#ദിനസരികള്‍ 126


ബാലചന്ദ്രന്‍ ചുള്ളിക്കാട് വിമര്‍ശിക്കപ്പെടുന്നു എന്ന ലേഖനത്തിലൂടെ സജയ് കെ വി ഒരു വിഗ്രഹത്തെ ഉടക്കാന്‍ ശ്രമിക്കുകയാണ്. മലയാളികളെ തീക്ഷ്ണഭാഷയുടെ അമ്ലം രുചിപ്പിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് ആ വിഗ്രഹം.ചുള്ളിക്കാട് പ്രസരിപ്പിക്കുന്ന സ്തോഭജന്യമായ വൈകാരിക അന്തരീക്ഷത്തില്‍ നിന്ന് മാറി നിന്നുകൊണ്ട് ആ കവിത എന്താണെന്ന് ഒരു വിമര്‍ശകന്റെ ത്യാജ്യഗ്രാഹ്യബുദ്ധിയോടെ വിലയിരുത്തുകയാണ് സജയ് ചെയ്യുന്നത്. ആരാധകരുടെ നെഞ്ചില്‍ ചവിട്ടിനിന്നുകൊണ്ട് വിമര്‍ശകന്‍ , കവിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് , കവിയുടെ കൃതികളെക്കൊണ്ടുന്നെ സാക്ഷ്യം പറയിപ്പിക്കുന്ന കാഴ്ച നമുക്ക് ഈ ലേഖനത്തില്‍ കണ്ടെത്താന്‍ കഴിയും.അനേകം നിഷ്കളങ്കമായ ചെറുപ്പങ്ങള്‍ ആരാധിച്ചു വഷളാക്കിയ കവിയുടെ വിഗ്രഹത്തിന് കളിമണ്‍ പാദങ്ങളാണുണ്ടായിരുന്നതെന്ന് വ്യസനപൂര്‍വ്വം തിരിച്ചറിയുകയാണ്. കുതിരയായി നടിച്ചു നടന്നത് വാസ്തവത്തില്‍ ഒരു കഴുതയായിരുന്നു എന്നും.എന്ന് ആക്ഷേപിക്കുന്ന വിമര്‍ശകന്റെ വാക്കുകള്‍ , പക്ഷേ കവിയുടെ ആരാധകര്‍ക്ക് കര്‍ണശൂലങ്ങളായി മാറിയേക്കാം.
            അത്യുക്തിയുടെ അരങ്ങാണ് ബാലചന്ദ്രന്റെ കവിത എന്നാണ് ലേഖകന്റെ ആക്ഷേപം. ആലിംഗനത്തെ വൈദ്യുതാലിംഗനമായും ശൈത്യത്തെ ശവശൈത്യമായും വിസ്കിയെ കടുവിസ്കിയായും വാറ്റു ചാരായത്തെ നരകതീര്‍ത്ഥമായും പരിണമിപ്പിച്ചെടുക്കുമ്പോള്‍ കവി , അറിഞ്ഞോ  അറിയാതെയോ അത്യുക്തിയുടെ വക്താവാകുകയാണ് ചെയ്യുന്നതെന്ന് സജയ് ആക്ഷേപിക്കുന്നു.സ്തോഭസഷ്ടിയെ മുന്‍നിര്‍ത്തി രചന നടത്തുന്ന ചുള്ളിക്കാടിന്റെ കവിത പക്ഷേ സ്തോഭം സൃഷ്ടിക്കുന്നത് കലാനിലയങ്ങളും ചില ഹൊറര്‍ സിനിമകളും മറ്റും ചെയ്യുന്ന പോലെയാണെന്ന പരിഹാസത്തിന് ഉപോത്ബലകമായ വാദമുഖങ്ങള്‍ ലേഖകന്‍ നിരത്തുന്നുണ്ട്.

            ചോരണത്തോളമെത്തുന്ന അനുകരണപ്രവണതയും കവിയില്‍ ആരോപിക്കപ്പെടുന്നുണ്ട്.ആശാനും പിയും ചങ്ങമ്പുഴയും ഇടപ്പള്ളിയും എഴുത്തച്ഛനും സച്ചിദാനന്ദനുമടക്കം ഒരു നിര മലയാളം കവികളുടേയും നെരൂദയടക്കമുള്ള ഇംഗ്ലീഷ് കവികളുടേയും സമര്‍ത്ഥമായ ഒരു കലര്‍പ്പാണ് ബാലചന്ദ്രനെന്ന് ഈ ലേഖനം സൂചിപ്പിക്കുന്നു.മരണം രോഗം രതി എന്നീ വീര്യമേറിയ മൂക്കൂട്ടുകൊണ്ടു നിര്‍മിച്ചെടുത്തതാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത എന്ന് വിമര്‍ശകന്‍ നിഷേധിക്കാനാവാത്ത വിധത്തില്‍ ഉദാഹരണങ്ങള്‍ നിരത്തി പറയുമ്പോള്‍ മനസ്സിലിട്ടു ആരാധിച്ച് കൊണ്ടു നടന്നിരുന്ന ആ തിരുരൂപം വെറും നിഴലായിരുന്നെന്നോ എന്ന സംശയം അനുവാചകനില്‍ ഒരു നിമിഷനേരത്തേക്കെങ്കിലും ഒരു ഉണ്ടാക്കാന്‍ ഈ ലേഖനത്തിന് കഴിഞ്ഞുവെങ്കില്‍ ഒരു വിമര്‍ശകനെന്ന നിലയില്‍ സജയ് കെവി വിജയിച്ചിരിക്കുന്നുവെന്നുവേണം പറയാന്‍. അവസാനമായി പറഞ്ഞത് ശരിയാണെങ്കിലും തെറ്റാണെങ്കിലും ഉത്തമാംഗം മുതല്‍ ഉള്ളംകാലുവരെ തഴുകിത്തലോടുന്ന സമകാലിക മലയാള നിരൂപണ സഹകരണസംഘത്തില്‍ അംഗത്വമെടുക്കാത്തവര്‍ ഇനിയുമുണ്ടെന്ന സന്തോഷം കൂടി ഇവിടെ പങ്കുവെക്കട്ടെ.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം