#ദിനസരികള്‍ 427
“ആരവിടെ! കുംഭങ്ങളില്‍ പുണ്യതീര്‍ത്ഥങ്ങള്‍ കൊണ്ടുവരട്ടെ ! പുരോഹിതന്മാരുടെ വേദഗാനങ്ങളാല്‍ സഭാമണ്ഡലം മുഖരിതമാകട്ടെ ! ഇതാ ഇവിടെ വെച്ച് നാം ഈ കര്‍ണനെ അംഗരാജ്യത്തിന്റെ അധിപനായി അഭിഷേകം ചെയ്യുന്നു.ഇനിമുതല്‍ അംഗാധിപന്‍ കര്‍ണന്‍ എന്ന് അദ്ദേഹം ഘോഷിക്കപ്പെടട്ടെ ! “ രംഗം ഓര്‍മയില്ലേ നിങ്ങള്‍ക്ക് ? മഹാഭാരതം നമുക്കു പറഞ്ഞു തന്ന കഥകളില്‍ സര്‍വ്വകാലത്തും വെട്ടിത്തിളങ്ങുന്ന പ്രൌഡോജ്ജ്വലമായ സുമൂഹൂര്‍ത്തം.അധിക്ഷേപിക്കപ്പെട്ട് തല കുനിച്ച് നിന്നിരുന്ന കര്‍ണന്‍ എന്ന വീരപുരുഷനെ ഒരു നിമിഷംകൊണ്ട് ഛത്രാധിപതിയാക്കിയ ദുര്യോധനന്‍ എന്റെ ആരാധനാപുരുഷനായത് ഈയൊരൊറ്റ സംഭവം കൊണ്ടുമാത്രമാണ്.പിന്നീട് ഒരു സമയത്തും ആ വീരനായകന്‍ എന്റെ മനസ്സില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ല. അതുകൊണ്ടുതന്നെയാണ് മഹാഭാരതത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമേത് എന്ന ചോദ്യത്തിന് ഒട്ടും മടിക്കാതെ ദുര്യോധനന്‍ എന്ന ഉത്തരം എനിക്കു പറയാന്‍ കഴിയുന്നത്.
ദ്രൌപതിയുടെ വസ്ത്രാക്ഷേപസമയത്തു ആ മുഖത്ത് ഒരല്പം കാളിമ പരന്നിട്ടുണ്ടാകാം. പക്ഷേ അവിടേയും സ്ത്രീയെ എന്നതിനെക്കാള്‍ ശത്രുവിനെ പരമാവധി വേദനിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുക എന്നതായിരുന്നു ആ നീക്കത്തിന്റെ കാതലെന്നാണ് എന്റെ അഭിപ്രായം. അതല്ലായിരുന്നുവെങ്കില്‍ രജസ്വലയായ സ്ത്രീയെ സഭാമധ്യത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുവരിക എന്ന ക്രൂരത ദുര്യോധനാദികള്‍ കാട്ടിക്കൂട്ടുമെന്ന് കരുതുകവയ്യ. ഭിന്നമതങ്ങളുണ്ടാകാം. പാണ്ഡവരോടു ദുര്യോധനന്‍ മരണം വരെ പുലര്‍ത്തിയ അടങ്ങാത്ത ശത്രുതയുടെ ആഴം കാണുമ്പോള്‍ ഇങ്ങനെ കരുതുന്നതിനാണ് എന്നെ സംബന്ധിച്ച് ന്യായം എന്നു പറഞ്ഞുകൊള്ളട്ടെ !
ഒരു മുറ്റത്ത് ഓടിക്കളിച്ചു വളര്‍ന്നുവന്ന പാണ്ഡവരും കൌരവരും പരസ്പരം ജീവാപായമുണ്ടാക്കത്തക്കവിധത്തില്‍ നിത്യവൈരികളായതിന് പിന്നില്‍ പാണ്ഡവര്‍ക്ക് വിശിഷ്യാ ഭീമന് വലിയ പങ്കുണ്ട്. അതൊരു കാലത്തും മറക്കുവാന്‍ അഭിമാനിയായ സുയോധനന് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ശകുനിയുടെ സഹായത്താല്‍ ചൂതുകളിച്ചു ജയിച്ചു പാണ്ഡവരെ വനവാസത്തിനു വിധിച്ചതും അരക്കില്ലമുണ്ടാക്കി ചുട്ടുകൊല്ലാന്‍ ശ്രമിച്ചുതുമൊക്കെ. തലനാരിഴക്കാണ് ദ്രുപദന്റെ സഹായത്തോടെ പാണ്ഡവര്‍ അരക്കില്ലത്തില്‍ നിന്നും രക്ഷപ്പെട്ടത്.പതിനെട്ടു ദിവസം നീണ്ടുനിന്ന മഹായുദ്ധത്തിന്റെ അവസാനത്തില്‍ കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ഭീമന്‍ ചതിപ്രയോഗത്തിലൂടെ ദുര്യോധനന്റെ തുടക്കടിച്ച് വീഴ്ത്തുകയാണല്ലോ ഉണ്ടായത്.വീണുകിടക്കുന്ന ആ സന്ദര്‍ഭത്തിലും ആ വീരന്‍ മാനം വെടിഞ്ഞില്ല. എത്ര ശക്തമായാണ് അദ്ദേഹം കൃഷ്ണനോട് പ്രതികരിക്കുന്നതെന്ന് നോക്കുക. അധര്‍മ്മിയായ കൃഷ്ണനാണ് ധര്‍മ്മിഷ്ഠരായ രാജാക്കന്മാരുടേയും തന്റേയും നാശത്തിന് കാരണക്കാരന്‍ എന്നു താന്‍ മരണത്തോടടുക്കുന്ന ആ അവസാന നിമിഷത്തിലും അദ്ദേഹം തുറന്നു പറയുന്നു. ഒരു കാലത്തും ആരുടേയും മുന്നിലും ശിരസ്സുകുനിക്കാത്ത ആ വീരന്‍ അവസാനനിമിഷത്തിലും ഒരു ജീവിതകാലം മുഴുവന്‍ താന്‍ പോറ്റിപ്പോന്ന ഔദ്ധത്യങ്ങളെ മുറുകെപ്പിടിച്ചു എന്നതുതന്നെയല്ലേ അഭിമാനിക്കാനുള്ള കാരണം? അതുകൊണ്ടുതന്നെയാണ് ആ വീരന്റെ മരണത്തില്‍ ദേവകള്‍ പുഷ്പവൃഷ്ടി നടത്തിയെന്ന് വ്യാസന് എഴുതേണ്ടി വന്നത്.
Comments