#ദിനസരികള്‍ 124


സ്വാതന്ത്ര്യദിനാശംസകള്‍. അധിനിവേശത്തിന്റെ നൂറ്റാണ്ടുകളിലൂടെ കടന്നുപോന്ന ഭാരതീയ ജനത തങ്ങളെ അമര്‍ത്തിപ്പിടിച്ചും അടക്കിഭരിച്ചും ഭരണം കൈയ്യാളിയ വിദേശികളുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് വിടുതല്‍ നേടിയതിനുപിന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ സ്വജീവന്‍ പോലും ബലി കഴിച്ച് ഭാരതത്തിന്റെ തെരുവീഥികളെ തങ്ങളുടെ ഹൃദ്രക്തം കൊണ്ട് ചുവപ്പിച്ച ഒരു ജനസഞ്ചയത്തിന്റെ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളാണെന്ന തിരിച്ചറിവ് നമ്മെ ആവേശപ്പെടുത്തുന്നില്ലെങ്കില്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യബോധങ്ങളെ യാന്ത്രികമായെങ്കിലും ആവിഷ്കരിക്കുവാനും പിന്‍പറ്റുവാനും ശ്രമിക്കുന്നില്ലെങ്കില്‍  ചരിത്രത്തിലെ ഏറ്റവും നന്ദി കെട്ട ഒരു ജനതയായി നാം വിലയിരുത്തപ്പെടുമെന്നതിനാല്‍ , വൈദേശികാധിപത്യത്തിനെതിരെ ഉയര്‍ന്ന ദുര്‍ബലവും എന്നാല്‍ മഹത്തരവുമായ ആദ്യപ്രതികരണം മുതല്‍ ഒരു ജനത ഒറ്റക്കെട്ടായി , ഒരു ശരീരവും ഒരു മനസ്സുമായി,സ്വാതന്ത്ര്യം തങ്ങളുടെ ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടു പ്രചണ്ഡമായ ഒരു മുന്നേറ്റമായി പരിണമിച്ച് ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ അസുലഭ നിമിഷം വരെ തങ്ങളുടേതായിട്ടുള്ള എല്ലാത്തിനേയും ത്യജിച്ച , സ്വാര്‍ത്ഥ ബുദ്ധി തൊട്ടുതീണ്ടിയിട്ടില്ലാത്ത ഓരോ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും വേണ്ടി , നാം പരസ്പരം ആശംസകളെങ്കിലും കൈമാറാതിരിക്കുന്നതെങ്ങനെ ?
ചോരമണക്കുന്ന വീരേതിഹാസങ്ങളുടെ ചൂടും ചൂരുമടങ്ങാത്ത , ഇപ്പോഴും , ഈ എഴുപതിയൊന്നാം സ്വാതന്ത്ര്യ ദിനത്തിലും ത്രസിപ്പിക്കുന്ന കഥകളിലൂടെ നമുക്ക് വീര്യം പകരുന്ന ധീരയോദ്ധാക്കളുടെ പിന്തലമുറയാണ് തങ്ങളെന്ന്  അഹങ്കാരത്തോടെ ഊറ്റം കൊള്ളുന്ന നമുക്ക് , സ്വാതന്ത്ര്യസമരത്തിന് വേണ്ടി ത്യാഗം ചെയ്തവര്‍ ഉയര്‍ത്തിപ്പിടിച്ച എന്തു മൂല്യമാണ് ഇപ്പോഴും നാം പിന്തുടരുന്നതായി ലോകത്തിന് കാണിച്ചു കൊടുക്കാനുള്ളത് ? അടുത്ത തലമുറയിലേക്ക് കൈമാറാനുള്ളത് ? നമ്മുടെ രാജ്യം മതത്തിന്റേയും ജാതിയുടേയും പേരില്‍ തുണ്ടം തുണ്ടമായി വെട്ടി നുറുക്കപ്പെട്ടിരിക്കുന്നു. വിവേചനങ്ങളുടെ വേലിയേറ്റത്തില്‍ മനുഷ്യന്‍ കള്ളികളിലേക്ക് ചുരുക്കപ്പെട്ടിരിക്കുന്നു.സവര്‍ണനും അവര്‍ണനും തമ്മിലുള്ള അന്തരം വര്‍‌ദ്ധിച്ചിരിക്കുന്നു. ആരൊക്കെയോ  വരക്കുന്ന കളങ്ങളിലേക്ക് നമ്മൂടെ സ്വാതന്ത്ര്യത്തിന്റെ അതിര്‍ത്തികള്‍ ചുരുക്കപ്പെട്ടിരിക്കുന്നു.ആ വട്ടം വിശാലമായ സ്വാതന്ത്ര്യമാണെന്ന് നാം നമ്മെത്തന്നെ അഭിനയിച്ച് വിശ്വസിപ്പിക്കുന്നു. നാം എന്തു തിന്നണമെന്നും എന്തുടുക്കണമെന്നും എന്തു പറയണമെന്നുമൊക്കെയുള്ള വാറോലകള്‍ രാഷ്ട്രീയാധികാരികളില്‍ നിന്നെന്ന പോലെ മതാധികാരികളില്‍ നിന്നും പുറപ്പെടുന്നു. രണ്ടു കൂട്ടരും ചേര്‍ന്ന് പ്രതികരിക്കാത്ത മുഖമില്ലാത്ത ഒരു  ജനതയായി നമ്മെ മാറ്റിയെടുക്കുന്നു. ഒരു ജനത എന്ന നിലയില്‍ നാം പരാജയപ്പെട്ടിരിക്കുന്നു. വര്‍ത്തമാനകാല പരിതസ്ഥിതി സ്വതന്ത്രമായി നമ്മെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നത് വസ്തുതയായിരിക്കേ ഞാന്‍ നിങ്ങള്‍ക്കും നിങ്ങളെനിക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതെങ്ങനെ ?

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1