#ദിനസരികള്‍ 428



#ദിനസരികള്‍ 428

നൂറു ദിവസം നൂറു പുസ്തകം – ഒന്നാം ദിവസം.

||ജീവിതം ആര്‍ത്തിക്കാരന്റെ കൈയ്യില്‍ - കെ പി രാമനുണ്ണി||

മടുപ്പനത്രേ കൊട്ടാരം
അയത്നസുലഭസുഖാഗാരം.
ഇടക്കുകണ്ണീരുപ്പുപുരട്ടാ,
തെന്തിനു ജീവിത പലഹാരം –

എന്ന് അമ്പാടിയിലേക്ക് വീണ്ടും എന്ന കവിതയില്‍ ഇടശ്ശേരി ചോദിക്കുന്നു.ജീവിതമെന്നു പറഞ്ഞാല്‍ സുഖദുഖങ്ങളുടെ ത്രാസുകളിയില്‍ ആടിയുലഞ്ഞും മാറി മറിഞ്ഞും മനുഷ്യനെ ചകിതപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന ഒന്നാണെന്ന് ഈ കവിക്ക് ഭംഗിയായി അറിയാം. അതുകൊണ്ടുതന്നെയാണ് അതേ കവിതയില്‍ത്തന്നെ

എനിക്കു രസമീ നിമ്നോന്നതമാം
വഴിക്കു തേരുരുള്‍ പായിക്കല്‍
ഇതേതിരുള്‍ക്കുഴി മേലുരുളട്ടെ
വിടില്ല ഞാനീ രശ്മികളെ –

എന്ന പ്രഖ്യാപനമുണ്ടാകുന്നത്.ജീവിതം അങ്ങനെയാണ്. ഒരൊഴുക്ക് എന്ന് ആകെത്തുകയില്‍ പറയാമെങ്കിലും ആ ഒഴുക്കിന്റെ അനുസ്യൂതിയെ തടസ്സപ്പെടുത്തുന്ന ആകസ്മികമായ എത്രയോ ഗതിവിഗതികളാണ് ജീവിതത്തിലേക്ക് വന്നു ചേരുന്നത്? ഒരു പക്ഷേ അപ്രതീക്ഷിതമായുണ്ടാകുന്ന ഇത്തരം സംഭവവികാസങ്ങളാണ് ജീവിതത്തെ ഇത്രയധികം രസാത്മകമാക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്.അതുകൊണ്ടാണ് ഈ രശ്മികളെ ഞാന്‍ വിടില്ലെന്ന് ഇടശ്ശേരി പറയുമ്പോള്‍ ഞാനും ഞാനും എന്നു തലകുലുക്കിക്കൊണ്ട് നമ്മളോരോരുത്തരും മുന്നിട്ടിറങ്ങുന്നത്.അങ്ങനെ മുന്നിട്ടിറങ്ങിയ ഒരാളുടെ കഥയാണ് 'ജീവിതം ഒരു ആര്‍ത്തിക്കാരന്റെ കൈയ്യില്‍' എന്ന ആത്മകഥയിലൂടെ ഇടശ്ശേരിയുടെ നാട്ടുകാരന്‍ തന്നെയായ കെ പി രാമനുണ്ണി പറയുന്നത്.

ശരികളിലൂടെ മാത്രം മുന്നേറുന്ന ജീവിതം, മധുരങ്ങളിലൂടെ മാത്രം കടന്നുപോകുന്ന ജീവിതമെന്നതുപോലെത്തന്നെ യാന്ത്രികമായിരിക്കും. അതുകൊണ്ടാണ് സുഖദുഖങ്ങളുടെ ത്രാസുകളിയായിരിക്കണം ജീവിതമെന്ന് നേരത്തെ പറഞ്ഞുവെച്ചത്.രാമനുണ്ണി ആവിഷ്കരിക്കുന്ന ജീവിതവും അത്തരമൊരു ത്രാസുകളിയിലൂടെ കയറിയിറങ്ങിമറിയുന്ന ഒന്നുതന്നെയാണ്. ഒരുപക്ഷേ ഏറിയുമിറങ്ങിയുമുള്ള ഈ പോക്കുതന്നെയായിരിക്കണം ജീവിതത്തോട് ഇത്രയധികം അഭിനിവേശമുണ്ടാക്കിയെടുക്കുന്ന ഒരു ഘടകമെന്നു തോന്നുന്നു.ഭാഗ്യംകൊണ്ട് മരണത്തില്‍ നിന്നും രക്ഷപ്പെട്ടുകിട്ടിയ ഒരാളുടെ കാര്യത്തിലാകുമ്പോള്‍ ഈ അഭിനിവേശം , ജീവിതത്തോടുള്ള ആര്‍ത്തി , മറ്റാരേയുംകാള്‍ കൂടുതലായിരിക്കും.കെ പി രാമനുണ്ണി അങ്ങനെ രക്ഷപ്പെട്ടുവന്ന ഒരാളായതുകൊണ്ട് തന്റെ ജീവിതത്തിലുണ്ടാകുന്ന നനുത്ത ഓരോ നിമിഷങ്ങളേയും അനിതരസാധാരണമായ ഭാവതീവ്രതയോടെ നെഞ്ചോടു ചേര്‍ക്കുന്നത് ഈ ആത്മകഥയില്‍ ഉടനീളം നമുക്കു അനുഭവിച്ചറിയാം.’സ്നേഹം വേണ്ടാതിരിക്കുകയും സ്നേഹിക്കാന്‍ വയ്യാതിരിക്കുകയും ചെയ്യുന്ന മഹാന്മാരേ നിങ്ങളാണ് ശരിക്കും സ്വാതന്ത്ര്യത്തിന്റെ മിശിഹാകകള്‍’ എന്ന വിരുദ്ധോക്തിയിലൂടെ തന്റെ സ്നേഹങ്ങളെ, പ്രതിപത്തികളെ എഴുത്തുകാരന്‍ വ്യക്തമാക്കുന്നുമുണ്ട്.

"സകല നായ്ക്കളും വരമ്പ് കൊത്തിയെടുത്ത് വരമ്പ് കൊത്തിയെടുത്ത് താമിക്ക് വഴി നടക്കാന്‍ സ്ഥലല്യാതായല്ലേ? അങ്ങനെ കൃഷി നടത്തണ്ട ആരും.താമിയെങ്ങാന്‍ വീഴട്ടെ കാണിച്ചു തരാം, കാണിച്ചുതരാം" എന്നു ചെറുമനായ താമിക്ക് പ്രതിഷേധിക്കാന്‍ ശക്തി പകര്‍ന്ന ഒരു സാമൂഹികാന്തരീക്ഷത്തിലൂടെയായിരുന്നു രാമനുണ്ണിയുടെ വളര്‍ച്ചയെന്നത് അദ്ദേഹത്തിന്റെ പില്ക്കാല ജീവിതങ്ങളെ പരുവപ്പെടുത്താനുതകിയിട്ടുണ്ടാകണം. ആത്മസുഹൃത്തായ ഖയ്യൂമിനൊപ്പം ചെസ്സുകളിക്കുന്ന ഒരു മുഹൂര്‍ത്തത്തെ കഥാകാരന്‍ രേഖപ്പെടുത്തുന്നുണ്ട്.”ലുങ്കി ഷഡ്ഡിയോളം മടക്കിക്കുത്തിവരുന്ന ബായിക്കാക്ക പൊടുന്നനെ ഞങ്ങളുടെ കളിയില്‍ ആകൃഷ്ടനാകുന്നു.ചാരാന്‍ കമ്പത്തൂണ്‍ ഉള്ളതുകൊണ്ടുമാത്രം ഖയ്യൂമിന്റെ ഭാഗത്തിരുന്നു കളിയില്‍ പക്ഷം പിടിക്കുന്നു.എന്റെ കരുക്കള്‍ ഓരോന്നായി വെട്ടിമാറ്റപ്പെടുന്നു.ഇതുകണ്ട് ആ വഴിക്കു വന്ന ഖയ്യൂമിന്റെ ബാപ്പ നിങ്ങള്‍ രണ്ടാളും ചേര്‍ന്ന് ഉണ്ണിക്കുട്ടിയെ തോല്പിക്കുകയാണല്ലേ എന്നാണ് അതിലും ഗാഢമായൊരു നീതിബോധത്താല്‍‌ വിജൃംഭൃതനാകുന്നു.അദ്ദേഹം സര്‍വ്വസന്നാഹങ്ങളോടെ എന്റെ പക്ഷത്തിരുന്ന് ചതുരംഗപ്പട നയിക്കുന്നു.അതിദുര്‍ബലമായ അവസ്ഥയില്‍ നിന്ന് കരേറിവന്ന ഞാന്‍ അത്ഭുതകരമായ വിധത്തില്‍ കളി ജയിക്കുന്നു” അന്നേ മറന്നുപോകേണ്ട ഒരു ചെറുനിമിഷത്തെ തന്റെ ആത്മകഥയില്‍ എഴുതിവെക്കാനുള്ള ഒന്നായി രാമനുണ്ണി കണ്ടെടുക്കുന്നുണ്ടെങ്കില്‍ ആ സംഭവം അയാളുടെ നീതിബോധത്തിലുണ്ടാക്കിയെടുത്ത കരുതല്‍ എത്ര ആഴത്തിലുള്ളതായിരിക്കില്ല? കെ പി രാമനുണ്ണി എന്ന എഴുത്തുകാരന്റെ സാമൂഹികബോധം ഉരുവംകൊണ്ട രണ്ടു സാഹചര്യങ്ങളെ ചൂണ്ടിക്കാണിച്ചുവെന്നേയുള്ളു. പൊന്നാനിയിലേക്ക് ലഹളക്കാര്‍ കടന്നുവരാതെ കാത്തുനിന്ന കഥകൂടി അനുബന്ധമായി നാം വായിച്ചെടുക്കുമ്പോള്‍ രാമനുണ്ണിയുടെ നിലപാടുതറകള്‍ രൂപപ്പെട്ടുവന്ന പരിസരങ്ങള്‍ സുവ്യക്തമാകും.
കറുത്ത ദിനങ്ങള്‍ എന്നു പേരിട്ട ഒരധ്യായമുണ്ട് ഈ പുസ്തകത്തില്‍. ഏതെങ്കിലും മാനസികരോഗാശുപത്രിയില്‍ ഒടുങ്ങുമായിരുന്ന തന്റെ ജീവിതത്തെ തിരിച്ചു പിടിച്ചതിന്റെ വേവലാതിപ്പെടുത്തുന്ന ഓര്‍മകളെ അദ്ദേഹം പങ്കുവെക്കുന്നു.കേവലം വ്യക്തിപരമെന്നതിനപ്പുറമുള്ള ഒരു സാമൂഹികപ്രസക്തികൂടി ഈ അധ്യായത്തിനുണ്ട് എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.നമ്മുടെ ചികിത്സാ സമ്പ്രദായങ്ങള്‍ പ്രത്യേകിച്ച് മാനസികമായുണ്ടാകുന്ന അസുഖങ്ങളുടെ ചികിത്സ കരുതലും കനിവുമില്ലാത്തവരുടെ കൈകളില്‍ എത്രമാത്രം ആപത്കരമാകുന്നുവെന്ന് രാമനുണ്ണിയുടെ അനുഭവങ്ങള്‍ നമുക്കു പറഞ്ഞുതരും.പ്രീഡിഗ്രിക്കാരനായ ഒരു യുവാവിനുണ്ടാകുന്ന മാനസികസമ്മര്‍ദ്ദങ്ങളെ വിഖ്യാതരായ രണ്ടു മനശാസ്ത്ര വൈദ്യന്മാര്‍ ചികിത്സിച്ച രീതി ആ യുവാവിനെ എന്നന്നേക്കുമായി ഇല്ലാതാക്കുമെന്ന ഘട്ടം വരെയെത്തി.രോഗി പറയുന്നതു കേള്‍ക്കാനോ അവരുടെ മാനസികാവസ്ഥ എന്താണെന്ന് മനസ്സിലാക്കാനോ ശ്രമിക്കാതെ സൈക്യാട്രിക് മരുന്നുകളും ഇ സി ടിയുമൊക്കെ പരീക്ഷിച്ച ആ ഡോക്ടര്‍മാരുടെ പിന്മുറക്കാര്‍ ഇന്നും ഈ സമൂഹത്തില്‍ ചികിത്സ നടത്തുന്നുണ്ടാകണം. അവര്‍ കൊന്നോ , ജീവച്ഛവമായിക്കിടത്തിയതോ ആ നിരവധി ജീവനുകള്‍ മൌനമായി അവരെ പ്രാകുന്നുമുണ്ടാകണം.അതുകൊണ്ട് എല്ലാവരും ഈ അധ്യായം മനസ്സിരുത്തി വായിച്ചിരിക്കേണ്ടതുതന്നെയാകുന്നു.ഈ രണ്ടുപേരും പഠിച്ച അതേ വൈദ്യംതന്നെ അഭ്യസിച്ച മറ്റൊരു ഡോക്ടര്‍ - ഡോ. പി എം മാത്യൂ വെല്ലൂര്‍ - രാമനുണ്ണിയെ ചികിത്സിച്ച രീതികൂടി നാം പരിശോധിക്കണം.പഠിച്ചു വെച്ച അറിവുകളെ യാന്ത്രികമായി പ്രയോഗിക്കുകയല്ല , മറിച്ച് അവയില്‍ മനുഷ്യത്വത്തിന്റെ ഒരു നുള്ളു ഉപ്പുകൂടി ചേര്‍ക്കണമെന്ന് ആ അധ്യായം അടിവരയിടുന്നു.
ഈ പുസ്തകം നിങ്ങളെ മാറ്റിമറിക്കും എന്നു ഞാന്‍ സാക്ഷ്യം പറയുന്നില്ലെങ്കിലും ജീവിതം കുറച്ചുകൂടി സൂക്ഷ്മതയോടെ , കരുതലോടെ ചിലവഴിക്കാന്‍ നമ്മെ പ്രേരിപ്പിക്കും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.ആ കരുതല്‍ അവനവന്റെ സന്തോഷങ്ങളിലേക്ക് മാത്രം ചുരുങ്ങിപ്പോകാതിരിക്കുക എന്ന ഒരു വെല്ലുവിളി കൂടി വായനക്കാരന്റെ മുമ്പില്‍ എഴുത്തുകാരന്‍ സമര്‍പ്പിക്കുന്നുണ്ട്. നിങ്ങള്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ആ വെല്ലുവിളി എന്നും നിങ്ങളെ അലട്ടിക്കൊട്ടിരിക്കും എന്നതുതന്നെയാണ് ഈ പുസ്തകം പുലര്‍ത്തുന്ന മേന്മ.

പ്രസാധകര്‍ : ഡി സി ബുക്സ്. വില 85


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1