Sunday, August 13, 2017

#ദിനസരികള്‍ 123


പൈങ്കിളി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ജനപ്രിയസാഹിത്യത്തില്‍ പി അയ്യനേത്തിനുള്ള സ്ഥാനം ആര്‍ക്കും അവഗണിക്കുക വയ്യ. ജനപ്രിയതയില്‍ ഒട്ടും പിന്നിലല്ലാത്ത അദ്ദേഹം മരിച്ചപ്പോള്‍ തകഴിക്കോ , ഉറൂബിനോ , പൊറ്റക്കാട്ടിനോ ,ബഷീറിനോ, ചെറുകാടിനോ കിട്ടിയ മാധ്യമശ്രദ്ധ എന്തുകൊണ്ട് കിട്ടിയില്ല എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് പി ഗോവിന്ദപ്പിള്ള സാംസ്കാരിക ഭൌതികവാദവും പൈങ്കിളിയുടെ ശാപമോക്ഷവും എന്ന ലേഖനം തുടങ്ങുന്നത്.ജനപ്രിയ സാഹിത്യത്തോട് നമ്മുടെ വരേണ്യ നിരൂപകന്മാര്‍ക്ക് മതിപ്പു കുറവായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പി ജി ആക്ഷേപിക്കുന്നു.കാരണം അത്തരം കൃതികള്‍ക്ക് സാഹിത്യമൂല്യം തുലോം കുറവാണെന്ന സങ്കല്പമാണ് നിരൂപകര്‍ക്ക് ഉള്ളത്.എന്തുകൊണ്ടാണ് നിരൂപകര്‍ ഇങ്ങനെ ചിന്തിക്കുന്നത് ?
            റെയ്മണ്ട് വില്യംസിന്റെ സാംസ്കാരിക ഭൌതികവാദം ( Cultural Materialism ) ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. സമൂഹത്തെ രണ്ടോ മൂന്നോ തരത്തില്‍ വിഭജിച്ചിരിക്കുന്ന സംസ്കാരങ്ങളുടെ സമന്വയമായിട്ടാണ് നോക്കിക്കാണേണ്ടത്.അവയില്‍ ഒന്നാമത്തേത് , വരേണ്യ അഥവാ മേലാള സംസ്കാരമെന്നും രണ്ടാമത്തേത് അടിയാള അഥവാ കീഴാള സംസ്കാരമെന്നും തിരിച്ചിരിക്കുന്നു. ഇവ രണ്ടിനുമിടയില്‍ ഒരു ഇടനില അഥവാ മധ്യവര്‍ഗ്ഗ സംസ്കാരം കൂടി ഉരുത്തിരിഞ്ഞു വരുന്നു. ജനപ്രിയസാഹിത്യത്തെ കീഴാളസംസ്കാരത്തിന്റെ ഉത്പന്നമായിട്ടാണ് മേലാളര്‍ കാണുന്നത്. കീഴാളരുടേതായി സങ്കല്പിക്കപ്പെട്ടുപോരുന്ന എന്തിനേയും അനഭിജാത(?)മായി കാണാനും വിലയിരുത്തുവാനുമാണല്ലോ മേലാളസംസ്കാരം എപ്പോഴും ശ്രമിക്കാറുള്ളത്. അത്തരം വിലയിരുത്തലുകളുടെ ഭാഗമായിട്ട് ജനപ്രിയസാഹിത്യത്തിന് വരേണ്യസാഹിത്യത്തെ അപേക്ഷിച്ച് അപകര്‍ഷതയുണ്ട് എന്ന ധാരണ പരത്താന്‍ മേലാളവര്‍ഗ്ഗത്തിന് കഴിയുന്നു.അത് അവര്‍ക്ക് എളുപ്പവുമാണ്. കാരണം അധികാരവും ആള്‍ബലവുമൊക്കെ എല്ലാക്കാലത്തും മേലാളരോടൊപ്പമാണല്ലോ.
            സാംസ്കാരിഭൌതികവാദം മുന്നോട്ടു വെക്കുന്ന ആശയമണ്ഡലങ്ങള്‍ അതിസൂക്ഷ്മമായി മനസ്സിലാക്കപ്പെടേണ്ട ഒന്നാണ്. അധികാരവും അധികാരമില്ലായ്മയും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ എല്ലാക്കാലത്തും നിലനിന്നിരുന്ന സമൂഹങ്ങളിലെ ആവിഷ്കരണോപാധികള്‍ , അധികാരികളുമായി ചേര്‍ന്നു നില്ക്കുന്നതിനാണ് താല്പര്യപ്പെടുന്നത് എന്ന കാര്യം സ്പഷ്ടമാണ്.ഈ താല്പര്യത്തോട് ഇടയുകയും ഏറ്റുമുട്ടുകയും ചെയ്യുന്നതാണ് നിര്‍മാണാത്മകമായ എല്ലാ മുന്നേറ്റങ്ങളുടേയും കാരണം.അതുകൊണ്ട് സാംസ്കാരികധാരയില്‍ മേലാളന്മാര്‍ക്ക് മാത്രമല്ല , കീഴാളന്മാര്‍ക്കും മധ്യവര്‍ത്തികള്‍ക്കും തുല്യപ്രാധാന്യമുണ്ട് എന്നു വേണം ഒരാധുനിക സമൂഹം വിലയിരുത്താന്‍. വരേണ്യസാഹിത്യത്തിന് ഇല്ലാത്ത ഒരു കോട്ടവും ജനപ്രിയസാഹിത്യത്തിനുമില്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.
            ജാതിയുമായോ വര്‍ഗ്ഗങ്ങളുമായോ മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് സാംസ്കാരിഭൌതികവാദം  എന്ന് ധരിക്കരുത്.അത് വ്യക്തിയുടെ ഉള്ളിലെ വൈരുധ്യങ്ങളെപ്പോലും വിലയിരുത്തുന്നു.ഒരു ചെറിയ കുറിപ്പില്‍ അത് വിശദീകരിക്കുക അസാധ്യമാണ്. പക്ഷേ , ആര്‍ത്തവത്തോടുള്ള പ്രതിലോമകരമായ സമീപനം രണ്ടു സംസ്കാരങ്ങളുടെ ഏറ്റുമുട്ടലാണെന്ന് പറയുമ്പോള്‍ കുറച്ചൊന്ന് വ്യക്തമാകുമെന്ന് പ്രതീക്ഷിക്കട്ടെ.


Post a Comment