#ദിനസരികള്‍ 1140 സ്വപ്നങ്ങള്‍ ... സ്വപ്നങ്ങള്‍ ... സ്വപ്നങ്ങളേ നിങ്ങള്‍ - 2




            നമ്മുടെ പുരാതന സംസ്കാരങ്ങള്‍ സ്വപ്നങ്ങളെക്കുറിച്ച് എന്തുപറയുന്നുവെന്നാണ് ഒന്നാം അധ്യായം അന്വേഷിക്കുന്നത്.

            സുമേറിയ , ഈജിപ്ത് , തെക്കെ അമേരിക്ക, ഗ്രീസ് , അറേബ്യ , ഭാരതം, ചൈന , മലേഷ്യ , ആസ്ത്രേലിയ , വടക്കേ അമേരിക്ക , തിബറ്റ് എന്നിങ്ങനെ വിവിധ ദേശങ്ങളിലെ സംസ്കാരങ്ങളില്‍ സ്വപ്നവുമായി ബന്ധപ്പെട്ടു നിന്നിരുന്ന വ്യത്യസ്തങ്ങളായ നിരവധി സങ്കല്പങ്ങളെക്കുറിച്ച്  ഇവിടെ ചര്‍ച്ച ചെയ്യുന്നു.

          സുമേറിയയെക്കുറിച്ച് എഴുതിയിരിക്കുന്നത് നോക്കുക : - ബാബിലോണ്‍ , അസീറിയ, എന്നിവിടങ്ങളില്‍ നിന്നും കണ്ടെടുത്ത ആറായിരം വര്‍ഷം പഴക്കമുള്ള സുമേറിയന്‍ കുറിപ്പുകള്‍ ഇതിന് സാക്ഷ്യം വെയ്ക്കുന്നു. കളിമണ്‍ പലകകളില്‍ അവര്‍ സ്വപ്നങ്ങള്‍ എഴുതിവെച്ചു.വരാനിരിക്കുന്ന കാര്യങ്ങള്‍ സ്വപ്നങ്ങളിലൂടെ പുരോഹിതന്മാര്‍ക്കും രാജാക്കന്മാര്‍ക്കും വെളിപ്പെടുത്തുന്ന കഥ അവര്‍ കുറിപ്പുകളില്‍ വിവരിച്ചിട്ടുണ്ട്. സക്വാര്‍ എന്ന ദേവന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് സൂചനകള്‍ അവര്‍ക്ക് നല്കിയിരുന്നു. ഇന്ന് നാം സ്വന്തം സ്വപ്നങ്ങളെക്കുറിച്ച് എഴുതി വെയ്ക്കുന്ന കുറിപ്പുകള്‍ക്ക് സമാനമായിരുന്നു അവരുടേയും വിവരണങ്ങള്‍. ഒരുവന്‍ സ്വപ്നത്തിന്റെ കഥ അയാളുടെ ജീവിത പശ്ചാത്തലം , സ്വപ്നം ഉണര്‍ത്തിവിട്ട വികാരങ്ങളും ചിന്തകളും സ്വപ്നത്തിന്റെ പൊരുള്‍ എന്നിങ്ങനെയുള്ള സമഗ്രമായ പഠനങ്ങളാണ് സുമേറിയന്‍ ഗ്രന്ഥങ്ങളില്‍ കാണുന്നത്.ആധുനിക മനശാസ്ത്രജ്ഞന്മാരും തങ്ങളുടെ രോഗികളോട് ഇതേ കാര്യങ്ങള്‍ തന്നെയാണ് ചോദിച്ചറിയുന്നത്. സുമേറിയയില്‍ സ്വപ്നങ്ങളെക്കുറിച്ച് നിലനിന്നിരുന്ന സങ്കല്പങ്ങളും വിശ്വാസങ്ങളുമെല്ലാം കോര്‍ത്തിണക്കി രചിക്കപ്പെട്ട ഗില്‍ഗമേഷ് എന്ന വീരഗാഥയെക്കുറിച്ച് നാം കേട്ടിട്ടുണ്ടാകുമല്ലോ.

          പൌരാണിക ഗ്രീസിലാകട്ടെ മറ്റേതൊരു വിജ്ഞാന ശാഖയിലുമെന്ന പോലെ സ്വപ്നവിജ്ഞാനത്തിലും സവിശേഷമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നവര്‍ ധാരാളമായിട്ടുണ്ടായിരുന്നു.സ്വപ്നങ്ങള്‍ക്ക് പ്രവചന ശേഷിയുണ്ടെന്നും അവ ദേവന്മാരില്‍ നിന്നുള്ള വെളിപാടുകളാണെന്നും സോക്രട്ടീസ് അഭിപ്രായപ്പെട്ടു. പ്ലേറ്റോ ഹോറസ് മുതലായവര്‍ ഈ അഭിപ്രായം അതേപടി അംഗീകരിച്ചില്ല. ചില സ്വപ്നങ്ങള്‍ പ്രവചനാത്മകമാണെങ്കിലും മറ്റുള്ളവരെ വെറും ചവറു സ്വപ്നങ്ങള്‍ മാത്രമായി അവര്‍ കരുതി. സനാതന സത്യത്തെപ്പറ്റി ആത്മാവിന്റെ വിചിന്തനവും വെളിപാടുകളുമാണ് സ്വപ്നങ്ങളെന്ന് പ്ലേറ്റോ പറയുന്നു.നിഷിദ്ധങ്ങളായ ആശകളും സ്വപ്നത്തില്‍ പ്രതിഫലിക്കുമെന്ന് അദ്ദേഹം പറയുന്നു.എന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നതില്‍ സ്വപ്നങ്ങളോട് ഗ്രീക്കുകാരുടെ സമീപനമെന്താണെന്ന് വ്യക്തമാകുന്നു.

          ഇങ്ങനെ ഈ രണ്ടു ഉദാഹരണങ്ങളില്‍ നിന്നും മറ്റു സംസ്കാരങ്ങളില്‍ സ്വപ്നങ്ങളോടുള്ള സമീപനം എന്തായിരുന്നുവെന്ന് പൊതുവേ വ്യക്തമാക്കപ്പെടുമെന്ന് കരുതുന്നു. വിശദമായ പഠനത്തിന് പുസ്തകത്തെത്തന്നെ ആശ്രയിക്കേണ്ടതാണ്. അഭൌതികമായ ശക്തിവിശേഷങ്ങളുടെ ഇടപെടലുകള്‍ കൊണ്ടാണ് സ്വപ്നങ്ങള്‍ ഉണ്ടാകുന്നതെന്നും അവയ്ക്കു പിന്നില്‍ ഭാവിയെ തൊട്ടു നില്ക്കുന്ന രഹസ്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും അവയെ ഫലപ്രദമായ വ്യാഖ്യാനിച്ച് എടുക്കുവാന്‍ കഴിഞ്ഞാല്‍ ഭാവിതന്നെ കണ്ടെത്താമെന്നും സംസ്കാരങ്ങള്‍ പൊതുവേ കരുതിപ്പോരുന്നുവെന്ന് കാണാം.

          ഇതെല്ലാംതന്നെ സ്വപ്നങ്ങള്‍ക്ക് പൌരാണിക കാലം മുതല്‍ നിലനിന്നു പോന്നിരുന്ന പ്രസക്തി വ്യക്തമാക്കുന്നുണ്ട്.

(തുടരും )      

© മനോജ് പട്ടേട്ട് ||1 June 2020, 8.30 PM ||




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം