#ദിനസരികള്‍ 76
നിങ്ങള്‍ പ്രാര്‍ത്ഥിക്കാറില്ലേ ? എന്താണ് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് ? ലോകമാകെ സുഖം ഭവിക്കട്ടെ എന്നോ ? എനിക്കില്ലെങ്കിലും സാരമില്ല എന്റെ അയല്‍വാസികള്‍ക്ക്
നല്കണമേ എന്നോ ? ഇത്തരത്തിലുള്ള , എനിക്കെന്നും
എന്റേതെന്നും ഭാവമില്ലാത്ത പ്രാര്‍ത്ഥനകളാണ് നിങ്ങള്‍ നടത്തുന്നതെങ്കില്‍
നിങ്ങളൊരു പരമവിശുദ്ധനായിരിക്കണം. മാതാപിതാക്കളും മറ്റുമുതിര്‍ന്നവരും കൂടി മനസ്സില്‍ ദൈവഭയത്തിന്റെ വിത്ത് പാകിമുളപ്പിച്ചെടുക്കുന്ന
ബാല്യകാലത്തുള്ള “
ഉവ്വാവ്
വരുത്തല്ലേ ദൈവമേ “ എന്നതില്‍ തുടങ്ങി “പരീക്ഷ പാസ്സാക്കി പത്താംക്ലാസ് ജയിപ്പിക്കണേ
ദൈവമേ “ എന്നു വരെയുള്ള എണ്ണമറ്റ പ്രാര്‍ത്ഥനകളില്‍
എനിക്കൊരിക്കലും മറ്റൊരാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞിട്ടേയില്ല. പട്ടിണിയുടെ
കുട്ടിക്കാലത്ത് സ്കൂള്‍ വിട്ടു വീട്ടില്‍ച്ചെന്നാല്‍ കഴിക്കാനെന്തെങ്കിലും
ഉണ്ടാവണേ എന്ന
പ്രാര്‍ത്ഥനക്കായിരുന്നു
ആവര്‍ത്തനസ്വഭാവം കൂടുതലുണ്ടായിരുന്നത്. ആ പ്രാര്‍ത്ഥനകളുടെ ഫലം മിക്കദിവസങ്ങളിലും
ചക്കയായും മാങ്ങയായും കാച്ചിലായും കപ്പയായുമൊക്കെ രൂപം പൂണ്ട് സ്കൂളില്‍ നിന്ന്
നാലുകിലോമീറ്ററോളം നടന്നെത്തുന്ന എനിക്കായി കാത്തിരുന്നു. അതായിരുന്നു എന്റെ
മനസ്സില്‍ ഓര്‍മയുള്ള ഫലമുണ്ടായിട്ടുള്ള ആദ്യപ്രാര്‍ത്ഥന.അതിനെ പ്രാര്‍ത്ഥന എന്ന്
വിളിക്കാമോയെന്ന് പറയാനാവില്ല. ഒരാഗ്രഹമെന്നു പറയാം. എന്റെ കുട്ടിക്കാലങ്ങളില്‍
അത്തരത്തിലുള്ള ആഗ്രഹങ്ങളുടെ അഥവാ പ്രാര്‍ത്ഥനകളുടെ ധാരാളിത്തമുണ്ടായിരുന്നു. ഇല്ലായ്മയായിരുന്നു
അത്തരം ആഗ്രഹങ്ങള്‍ക്ക് കാരണമായിരുന്നത്.
പിന്നീട് ദൈവമെന്ന മിഥ്യസങ്കല്പത്തിന്റെ
സ്വപ്നരഥങ്ങളിലേറി സമയം പാഴാക്കാന്‍ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല.ഏകദേശം
പത്താംക്ലാസോടുകൂടി ദൈവം തെക്കോട്ടും ഞാന്‍ വടക്കോട്ടുമാണ് നടന്നത്. പക്ഷേ
ദൈവമെന്ന കാല്പനികന്‍ മനുഷ്യനിലുണ്ടാക്കിയെടുത്ത സ്വാധീനങ്ങളെ പരിപൂര്‍ണമായും
കുടഞ്ഞുകളയാന്‍ കഴിയും എന്ന് അവകാശപ്പെടുന്നത് അസ്ഥാനത്തായിരിക്കും. അത്രമാത്രം
ആഴത്തില്‍ ദൈവമെന്ന ചെകുത്താന്‍ മനുഷ്യകുലത്തിന്റെ
മുകളില്‍ രക്ഷപ്പെടാന്‍ അസാധ്യമായ വിധത്തില്‍ പിടിമുറുക്കിക്കഴിഞ്ഞു.
മുലയുണ്ണുമൊരുണ്ണിയേകിടും
പരമാനന്ദമറിഞ്ഞ ഒരമ്മയും
അവനോട് കിനാവിലെങ്കിലും
പറയില്ലാ ജഗദീശനിന്ദനം -
എന്നത് സാര്‍വ്വലൌകികമായ ഒരു സത്യമാണ്.പക്ഷേ എന്റെ മനസ്സില്‍ ദൈവനിഷേധം നിറച്ചത് ഇടമറുകോ
കോവൂരോ ആയിരുന്നില്ല എന്നതാണ് വസ്തത. അത് സ്വാമി വിവേകാനന്ദനും ശങ്കരാചാര്യരും
ശ്രീനാരായണഗുരുവും ഗുരു നിത്യചൈതന്യയതിയുമൊക്കെയായിരുന്നു. ചെറുപ്പത്തില്‍ തോന്നിയ
സന്യാസം എന്ന സൂക്കേടിന്റെ ഫലമായി നടത്തിയ ആത്മീയാന്വേഷണങ്ങള്‍
എന്നെക്കൊണ്ടെത്തിച്ചത് കടുത്ത ദൈവനിഷേധത്തിലേക്കായിരുന്നു. തികഞ്ഞ ഭൌതികവാദികള്‍
അഥവാ യുക്തിവാദികള്‍ പറയുന്നതുപോലെ വെറുതെ ദൈവം ഇല്ല എന്ന പറച്ചിലായിരുന്നില്ല
അത്. ദൈവം ഇല്ല എന്നത് എനിക്കൊരു വിശ്വാസമാണ്. അങ്ങനെ ഉറപ്പിച്ചു പറയാന്‍ എനിക്ക്
കഴിഞ്ഞത് അദ്വൈതദര്‍ശനത്തിന്റെ സഹായത്തോടെയായിരുന്നു എന്നു കൂടി അറിയുമ്പോഴാണ്
വൈപരീത്യത്തിന്റെ കൌതുകം വ്യക്തമാകുന്നത്.
അപ്പോള്‍ പറഞ്ഞുവന്നത് , പ്രാര്‍ത്ഥനകള്‍ നമ്മുടെ ആഗ്രഹങ്ങള്‍ മാത്രമാണ്.
നേരെപോയി ആഗ്രഹം സാധിച്ചെടുക്കാനുള്ള പരിമിതി കൊണ്ട് നാം ദൈവത്തെക്കൂടി
കൂട്ടുപിടിക്കുന്നു.ദൈവം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചക്കവീണ് മുയലു
ചത്താല്‍ ദൈവം സഹായിച്ചുവെന്നും ഇല്ലെങ്കില്‍ ദൈവം കൈവിട്ടു എന്നും നാം ന്യായീകരിക്കും
, ഇയ്യോബിനെപ്പോലെ. അത് നമ്മുടെ ദൌര്‍ബല്യമാണ് . ആ ദൌര്‍ബല്യത്തിലാണ് ദൈവം
സിംഹാസനമിട്ടിരിക്കുന്നത്. നിങ്ങളിലെ ദൌര്‍ബല്യത്തെ തള്ളിപ്പുറത്താക്കാന്‍
കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ദൈവത്തില്‍ നിന്നും രക്ഷപ്പെടാം. അല്ലെങ്കില്‍ ഇല്ലാത്ത
ദൈവത്തിനു വേണ്ടി ജീവിതകാലം മുഴുവന്‍ ചോരയൊഴുക്കാം.ഏതു വേണമെന്ന് നിശ്ചയിക്കുന്നത്
നിങ്ങളിലെ ത്യാജ്യഗ്രാഹ്യബുദ്ധിയുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ചായിരിക്കും.
Comments