#ദിനസരികള്‍ 125
ഡി വൈ എഫ് ഐ ഒരു
പ്രതീക്ഷയാണ്. വരുംകാലത്തേക്കുള്ള നന്മകള്‍ ഡി വൈ എഫ് ഐയുടെ തണലില്‍ അണിനിരക്കുന്ന
യുവസഹസ്രങ്ങളിലൂടെ നടപ്പിലാക്കാന്‍ കഴിയും എന്ന പ്രതീക്ഷ. ജാതിമതാദികളുടെ
പേക്കൂത്തുകള്‍ കളങ്കപ്പെടുത്തുന്ന വര്‍ത്തമാനകാലസാഹചര്യങ്ങളെ മുറിച്ചു കടക്കുന്നതിനും
വിദ്വേഷപ്രചാരകരുടെ കുപ്രചരണങ്ങളില്‍ വീണുപോകാതെ ഒരു ജനതയുടെ കാവലാളാകുന്നതിനും ഈ
യുവാക്കള്‍ക്ക് കഴിയുമെന്ന പ്രതീക്ഷ. നാളെ വിടരേണ്ടതും തണല്‍ വിരിക്കേണ്ടതുമായ
പൂമരങ്ങളാണ് ഈ യുവാക്കളെന്ന പ്രതീക്ഷ. ആ
പ്രതീക്ഷയെ സാര്‍ത്ഥകമാക്കുന്നതായിരുന്നു ഓഗസ്റ്റ് പതിനഞ്ചിന് ഡി വൈ എഫ് ഐ നടത്തിയ
പ്രതിരോധ സംഗമം.
പങ്കാളിത്തം കൊണ്ടും ഉന്നയിച്ച മുദ്രാവാക്യത്തിന്റെ അര്‍ത്ഥവ്യാപ്തികൊണ്ടും
സവിശേഷമായ ശ്രദ്ധ പിടിച്ചു പറ്റിയ പ്രകടനമായിരുന്നു മാനന്തവാടിയിലെ ഗാന്ധിപാര്‍ക്കില്‍
ഡി വൈ എഫ് ഐയുടെ സഖാക്കള്‍ നടത്തിയത്. ഭാവനാ സമ്പന്നവും അച്ചടക്കത്തോടെ
നടത്തിയതുമായ പ്രസ്തുത പരിപാടി , ഇക്കാലത്ത് മതനിരപേക്ഷതയെ സംരക്ഷിക്കുവാന്‍
ആരുണ്ട് എന്ന ചോദ്യത്തിന് ഉത്തരമായി.ഇരുണ്ട
കാലത്തിലേക്ക് സമുഹത്തെ നയിക്കുന്ന എല്ലാവിധ ദുഷ്ടശക്തികള്‍ക്കുമെതിരെ പോരാടുവാനും
പ്രതിരോധം തീര്‍ക്കുവാനും ഞങ്ങള്‍ എന്നും പോരാട്ടമുഖങ്ങളുടെ
മുന്നണിയിലുണ്ടായിരിക്കും എന്ന വിശ്വസനീയമായ പ്രഖ്യാപനമാണ് ഈ സംഗമത്തിലൂടെ ഡി വൈ
എഫ് ഐ നടത്തിയത്.
പ്രതിരോധ സംഗമം ഉദ്ഘാടനം സ്വരാജ് തീര്‍ത്തത് വ്യക്തവും
കൃത്യവുമായ ഒരു വാങ്മയശില്പം തന്നെയായിരുന്നു.സമകാലിക ഇന്ത്യയെ ഭീതിയുടെ നിഴലില്‍
നിറുത്തി തങ്ങളുടെ മതാധിഷ്ഠിത അജണ്ടകളെ അടിച്ചേല്പിക്കുന്ന മരണവ്യാപാരികളയായ
ഫാസിസ്റ്റ് സഖ്യം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ നല്കിയ സംഭാവനകള്‍
വട്ടപ്പൂജ്യമായിരുന്നുവെന്നും വൈദേശികാധിപത്യത്തോടു സമരപ്പെട്ടുകൊണ്ട്
മാപ്പെഴുതിക്കൊടുത്തും വിട്ടുവീഴ്ചകള്‍ ചെയ്തും പുലര്‍ന്നു പോന്ന ഒരു
സംഘമായിരുന്നു അക്കാലത്തെന്നും സ്വരാജ് പറഞ്ഞു.നമ്മുടെ ത്രിവര്‍ണ പതാകയേയും ദേശീയ
ഗാനത്തേയും മാറ്റി കാവിക്കൊടിയും വന്ദേമാതരവും കൊണ്ടു വരണമെന്നായിരുന്നു
ആറെസ്സെസ്സിന്റെ അക്കാലത്തെ നിലപാട്. അങ്ങനെയുള്ളവര്‍ ഇന്ന് ഈ ദേശീയ ചിഹ്നങ്ങളെ തങ്ങളുടേതുമാത്രമായി
ചിത്രീകരിച്ച് ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിക്കുന്നത് അക്ഷന്തവ്യമായ
അപരാധമാണ്.
തങ്ങളെ വിമര്‍ശിക്കുന്നതില്‍ ഒട്ടും അസഹിഷ്ണുത ഇല്ലെന്നും
എന്നാല്‍ ആറെസ്സസ്സിന്റെ പ്രചണ്ഡമായ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ചട്ടുകമായി
മാധ്യമങ്ങള്‍ മാറുന്നത് ജനാധിപത്യ ഇന്ത്യയെ അപകടപ്പെടുത്തുമെന്നും സ്വരാജ്
പറഞ്ഞു.ഫാസിസ്റ്റ് ശക്തികളുടെ വ്യാജപ്രചാരണങ്ങള്‍ക്ക് വഴിപ്പെട്ടുകൊണ്ടു ഡി വൈ എഫ്
ഐക്കെതിരേയും മറ്റു പുരോഗമനപ്രസ്ഥാനങ്ങള്‍ക്കെതിരേയും അടിസ്ഥാന രഹിതമായ
ആരോപണങ്ങളുന്നയിച്ച് തങ്ങളുടെ വീര്യം തകര്‍ക്കാമെന്ന ധാരണ അവസാനിപ്പിക്കണം.
മുഹമ്മദ് അഖ്‌ലക്കിന്റെ ദുര്‍ഗ്ഗതി ഡി വൈ എഫ് ഐ അവിടെ ഉണ്ടായിരുന്നെങ്കില്‍
സംഭവിക്കില്ലായിരുന്നു.അത് മാധ്യമങ്ങള്‍ തിരിച്ചറിയണമെന്നും ഇന്നത്തെ പ്രചാരത്തിന്
വേണ്ടി തങ്ങള്‍ക്കെതിരെ നുണകള്‍ എഴുതിപ്പിടിപ്പിച്ച് അനാവശ്യമായി പ്രതിക്കൂട്ടിലാക്കി
സംഘപരിവാരത്തെ സഹായിച്ചാല്‍ , അത് ജനാധിപത്യത്തിന് തുരങ്കം
വെക്കുന്നതായിപ്പോകും.ഡി വൈ എഫ് ഐയും പുരോഗമനപ്രസ്ഥാനങ്ങളും ഇവിടെ
ഇല്ലാതാകണമെന്നാണ് ഫാസിസ്റ്റുകള്‍ ആഗ്രഹിക്കുന്നത്. അതിനെ മാധ്യമങ്ങള്‍
സഹായിക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ല എന്ന സ്വരാജിന്റെ താക്കീത് ജനാധിപത്യ
മതേതരവിശ്വാസികളുടെ കൂടി നിലപാടാണ്. അതുകൊണ്ട് ഡി വൈ എഫ് ഐ നടത്തിയ പ്രതിരോധ
സംഗമത്തിന്റെ അന്തസ്സത്ത നമ്മുടെ സമൂഹം ഉള്‍ക്കൊള്ളാനും മാനവിക മൂല്യങ്ങളെ
മുറുകെപ്പിടിക്കാനും തയ്യാറാകണം എന്ന
ആവശ്യത്തിന് എന്നത്തെക്കാളും പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന് പൊതുസമൂഹം
തിരിച്ചറിയണം.
Comments