#ദിനസരികള്‍ 293
കെ പാനൂരിന്റെ കേരളത്തിലെ
ആഫ്രിക്ക എന്ന പുസ്തകം കൊറഗര്‍, അടിയര്‍, കുറിച്യര്‍, പണിയര്‍, കാട്ടുനായ്ക്കര്‍,
കുറുമര്‍ മുതലായ ആദിവാസി വിഭാഗങ്ങളുടെ ശോചനീയമായ ജീവിതങ്ങളെ
ചൂണ്ടിക്കാണിക്കുന്നു.നമുക്കിടയില്‍ നമ്മെപ്പോലെ രൂപസാദൃശ്യമുള്ള എന്നാല്‍ മൃഗസദൃശമായ
ജീവിതം നയിക്കുന്ന ഇവരെക്കുറിച്ച് കേവലം കൌതുകം എന്നതിനപ്പുറം ഇന്നും നമുക്ക്
മറ്റൊരു താല്പര്യവുമില്ലല്ലോ എന്ന ആശങ്കയാണ് ഈ പുസ്തകം വായിച്ചു തീര്‍ത്തുകഴിഞ്ഞാല്‍
തോന്നുക.1963 ലാണ് കേരളത്തിലെ ആഫ്രിക്ക ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്.
വയനാട്ടിലെ ആദിവാസികളുടെ ജീവിതം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടുകയും
അധികാരികളുടെ ശ്രദ്ധ പതിയാന്‍ സഹായിക്കുകയും ചെയ്ത ആദ്യത്തെ പുസ്തകം എന്ന
അഭിനന്ദനം നല്കേണ്ടതിനു പകരം ഗ്രന്ഥകാരനെ ശിക്ഷിക്കുവാനാണ് അന്നത്തെ സര്‍ക്കാര്‍
തയ്യാറായത്. അവര്‍ പുസ്തകം നിരോധിക്കുകയും സര്‍വ്വീസ് ചടങ്ങളനുസരിച്ച്
അദ്ദേഹത്തിനെതിരെ നടപടികളെടുക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍
പൊതുസമൂഹം വളരെ ഫലമപ്രദമായി ഇടപെടുകയും പ്രസ്തുതപുസ്തകത്തെ ഗുണപരമായിത്തന്നെ
വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് പിന്‍വാങ്ങേണ്ടിവന്നു.
സാഹിത്യഅക്കാദമിയുടെ വിശിഷ്ടഗ്രന്ഥത്തിനുള്ള അവാര്‍ഡ് ഈ ഗ്രന്ഥം നേടുകയുണ്ടായി.
“താഴ്വരകളിലെ
പരിഷ്കൃതരെന്ന് അഭിമാനിക്കുന്ന നമ്മപ്പോലെയുള്ളവരുടെ നിര്‍ദ്ദയവും നിരന്തരവുമായ
ചൂഷണത്തിന് നൂറ്റാണ്ടുകളായി വിധേയരാവുക മൂലം ആത്മീയവും നൈതികവും സാമ്പത്തികവും
സാമൂഹ്യവും രാഷ്ട്രീയവുമായ അധപതനത്തിന്റെ നെല്ലിപ്പടിക്കും താഴെയാണ് അവരുടെയെല്ലാം
ദുരിതദന്തുരമായ ജീവിതസ്രോതസ്സ് കലങ്ങി ചളിനിറഞ്ഞ് കിനിഞ്ഞൊലിക്കുന്നത്” എന്ന് എന്‍ വി കൃഷ്ണവാരിയര്‍ അവതാരികയിലെഴുതുന്നത് ഇക്കാലത്തും
പ്രസക്തമാണ്.ഇന്നും പരിശോധിച്ചാല്‍ കാണാം , ആദിവാസികളുടെ ജീവിതം അദ്ദേഹം പറഞ്ഞതില്‍
നിന്നും ഏറെയൊന്നും അഭിവൃദ്ധിപ്പെട്ടിട്ടില്ലെന്ന്.ചില കോളനികള്‍
അപവാദങ്ങളാണെങ്കിലും ഭൂരിഭാഗത്തിന്റേയും അവസ്ഥ തുലോം ദയനീയമാണ്.വിവിധ തലത്തിലെ
ചൂഷണങ്ങള്‍ക്ക് പക്ഷേ ഇന്നും യാതൊരു മാറ്റവുമില്ലെന്നുമാത്രം.അവതാരികാകാരന്‍
ചൂണ്ടിക്കാണിക്കുന്നതുപോലെ “ ഈ
നിര്‍ഭാഗ്യരായ മനുഷ്യരെ ഉണര്‍ത്തി ഭൌതികമായ അഭിവൃദ്ധിയിലേക്ക്
നയിക്കുകയെന്നതിനെക്കാളേറെ തങ്ങളുടെ മതത്തിലേക്ക് ആകര്‍ഷിച്ച് കൂടുതല്‍ ആളുകളെ
ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ”
പ്രവര്‍ത്തിക്കുന്നവരും ആദിവാസികള്‍ക്ക് സര്‍ക്കാറില്‍ നിന്നും ഇതര
സന്നദ്ധസംഘടനകളില്‍ നിന്നുമൊക്കെ അനുവദിച്ചുകിട്ടുന്നവയെ ഇടനിലക്കാരായി നിന്ന്
തട്ടിയെടുക്കുകയും ചെയ്യുന്നവരും അന്നത്തെപ്പോലെ ഇന്നുമുണ്ട്. എഴുതപ്പെടുന്ന
കാലത്തേയും ഇന്നത്തേയും ആദിവാസികളുടെ ജീവിതങ്ങളെ താരതമ്യം ചെയ്തുനോക്കുവാന്‍
ശ്രമിക്കുന്നവര്‍ക്ക് ഈ പുസ്തകം പ്രസക്തമായ ഒരു മാര്‍ഗ്ഗരേഖയായിരിക്കും. ഈ
പുസ്തകത്തിലെ ഓരോ അധ്യായവും ഓരോ വര്‍ഗ്ഗങ്ങളെപ്പറ്റിയാണ്
പറയുന്നതെന്നതുകൊണ്ടുതന്നെ ഓരോ അധ്യായങ്ങളേയും ഒറ്റയൊറ്റയായി ചര്‍ച്ച ചെയ്യുന്നത്
അഭികാമ്യമായിരിക്കും.
Comments