#ദിനസരികള്‍ 1141 സ്വപ്ന പഠനം എന്തിന് ?
സ്വപ്ന പഠനം എന്തിന് എന്ന ചോദ്യം
പ്രസക്തമാണ്. ഉറക്കത്തില്‍ സംഭവിച്ചു പോകുന്നതും നമ്മുടെ നിയന്ത്രണങ്ങള്‍ക്കെല്ലാം
അപ്പുറത്തുള്ളതും യാതൊരു തരത്തിലുള്ള യുക്തിയേയും അടിസ്ഥാനപ്പെടുത്താത്തതുമായ
ഒന്നാണ് സ്വപ്നമെന്നാണല്ലോ നാം ചിന്തിച്ചുറപ്പിച്ചിരിക്കുന്നത്. പലപ്പോഴും
സ്വപ്നങ്ങളെ നമുക്ക് ഓര്‍ത്തെടുക്കാനും കഴിയാറില്ല. അങ്ങനെയുള്ള സ്വപ്നങ്ങളില്‍
നിന്നും എന്താണ് പഠിക്കാനുള്ളത് എന്ന ചോദ്യം സ്വഭാവികവുമാണ്. സ്വപ്നങ്ങള്‍ പക്ഷേ അങ്ങനെ തീര്‍ത്തും
പ്രയോജനമില്ലാത്ത ഒന്നല്ലെന്നാണ് ഈ അധ്യായം ചൂണ്ടിക്കാണിക്കുന്നത്.
വിനയന്‍
എന്ന ചെറുപ്പക്കാരന്റെ കഥ പറഞ്ഞുകൊണ്ടാണ് ഡോക്ടര്‍ ജോസഫ് തോമസ്
സ്വപ്നത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മോടു സംസാരിക്കുന്നത്.
വിനയന്‍.യുവാവാണ്.
ആസ്ത്മാ രോഗി.അയാള്‍ താന്‍ കണ്ട ഒരു സ്വപ്നത്തെക്കുറിച്ച് പറയുന്നു. സ്വന്തം
അനുജനെ മറ്റു ചില ആളുകളെ ഉപയോഗിച്ച് താന്‍ കൊലപ്പെടുത്താന്‍
ശ്രമിക്കുന്നുവെന്നതാണ് ആ സ്വപ്നം. പല തവണ ആവര്‍ത്തിച്ചു ശ്രമിച്ചതിനു ശേഷം ആ
കൃത്യം നടന്നു. അതായത് സ്വന്തം അനുജനെ കൊന്നു. മരിച്ചു കിടക്കുന്ന അവനെ കണ്ട്
അച്ഛനും അമ്മയും ദുഖിച്ചെങ്കിലും വിനയന് ദുഖമൊന്നുമുണ്ടായില്ല. എന്നു മാത്രവുമല്ല
താനെന്തോ മഹത്തായ കൃത്യമാണ് ചെയ്തത് എന്ന തരത്തിലാണ് വിനയന്‍ നടക്കുന്നു. ആസ്വപ്നം
കണ്ട് താന്‍ ഞെട്ടി വിറച്ചതായി വിനയന്‍ പറയുന്നു. തന്റെ അനുജനെ ഒരിക്കലും
കൊല്ലണമെന്ന് ചിന്തിച്ചിട്ടേയില്ലെന്ന് അവന്‍ ആണയിടുന്നു. ഈ സ്വപ്നം പലപ്പോഴായി്
വിനയന്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ആവര്‍ത്തിച്ചു കാണുന്നു. അതുമാത്രമല്ല
അയാളുടെ ആസ്ത്മയ്ക്ക് ഒരു സവിശേഷതയുണ്ട്. വീട്ടിലെത്തുമ്പോള്‍ മാത്രമേ ഈ അസുഖം
വിനയനില്‍ കാണാനാകൂ. അലര്‍ജിയ്ക്ക് കാരണമായ എന്തെങ്കിലും തരത്തിലുള്ള പൊടിയോ
ചെടികളോ മറ്റോ വിനയന്റെ വീട്ടിനു സമീപം കണ്ടേക്കാമെന്നാണ് പലരും ചിന്തിച്ചു പോയത്.
വിനയനെക്കുറിച്ചും
അവന്റെ ചുറ്റുപാടുകളെക്കുറിച്ചും കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍
നടത്തി.ആസ്ത്മയ്ക്കു് കാരണം പുറത്തുള്ള മറ്റൊന്നുമല്ല , തന്റെ സ്വന്തം മനസ്സു
തന്നെയാണ് എന്ന് വെളിപ്പെട്ടുവന്നതാണ് ഈ കഥയുടെ അവസാനം.
കഥ ഇങ്ങനെ.
തനിക്ക് ഒരു അനുജന്‍ ജനിച്ചതോടെ വിനയന്‍ അസ്വസ്ഥനായി. അമ്മയുടേയും അച്ഛന്റെ
സ്നേഹപരിലാളനകള്‍ തനിക്കു മാത്രമായി കിട്ടേണ്ടത് അനുജന്റെ വരവോടെ കുറഞ്ഞു
വരുന്നതായി വിനയന് തോന്നിത്തുടങ്ങി. അങ്ങനെ പതിയെപ്പതിയെ അനുജനെ ഒരെതിരാളിയായി
കാണുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി. എന്നാല്‍ സ്വന്തം അനുജനെ ശത്രുവായി
കാണുന്നത് ഒട്ടും ശരിയായ കാര്യമല്ലെന്ന അവന്റെ ബോധമനസ്സ് അവനെ ഉപദേശിച്ചു. അതോടെ
സംഘര്‍ഷമായി. അനുജനെന്ന വെല്ലുവിളിയെ നേരിടാന്‍ പുതിയ പുതിയ വഴികളെക്കുറിച്ച് അവന്‍
ആലോചിക്കാന്‍ തുടങ്ങി.
അങ്ങനെയാണ്
അമ്മയുടേയും അച്ഛന്റേയും സ്നേഹം കൂടുതലായി പിടിച്ചു പറ്റുവാന്‍ ഒരു രോഗിയാകുക എന്ന
തന്ത്രം വിനയന്‍ പയറ്റുന്നത്. അപ്പോള്‍ തനിക്ക് കൂടുതല്‍ സ്നേഹം കിട്ടും, പരിലാളന
കിട്ടും. അമ്മയുടെ സ്നേഹത്തിനു വേണ്ടി ശ്വാസം മുട്ട് അഭിനയിക്കും. അതോടെ അമ്മ അവനെ
കൂടുതല്‍ ശ്രദ്ധിക്കും. അവന് കൂടുതല്‍ സ്നേഹം കിട്ടും.
സ്വപ്നങ്ങളെ
പഠിക്കുന്നതുകൊണ്ടുണ്ടാകുന്ന ഗുണമെന്താണെന്ന് ഒരു കഥയിലൂടെ വെളിപ്പെടുന്നതാണ് നാം
കണ്ടത്. ഇങ്ങനെ പലപ്പോഴും നാം കണ്ടുമറന്നു കളഞ്ഞ പല സ്വപ്നങ്ങള്‍ക്കും നമ്മുടെ
ജീവിതത്തിലെ ഏതെങ്കിലും സവിശേഷ മുഹൂര്‍ത്തങ്ങളോട് ആഴത്തില്‍
ബന്ധപ്പെട്ടിരിക്കുന്നു. അതു മനസ്സിലാകണമെങ്കില്‍ സ്വപ്നങ്ങളിലേക്ക് നാം
ആണ്ടിറങ്ങുക തന്നെ വേണം.
(തുടരും )
© മനോജ് പട്ടേട്ട് || 2 June
2020, 7.30
PM ||
Comments