#ദിനസരികള്‍ 559
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില് നല്കിയ റിവ്യൂഹര്ജികള് നവംബര് പതിമൂന്നിന് ബഹുമാനപ്പെട്ട സുപ്രിംകോടതി പരിശോധിക്കുകയാണല്ലോ. അതിനുമുമ്പ് കേരളത്തിന്, ബി ജെ പി – ആറെസ്സെസ്സ് – കോണ്ഗ്രസ് – സവര്ണമതജാതി - നിഷ്പക്ഷ സ്ത്രീപ്രവേശനവിരുദ്ധ വൈതാളികക്കൂട്ടങ്ങളോട് ഒരു ചോദ്യമുണ്ട്. പുന പരിശോധനാ ഹരജികള് പരിശോധിച്ചതിനു ശേഷം സുപ്രിംകോടതിയില് നിന്നുമുണ്ടാകുന്ന വിധി – അതെന്തു തന്നെയായാലും – നിങ്ങള് അംഗകരിക്കുമോ ഇല്ലയോ എന്നതാണ് ആ ചോദ്യം. ശബരിമല വിഷയത്തില് ഇടതുപക്ഷവും കേരള സര്ക്കാറും നിലപാടു പറഞ്ഞിട്ടുണ്ട്. സുപ്രിംകോടതി എന്തുതന്നെ പറഞ്ഞാലും അത് അംഗീകരിക്കുമെന്നാണ് ആ നിലപാട്. ഇങ്ങനെ കേരള സമൂഹത്തിനു മുന്നില് തങ്ങളുടെ നിലപാടു തുറന്നു പറഞ്ഞുകൊണ്ട് , ഭരണഘടനയുടെ അന്തസ്സത്തയെ മുറുകെപ്പിടിച്ചുകൊണ്ട് ഒരു നിലപാടു പറയാനുള്ള ആര്ജ്ജവം സ്ത്രീവിരുദ്ധ സഖ്യകക്ഷികള് കാണിക്കുമോ?
മറുപടിക്ക് കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല. വീണ്ടും സ്ത്രീപ്രവേശനത്തിന് അനുകൂമാലമായിട്ടാണ് കോടതി വിധി പറയുന്നതെങ്കില് അതിനെതിരെ ഈ വൈതാളികര് വീണ്ടും രംഗത്തിറങ്ങുമെന്ന കാര്യം സ്പഷ്ടമാണ്. അപ്പോള് അവര് ഉന്നയിക്കുന്ന പ്രധാന വാദം , കേസില് സംസ്ഥാനം ഭരിക്കുന്ന സര്ക്കാര് റിവ്യൂ ഹരജി കൊടുക്കാത്തതുകൊണ്ടാണ് വിധി എതിരായത് എന്നായിരിക്കുമെന്ന് തിരിച്ചറിയാന് മിനിമം രാഷ്ട്രീയ ബോധം മതി. കാരണം , ഇവിടെ വിശ്വാസത്തിന്റേതായ ഒരു വിഷയവും നിലനില്ക്കുന്നില്ല. മറിച്ച് രാഷ്ട്രീയമായ താല്പര്യങ്ങള് മാത്രമാണ് , കേരളത്തെ വീണ്ടും ഇരുണ്ട കാലത്തേക്ക് നയിക്കുന്ന തരത്തിലുള്ള ഒരു സമരം നടത്താന് ഈ സ്ത്രീവിരുദ്ധരെ ഒരുമിപ്പിച്ചതെന്ന കാര്യം സുവ്യക്തമാണല്ലോ. സ്ത്രീവിരുദ്ധ സമരത്തിന് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ കൊടുത്തവര് ഉയര്ന്നു പ്രവര്ത്തിക്കേണ്ടത് ഇവിടെയാണ്. വിശ്വാസത്തിന്റെ പേരില് രാഷ്ട്രീയമായ താല്പര്യങ്ങളെ അടിച്ചേല്പിച്ചുകൊണ്ട് മുതലെടുപ്പു നടത്താന് ശ്രമിക്കുന്നവരെ അവര് തിരിച്ചറിയണം.കേരളം കേരളമായി നിലനില്ക്കണോ എന്ന ചോദ്യം ഈ തിരിച്ചറിവിലാണ് നിലകൊള്ളുന്നത്.
പ്രത്യക്ഷമായിത്തന്നെ വിശ്വാസത്തിന്റെ പേരില് സ്ത്രീവിരുദ്ധത പറഞ്ഞും പ്രചരിപ്പിച്ചും ജനങ്ങളെ തമ്മില്ത്തല്ലിക്കുന്ന സംഘപരിവാര ശക്തികളെക്കാളും , ചരിത്രം മറന്നും സ്വന്തം സംഘടനയുടെ വ്യക്തിത്വം മറന്നും അവരോടൊപ്പം കൈകൊര്ത്തു നില്ക്കുന്ന കോണ്ഗ്രസ് എന്ന മുഖമില്ലാത്തവരുടെ കൂട്ടത്തെക്കാളും എന്നെ വേദനിപ്പിക്കുന്നത് നിഷ്പക്ഷരെന്ന നിലയില് ചിലര് പറയുന്ന അഭിപ്രായങ്ങളാണ്. കോടതിയുടെ വിധി നടപ്പിലാക്കാന് സാവകാശം തേടണമായിരുന്നുവെന്നും റിവ്യു ഹരജി ഉടനടി നല്കണമായിരുന്നുവെന്നുമൊക്കെയാണ്.എത്ര അസംബന്ധമാണ് ഈ വാദമെന്ന് മനസ്സിലാക്കാനുള്ള ബോധം ഇവര്ക്കില്ലാഞ്ഞിട്ടല്ല, മറിച്ച് ആരോ കിടന്നിളകുന്നതു കണ്ടിട്ട് കോട്ട മൊത്തം ഇടിഞ്ഞിളകിപ്പോകുമെന്ന് ഭയപ്പാടില് ചരിത്രത്തെ ബോധപൂര്വ്വം തിരസ്കരിക്കുകയാണ്. ഒരു വാദത്തിന് സര്ക്കാര് റിവ്യുഹരജി കൊടുത്തുവെന്നുവെന്ന് സങ്കല്പിക്കുക. പിന്നെ ഇവിടെയുണ്ടാകുന്ന കോലാഹലങ്ങള് മുഴുവന് ഇടതുപക്ഷ സര്ക്കാര് സ്ത്രീവിരുദ്ധമാണെന്നും നാനൂറു വര്ഷത്തോളം സ്ത്രീകള്ക്കു പ്രവേശമില്ലാതിരുന്ന ക്ഷേത്രത്തില് ഹൈക്കോടതി വിധി വന്നപാടെ സ്ത്രീകളെ കയറ്റിയവരാണ് തങ്ങളെന്നുമൊക്കെയാണ് അവര് വാദിക്കുക.
അതുകൊണ്ട് സമസ്തജാതി സ്ത്രീപ്രവേശന വിരുദ്ധപുംഗവന്മാരേ , കോടതിയുടെ പുനപരിശോധനയെത്തുടര്ന്ന് എന്തു തന്നെ വിധിക്കപ്പെട്ടാലും ആ വിധി നിങ്ങള് സ്വകരിക്കുമോ ഇല്ലയോയെന്ന് പറയുക. കാരണം കേരളത്തില് ഞങ്ങള്ക്കും ജീവിക്കണം.
Comments