#ദിനസരികള് 558


||ചോദ്യോത്തരങ്ങള്||

ചോദ്യം :- ഇടതുപക്ഷം ശബരിമലയില് പരാജയപ്പെടുകയാണോ?

ഉത്തരം :- ശബരിമല വിഷയം ആത്യന്തികമായി ജയത്തിന്റേയും പരാജയത്തിന്റേതുമായ ഒന്നാണ് എന്ന തെറ്റായ ധാരണയില് നിന്നാണ് ഇത്തരത്തിലൊരു ചോദ്യം രൂപം കൊള്ളുന്നതുതന്നെ. ഇവിടെ ജയവും പരാജയവുമൊന്നുമില്ല.ജനാധിപത്യത്തിലെ ശരി നടപ്പിലാക്കുന്നതിനു വേണ്ടി നിയമവാഴ്ച ഉറപ്പാക്കുക എന്ന കടമ മാത്രമേ ഇടതുപക്ഷം കൈക്കൊള്ളുന്നുള്ളു. അത്തരമൊരു കടമ നിര്വഹിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഇന്ത്യയുടെ പരമോന്നത നീതിന്യായാലയമാണ്. ആ സ്ഥാപനത്തിനു കീഴില് വരുന്ന സംസ്ഥാന സര്ക്കാറിന് അതു നടപ്പിലാക്കിയേ പറ്റൂ.അഭിപ്രായ വ്യത്യാസമുള്ളവര് സമീപിക്കേണ്ടത് സംസ്ഥാന സര്ക്കാറിനെയല്ല മറിച്ച് സുപ്രിംകോടതിയെയോ കേന്ദ്രസര്ക്കാറിനെയോ ആണ്. കാരണം വിധി പുന പരിശോധിക്കാനും മാറ്റി വിധിക്കാനും സുപ്രിംകോടതിക്കും ഭരണഘടനയില് മാറ്റം വരുത്തി വിധിയെ അസാധുവാക്കാന് കേന്ദ്രസര്ക്കാറിനും മാത്രമേ കഴിയൂ.ഇവിടെ സംസ്ഥാന സര്ക്കാറിന് ഇടപെടുന്നതിന് സാധ്യതകളൊന്നുമില്ല.
ചോദ്യം :- അപ്പോള് സുപ്രിംകോടതി വിധി മാറ്റിപ്പറഞ്ഞാല് നിങ്ങളുണ്ടാക്കിയ ഈ കോലാഹലമൊക്കെ വെറുതെയാകില്ലേ ?
ഉത്തരം :- അത് കോലാഹലമുണ്ടാക്കിയവരോട് ചോദിക്കണം. ഇടതുപക്ഷമോ സംസ്ഥാന സര്ക്കാറോ ഇവിടെ യാതൊരു വിധത്തിലുള്ള കോലാഹലവും ഉണ്ടാക്കിയിട്ടില്ല.ശബരിമലയെ ആരോ നശിപ്പിക്കുന്നുവെന്ന നുണ പ്രചരിപ്പിച്ചുകൊണ്ട് സംഘപരിവാരവും കോണ്ഗ്രസ് പാര്ട്ടിയും കൈകോര്ത്തതിനെത്തുടര്ന്നാണ് സംസ്ഥാന സര്ക്കാറിനെ പ്രതിക്കൂട്ടില് നിറുത്തുവാനുള്ള ശ്രമമുണ്ടായത്. അവര് ജനങ്ങളില് നിന്നും വസ്തുതകളെ മറച്ചുവെച്ചു. ശബരിമലയില് എന്താണ് നടക്കുന്നതെന്ന് ജനങ്ങള്ക്കു മനസ്സിലായി.ഇപ്പോള് ഭരണഘടന ഭേദഗതി മാത്രമേ ഇനി മുമ്പിലുള്ളു എന്ന് രമേശ് ചെന്നിത്തല പറയുന്നു.ഇത്രയും ദിവസം അദ്ദേഹം കേരള ഗവണ്‌മെന്റിനെ ഈ വിഷയത്തെ മുന് നിറുത്തി രാഷ്ട്രീയമായി അക്രമിക്കുകയായിരുന്നുവെന്നതല്ലേ സത്യം ?

ചോദ്യം :- സുപ്രിം കോടതി വിധി മാറ്റിപ്പറഞ്ഞാല് ഇനി ഇടതുപക്ഷത്തിന് അംഗീകരിക്കാന് കഴിയാത്ത സാഹചര്യമായല്ലോ?

ഉത്തരം :- അത്തരം ഒരു സാഹചര്യവുമില്ല.ഇപ്പോള് നിലവിലുള്ള ശബരിമലയില് അവസ്ഥകളെ പരിശോധിച്ച് അവിടെ ജനാധിപത്യപരമായ അവകാശങ്ങളുടെ ലംഘനം നടന്നുവെന്ന് കണ്ടെത്തി വിധി പറഞ്ഞത് സുപ്രിംകോടതിയാണ്.ഇനി ആ വിധി പുനപരിശോധിച്ച് അവിടെ യാതൊരുവിധ ലംഘനവും നടക്കുന്നില്ലെന്നാണ് സുപ്രിംകോടതി പറയുന്നതെങ്കില് ആ വിധി അംഗീകരിക്കാനും ഇടതുപക്ഷം തയ്യാറാണ്. അതായത് ഇടതുപക്ഷത്തിന് യാതൊരു വിധത്തിലുള്ള താല്പര്യങ്ങളും ശബരിമലയിലില്ല. എന്നാല് ഭരണഘടനാപരമായ ബാധ്യതയുള്ളതുകൊണ്ടും നിയമവാഴ്ച നിലനിറുത്തേണ്ടതുകൊണ്ടും സുപ്രിംകോടതിയുടെ വിധികളെ നടപ്പില് വരുത്തുന്നുവെന്നു മാത്രം. സര്ക്കാറിന്റെ ആ കടമയെ ചോദ്യം ചെയ്യാനാണ് ഇവിടെയുള്ള സ്ഥാപിത താല്പര്യക്കാരുടെ ശ്രമമമെങ്കില് അത് അനുവദിച്ചുകൂടാത്തതാണ്.

ചോദ്യം :- അപ്പോള് ലിംഗവിവേചനമുണ്ട് എന്നൊക്കെപ്പറയുന്ന നിങ്ങളുടെ വാദങ്ങള് അസ്ഥാനത്താവില്ലേ ?

ഉത്തരം :- കുറച്ചു കൂടി ഉത്തരവാദിത്തബോധത്തോടെ കാര്യങ്ങളെ മനസ്സിലാക്കണെന്ന് അഭ്യര്ത്ഥിക്കുന്നു. ഒരാശയം എന്ന നിലയില് ലിംഗവിവേചനത്തിനെതിരെ നിലയുറപ്പിക്കുക എന്നുള്ളത് ഇടതുപക്ഷത്തിന്റെ കടമയാണ്. അതു സമൂഹത്തില് പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്തം അവര്ക്കുണ്ട് അതു ചെയ്യുന്നുമുണ്ട്. എന്നാല് ശബരിമലയില് നിയമമെന്ന നിലയില് ഉടനടി നടപ്പിലാക്കേണ്ടിവന്ന ഒന്നാണ് സുപ്രിംകോടതി വിധി.കേരളത്തിലെ ഇരുളടഞ്ഞ ചില മനസ്സുകള്ക്ക് വിശാലമായ ആ വിധിയെ ഉള്‌ക്കൊള്ളാന് കഴിഞ്ഞിട്ടില്ല എന്നുള്ളതുകൊണ്ട് വിശ്വാസത്തിന്റെ പേരില് ആളെ കൂട്ടി മുദ്രാവാക്യം വിളിക്കുന്നുവെന്നുമാത്രം. ചരിത്രത്തിലെ എത്രയെത്ര അനാചാരങ്ങളാണ് ജനങ്ങള് ഇടപെടാന് തുടങ്ങിയതോടെ മാറ്റപ്പെട്ടിട്ടുള്ളത്. അതുപോലെ കാലം ചെല്ലുമ്പോള് ഇതും കൊഴിഞ്ഞു പോയേ പറ്റൂ.ഇത്തിരി സമയം കൊണ്ട് സ്വാഭാവികമായി ഇല്ലാതാകേണ്ടത് ഈ വിധി വന്നതോടെ അല്പം വേഗത്തിലായി എന്നു മാത്രം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം