#ദിനസരികള്‍ 75
അമ്മ
സൈറയില്‍ നിന്ന് കിട്ടിയ 1500 രൂപയുമായി വസ്ത്രം വാങ്ങാന്‍ ഡല്‍ഹിയിലേക്ക് തിരിച്ച
ജുനൈദ് ഖാന്‍ എന്ന പതിനഞ്ചുവയസ്സുകാരന്‍ അസ്വാട്ടി റയില്‍സ്റ്റേഷനില്‍ ഒരു സംഘം
ഹിന്ദുതീവ്രവാദികളുടെ ആക്രമണത്തില്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു.അവനൊരു മുസ്ലിമായിപ്പോയി
എന്ന ഒറ്റ കാരണത്താലാണ് കൊല്ലപ്പെട്ടത്. അവന്റെ സഹോദരങ്ങള്‍ക്കും ഗുരുതരമായ
പരിക്കേറ്റ് ചികിത്സയിലാണ്.
ഒറ്റപ്പെട്ട വാര്‍ത്തയൊന്നുമല്ല.വീട്ടില്‍ ആട്ടിറച്ചി
സൂക്ഷിച്ചതിന് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലക്ക് എന്ന മുസ്ലിമിനെ
വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി തല്ലിക്കൊന്നത് നാം
മറന്നിട്ടില്ലല്ലോ.അത്താഴം കഴിച്ച് കുടുംബത്തോടൊപ്പം ഉറങ്ങാന്‍
തയ്യാറെടുക്കുകയായിരുന്ന അഖ്‌ലക്കിനെ തല്ലിക്കൊല്ലാന്‍ ഭ്രാന്തിളകിയ ജനക്കൂട്ടത്തിന്
മടിയേതുമുണ്ടായിരുന്നില്ല.കാരണം അയാളൊരു മുസ്ലീമാണല്ലോ
പെഹ്‌ലൂഖാന്‍. രാജസ്ഥാനില്‍ നിന്ന് ഹരിയാനയിലേക്ക്
കന്നുകാലികളെ കടത്തുന്നു എന്നാക്ഷേപിച്ചുകൊണ്ട് സംഘപരിവാരം അടിച്ചുകൊന്ന മറ്റൊരു
മുസ്ലിം മത വിശ്വാസി.ജുനൈദിന്റെ ഹരിയാനയിലെ ജയ്സിങ്ങ്പൂര്‍ നിവാസി തന്നെയായ പെഹ്‌ലൂഖാന്‍
ചെയ്ത കുറ്റം ആട്ടിറച്ചി കഴിച്ചു എന്നതായിരുന്നു.
പശുമോഷ്ടാക്കളെന്ന് ആരോപിച്ച് മൂന്നുപേരെ പശ്ചിമബംഗാളില്‍
തല്ലിക്കൊന്നു.മുഹമ്മദ് നസീറുല്‍ , മുഹമ്മദ് സമീറുദ്ദീന്‍ , നസീര്‍ എന്നിവരാണ്
കൊല്ലപ്പെട്ടത്.എല്ലാവരും മുപ്പതിനോടടുത്ത പ്രായമുള്ളവര്‍.എല്ലാവരും
പശുരാഷ്ട്രീയത്തിന്റെ ഇരകള്‍.
എണ്ണിപ്പറയാന്‍ തുടങ്ങിയാല്‍ ഇനിയുമുണ്ട്. മുസ്ലിമായിപ്പോയി
എന്ന ഒറ്റക്കാരണമല്ലാതെ കൊല്ലപ്പെടാന്‍
മറ്റൊന്നുംതന്നെ ആവശ്യമില്ലാത്ത സാഹചര്യത്തിലൂടെയാണ് ഇന്ത്യ
കടന്നുപോകുന്നത്. പൊളിറ്റിക്കല്‍ ഹിന്ദുത്വയുടെ അജണ്ടകള്‍ വളരെ കൃത്യമായ
ആസൂത്രണങ്ങളിലൂടെ നടപ്പിലാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഉണ്ടാക്കപ്പെടുന്ന സംഘര്‍ഷങ്ങളുടെ
ഉദ്ദേശം വര്‍ഗ്ഗീയധ്രൂവീകരണങ്ങള്‍ മാത്രമാകുന്നു.
ജനങ്ങള്‍
പരസ്പരം കൂടുതല്‍ കൂടുതല്‍ അകന്നുകൊണ്ടിരിക്കുന്നു. പരസ്പരം സ്നേഹവും ബഹുമാനവും
ഉണ്ടാക്കിയെടുക്കേണ്ടതിനു പകരം വിദ്വേഷം വിതക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നു.
ജനങ്ങള്‍ വിഘടിച്ചുതന്നെ നില്ക്കണം എന്ന് ആഗ്രഹിക്കുന്നവരില്‍ നരേന്ദ്രമോഡിയും സര്‍ക്കാറും
ഒന്നാമതാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പ്രണബ് മുഖര്‍ജിയുടെ ഇഫ്താര്‍
വിരുന്നില്‍ നിന്ന് വിട്ടു നിന്നതോടെ , ഇന്ത്യയിലെ മുസ്ലിംവിഭാഗത്തോട്
സമരസപ്പെട്ടുപോകാന്‍ ഞങ്ങള്‍ തയ്യാറല്ല എന്ന സന്ദേശമാണ് പ്രധാനമന്ത്രിയും കൂട്ടരും
നല്കുന്നത്. തടയേണ്ടതിനു പകരം ഇന്ത്യയുടെ
പ്രധാനമന്ത്രി തന്നെ പ്രകോപനത്തിന് ആക്കം കൂട്ടുമ്പോള്‍ നാമിനി ആരിലാണ് പ്രതീക്ഷ
അര്‍പ്പിക്കുക?
Comments