#ദിനസരികള്‍ 128
#ദിനസരികള്‍ 128
എന്തിനാണ് ഒരാള്‍
എഴുതുന്നത് ? ഏറ്റവും
സാധാരണമായ അര്‍ത്ഥത്തില്‍ ഒരാശയത്തെ വിനിമയം ചെയ്യുന്നതിനാണ് എഴുത്തിനെ , അഥവാ
ഭാഷയുടേതായിട്ടുള്ള മുഴുവന്‍ പ്രയോഗരൂപങ്ങളേയും നാം ഉപയോഗിക്കുന്നത്. ഭാഷയെ
എത്രമാത്രം സങ്കീര്‍ണമാക്കിയാലും ആശയവിനിമയം ചെയ്യുക എന്നതിനപ്പുറം മറ്റൊരു
ലക്ഷ്യത്തേയും ഉന്നം വെക്കുക വയ്യ.കടത്തുകാരനെ കൂവി വിളിക്കുന്ന യാത്രികനും ജ്ഞാനപീഠത്തിലിരുന്ന സാഹിത്യസല്ലാപം
ചെയ്യുന്ന എഴുത്തുകാരനും ചെയ്യുന്നത് ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍
ഒരാശയത്തെ പ്രചരിപ്പിക്കുക തന്നെയാണ്. ( കൂവുന്നതിന് ഭാഷ വേണോ എന്ന് പുരികം
ചുളിക്കുന്നവരെ കാണാതിരിക്കുന്നില്ല.കൂവല്‍ വെറും ഒച്ച അഥവാ ശബ്ദമുണ്ടാക്കല്‍
മാത്രമാണെങ്കിലും ഭാഷയുടെ അഴകളവുകളുടെ പരിധിയില്‍ വരുന്നില്ലെങ്കിലും ആശയത്തെ
വിനിമയം ചെയ്യുന്നു എന്ന ഉദ്ദേശത്തെ നടപ്പിലാക്കുന്നു എന്നുളളതുകൊണ്ടാണ്
കൂട്ടുപിടിച്ചത്. സാഹിത്യം സമം കൂവല്‍ എന്ന് ചിന്തിക്കുന്നില്ല )
സ്നേഹഭാജനതയാർന്ന
ഹൃത്തിതിൽ
ദേഹമിങ്ങനെ വെടിഞ്ഞു പാറ്റപോൽ
മോഹമാർന്നു പരമാം മഹസ്സഹോ
മോഹനാംഗി തഴുകിക്കഴിഞ്ഞവൾ എന്ന് വായിക്കുമ്പോഴും
ദേഹമിങ്ങനെ വെടിഞ്ഞു പാറ്റപോൽ
മോഹമാർന്നു പരമാം മഹസ്സഹോ
മോഹനാംഗി തഴുകിക്കഴിഞ്ഞവൾ എന്ന് വായിക്കുമ്പോഴും
അരിയുണ്ടെന്നാലങ്ങേര്‍ അന്തരിക്കുകില്ലല്ലോ എന്ന്
വായിക്കുമ്പോഴും കാര്യം ഒന്നേയുള്ളു ആളു മരിച്ചിരിക്കുന്നു. ( ഭാഷയില്‍ തൊങ്ങലുകള്‍
കെട്ടിയും അലുക്കുകള്‍ തൂക്കിയും മരണത്തെ എത്രമാത്രം അനുവാചകനെ അനുഭവിപ്പിക്കാന്‍
കഴിയുന്നു എന്നതിന്റെ കണക്കും കാര്യവും വേറെയാണ്.അത് ഭാവനയുടെ ഏറ്റക്കുറച്ചിലുകളെ
അടിസ്ഥാനപ്പെടുത്തിയുള്ളതായതിനാല്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നുമില്ല. )
മരിച്ചിരിക്കുന്നു എന്ന ആശയത്തെ വിനിമയം ചെയ്യുന്നതിനോടൊപ്പം കവി
ഉപയോഗിച്ചിരിക്കുന്ന ഭാഷാപരമായ മറ്റു ധാരാളിത്തങ്ങളെ ഓരോന്നായി വെട്ടിക്കളയുക.
നിങ്ങള്‍ എത്തിച്ചേരുക മരണത്തിലേക്കായിരിക്കും. അനുവാചകനെ തങ്ങള്‍ക്കിഷ്ടമുള്ളിടത്തേക്ക്
കൈപ്പിടിച്ചു കൂട്ടിക്കൊണ്ടു പോകാന്‍ കഴിയുക എന്നതാണ് ഒരു എഴുത്തുകാരന് വേണ്ട
പ്രഥമവും പ്രധാനവുമായ യോഗ്യത.അതിനായി ഉപയോഗിക്കേണ്ട ഭാഷയേത് എന്നത് അവന്റെ
ഭാവനാശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മുള്ളുമുരട് മൂര്‍ഖന്‍ പാമ്പും
കല്ലുകരടു കാഞ്ഞിരക്കുറ്റിയും മുതല്‍ ശില്പിതന്ത്രം എത്തിനോക്കിയിട്ടില്ലാത്ത
വൃത്തമാണെന്നോ ചതുരമാണെന്നോ പറയാന്‍ കഴിയാത്ത കുടില്‍ക്കകം പോലും നിര്‍മിച്ചെടുക്കാന്‍
കവിക്കു കഴിയുമെങ്കിലും അതാതുകള്‍ വിനിമയം ചെയ്യുന്നത് എന്താണെന്ന് പിന്‍പറ്റുന്നവര്‍ക്ക്
മനസ്സിലാകണം.
പറഞ്ഞു
വരുന്നത് ഇത്രയേയുളളു. കവി പറയുന്നതെന്താണെന്ന് വായനക്കാരന് മനസ്സിലാകണം.അങ്ങനെ
മനസ്സിലാകണമെങ്കില്‍ കവിമനസ്സില്‍ കലങ്ങാത്ത , തെളിമയാര്‍ന്ന ആശയങ്ങളുടെ ഒരു
പ്രപഞ്ചമുണ്ടാകണം.കലങ്ങിയ കിണറ്റില്‍ നിന്നെടുക്കുന്ന വെള്ളവും
കലങ്ങിയിട്ടുണ്ടാകുമെന്നതുപോലെ തന്നെ തെളിച്ചമില്ലാത്ത മനസ്സില്‍ നിന്നാണ് കവി
കവിത കണ്ടെത്തുന്നതെങ്കില്‍ സംവേദനശേഷിയില്ലാത്ത ഒന്നായി അതുമാറും. (ആ
തെളിച്ചമില്ലായ്മയാണ് കവിത ദുര്‍ഗ്രഹമാകാനുള്ള കാരണം.) അങ്ങനെയായാല്‍ ഭാഷയുടെ
അടിസ്ഥാന സ്വഭാവമായ ആശയവിനിമയത്തിന് അത് അപര്യാപ്തമാകുകയും കവി പരാജയപ്പെടുകയും
ചെയ്യും.സമകാലിക കവികള്‍ അനുഭവിക്കുന്ന പ്രധാനപ്രശ്നം ഇതുതന്നെയാണ്.ഒന്നും
പറയാനില്ലാതിരിക്കുകയും എന്നാല്‍ എന്തെങ്കിലും പറയേണ്ടിവരുകയും ചെയ്യുന്നതല്ലേ
ദുരന്തം ?
Comments