിസിനെക്കുറിച്ചുള്ള പഠനങ്ങളും ഹിസ്റ്റീരിയ പഠനങ്ങളും നാര്‍സ്സിസത്തെക്കുറിച്ചുള്ള നിഗമനങ്ങളും അവസാനകാലത്തെ മോസസും ഏകദൈവ വിശ്വാസവും പോലെയുള്ള രചനകളുമായി ആ ലോകം അതിവിശാലമാണ്.
            കേവലം ഭ്രാന്തിനെ ചികിത്സിക്കാനുള്ള ഒരു രീതി എന്നതിനപ്പുറം മനശാസ്ത്രത്തെ ലോകത്തിന്റെ സവിശേഷ ശ്രദ്ധയിലേക്ക് കൊണ്ടുവന്നവരില്‍ പ്രമുഖന്‍ ഫ്രോയിഡുതന്നെയാണ്. മനശാസ്ത്രത്തില്‍ മാത്രമായി ഒതുങ്ങി നില്ക്കുന്ന ഒന്നായിരുന്നില്ല അദ്ദേഹത്തിന്റെ സ്വാധീനമെന്നത് സുവിദിതമാണ്. സാഹിത്യാദികലകള്‍ , മതവിശ്വാസം , നരവംശശാസ്ത്രം എന്നിങ്ങനെ മനുഷ്യന്‍ സാമൂഹികമായി ബന്ധപ്പെട്ടിരിക്കുന്ന സമസ്തമേഖലകളിലും അദ്ദേഹത്തിന്റെ സങ്കല്പനങ്ങള്‍ പ്രസക്തമായി മാറി. എന്നാല്‍ സ്വയം നവീകരിക്കുവാന്‍ അദ്ദേഹം എല്ലാ കാലത്തും തയ്യാറായി.  പുതിയ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തന്റെ തന്നെ പല പഴയ നിലപാടുകളേയും തിരുത്താന്‍ അദ്ദേഹം മടി കാണിച്ചിരുന്നില്ല.സ്വന്തം സ്വപ്നങ്ങളെത്തന്നെ വ്യാഖ്യാനിച്ച് പഠിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ ആദ്യകാല പഠനങ്ങള്‍ക്ക് തുടക്കം കുറിച്ചത്." ഇത് സ്വപ്ന വ്യാഖ്യാനങ്ങലെ സംബന്ധിച്ച് ഒരു നാഴികക്കല്ലായിരുന്നു. സ്വപ്നങ്ങളെ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിച്ചിരുന്ന ഫ്രോയിഡ് , അതൊരു മാനസിക പ്രതിഭാസമാണെന്ന് ചിന്തിക്കാന്‍ തുടങ്ങി. അങ്ങനെ അദ്ദേഹം 1896 ല്‍മാനസിക അപഗ്രഥനം എന്ന ആദ്യമായി വിനിയോഗിച്ചു" ഏന്ന് ഫ്രോയിഡിന്റെ ആദ്യകാലങ്ങളെക്കുറിച്ച് ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നു.
            ആസ്തിക സ്വഭാവമുള്ള യഹുദ കുടുംബത്തിലാണ് ഫ്രോയിഡ് ജനിച്ചതെങ്കിലും ജീവിതാവസാനം വരെ അദ്ദേഹം ഒരു വിശ്വാസിയായിരിന്നില്ല.
            "തന്റെ മുന്‍ഗാമികള്‍ സ്വപ്നത്തെക്കുറിച്ച് പറഞ്ഞിട്ടുള്ള അഭിപ്രായങ്ങള്‍ മൂന്നുതരത്തിലുണ്ടെന്നാണ് ഫ്രോയിഡ് പറയുന്നത്.പുരാതന തത്വജ്ഞാനികളുടേതാണ് ഒന്നാമത്തേത്.സ്വപ്നം മനസ്സിന്റെ പ്രത്യേക പ്രവര്‍ത്തനമാണെന്നാണ് അവര്‍ പറയുന്നത്.മറ്റുചിലരാകട്ടെ ആത്മീയതയുടെ മാനമൊന്നും നല്കുന്നില്ല.ഉണര്‍ന്നിരിക്കുമ്പോള്‍ വേണ്ടത്ര പ്രകാശനം ലഭിക്കാത്ത മാനസിക വ്യാപാരങ്ങള്‍ക്ക് വിടര്‍ന്നു വികസിക്കാനുള്ള അവസരമാണ് സ്വപ്നം നല്കുന്നതെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.മൂന്നാമത്തെ ചിന്തകര്‍ വൈദ്യശാസ്ത്രജ്ഞരാണ്.ഉറങ്ങുമ്പോള്‍ സ്വന്തം ശരീരത്തു നിന്നോ പുറത്തു നിന്നും പഞ്ചേന്ദ്രിയങ്ങള്‍ വഴി ലഭിക്കുന്നതോ ആയ ഉത്തേജകങ്ങള്‍ തലച്ചോറിലെത്തുന്നു.ഉറക്കത്തില്‍ മയങ്ങിയിരിക്കുന്ന തലച്ചോറിന്റെ പ്രവര്‍ത്തനം മാത്രമാണ് സ്വപ്നം.അതിന് ആഴമേറിയതു ഗോപ്യമായതുമായ അര്‍ത്ഥമൊന്നുമില്ല"  ഈ തലത്തില്‍ നിന്നാണ് മനസ്സിലേക്കുള്ള താക്കോല്‍ പഴുതായി സ്വപ്നങ്ങളെ കണ്ടുകൊണ്ട് ഫ്രോയഡ് തന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
           
           


(തുടരും )      

© മനോജ് പട്ടേട്ട് || 4 June 2020, 4.30 PM ||


Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍