#ദിനസരികള്‍ 295
ദളിത് ചിത്രകാരനായ അശാന്തന്റെ മൃതദേഹത്തോട് കാണിച്ച
അനാദരവില്‍ കേരളം ലജ്ജിച്ചു തലകുനിക്കണം.ഉന്നതമായ സാംസ്കാരികമൂല്യങ്ങളില്‍
ജീവിക്കുന്ന ഒരു സമൂഹമാണ് മലയാളികളുടേത് എന്ന ചിന്തയുടെ യാഥാര്‍ഥ്യമെന്തെന്ന്
ലോകമാകെ ദര്‍ശിച്ച ഒരു നിമിഷമായിരുന്നു അത്. കേരളം ഉടുതുണിയില്ലാതെ നാല്കവലയില്‍
നഗ്നമാക്കപ്പെട്ടതുപോലെ.ലളിത കലാ അക്കാദമിയുടെ മുന്നില്‍ സ്ഥാപിച്ച അദ്ദേഹത്തിന്റെ
ചിത്രം വലിച്ചു കീറിക്കൊണ്ട് അദ്ദേഹത്തിന്റെ ശരീരം അകത്തേക്ക് കയറ്റിയാല്‍
കാലുതല്ലിയൊടിക്കും എന്ന് ആക്രോശിക്കുന്ന ഒരു കൂട്ടമാണ് നമ്മുടെ വിശ്വാസത്തിന്റെ ,
സംസ്കാരത്തിന്റെ കാവലാളുകളെങ്കില്‍ ഹാ കേരളമേ ലജ്ജിക്കുക എന്നല്ലാതെ മറ്റെന്തു
പറയാന്‍?
കേരളത്തില്‍ പ്രത്യേകിച്ചും ഇടതുപക്ഷം ഭരണത്തിലിരിക്കുന്ന ഈ
സന്ദര്‍ഭത്തില്‍ ഒരു കാരണവശാലും സംഭവിക്കാന്‍ പാടില്ലാത്തതാണ്
സംഭവിച്ചത്.ഏതേതൊക്കെ മൂല്യങ്ങളുടെ മൂലക്കല്ലുകളിലാണോ ഇടതുപക്ഷം എന്ന ബോധം
വേരുറപ്പിച്ചു നിറുത്തിയിരിക്കുന്നത് , അതാതു മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാന്‍
ശ്രമിച്ചുകൊണ്ട് ഒരിക്കല്‍ കേരളം ഒറ്റക്കെട്ടായി എതിരിട്ടു തോല്പിച്ച വര്‍ഗ്ഗീയ
കോമരങ്ങള്‍ കളമേറി ആഞ്ഞുതുള്ളുമ്പോള്‍ അതു നിസ്സഹായതയോടെ കണ്ടു നില്ക്കുകയല്ല
ഇടതുപക്ഷത്തിന്റെ ധര്‍മ്മം എന്ന തിരിച്ചറിവുണ്ടാകാന്‍ ഇനിയും അമാന്തമരുത്.ദളിതന്‍
അരികില്‍ക്കൂടി നടന്നാല്‍പ്പോലും അയിത്തമാചരിച്ചിരുന്ന കാലങ്ങളെ നാം എതിരിട്ടത്
ഭംഗിവാക്കുകള്‍ കൊണ്ടല്ലെന്ന് ചരിത്രം വിളിച്ചു പറയുന്നുണ്ട്. അത് കേള്‍ക്കാന്‍
നാം തയ്യാറാണോ എന്ന ചോദ്യമാണ് കാലം ഉയര്‍ത്തുന്നത്.അല്ലയെന്നാണെങ്കില്‍
വിശ്വാസത്തെ സംരക്ഷിക്കുക എന്നതാണ് മനുഷ്യത്വത്തിനും മുകളില്‍ നാം കൊടികെട്ടി
സ്ഥാപിക്കുന്ന ചിന്തയെങ്കില്‍ ചരിത്രത്തിന്റെ കുപ്പത്തൊട്ടികളിലാകും നാളെ
വരുന്നവര്‍ നമ്മെ തേടുക.
മതേരത്വത്തിന്റെ ഏതൊക്കെ തരത്തിലുള്ള മുഖംമൂടികളണിഞ്ഞാലും
അനുകൂല സന്ദര്‍ഭത്തില്‍ ഉള്ളിലെ വര്‍ഗ്ഗീയ ഭ്രാന്ത് മറനീക്കി പുറത്തുവരുന്ന
ജാതിക്കോമരങ്ങളാല്‍ സമ്പന്നമാണ് കേരളമെന്ന അപകടകരമായ അവസ്ഥ സംജാതമായിരിക്കുന്നു.അതിനെതിരെ
പ്രഥമമായും പ്രധാനമായും ജാഗ്രത പാലിക്കേണ്ടത് ഇടതുപക്ഷം തന്നെയാണ്.പക്ഷരഹിതരമായി
നില്ക്കുക എന്നതല്ല അവരുടെ കടമ മറിച്ച്,കൃത്യവും വ്യക്തവുമായ പക്ഷം സ്വീകരിക്കുക
എന്നുതന്നെയാണ്. മതഭ്രാന്തന്മാര്‍ വിതക്കുന്ന അഗ്നിയില്‍ കേരളം മുഴുവന്‍ കത്തിയമര്‍ന്നു
പോയിയെന്നു വരികിലും അശാന്തന്റെ മൃതദേഹം അക്കാദമി ഹാളില്‍ ത്തന്നെ പൊതു ദര്‍ശനത്തിന്
വെക്കണമായിരുന്നു.അതിനു കഴിയാതെ പോയി എന്നത് കേരളത്തിന്റെ , നിലനില്ക്കുന്നുവെന്ന്
നാം ഇപ്പോഴും ഊറ്റം കൊള്ളുന്ന നവോത്ഥാന മൂല്യങ്ങളുടെ പരാജയം തന്നെയാണ്.അതു
തിരിച്ചറിയുകയും തിരുത്തുകയെ ചെയ്യുകതന്നെ വേണം.
Comments