#ദിനസരികള്‍ 424


പുന്നപ്ര വയലാര്‍ - പേരു കേള്‍ക്കുന്ന മാത്രയില്‍ കേരളത്തിന്റെ വിപ്ലവമനസ്സിലൂടെ വികാരവിക്ഷുപ്തമായ ഒരായിരം ചിന്തകള്‍ കടന്നു പോകും. അമേരിക്കന്‍ മോഡല്‍ നടപ്പിലാക്കാനിറങ്ങിത്തിരിച്ച അധികാരി വര്‍ഗ്ഗത്തിന്റെ ധാര്‍ഷ്ട്യങ്ങളെ പട്ടിണികൊണ്ട് വയര്‍ നട്ടെല്ലിനോടൊട്ടിയ ഒരു ജനത തടഞ്ഞു നിറുത്തിയതിന് പുന്നപ്ര വയലാര്‍ ഉദാഹരണമാണ്. മുനകൂര്‍പ്പിച്ചെടുത്ത ഒരു അലകിന്റെ കഷണം കൊണ്ട് ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകളെ നേരിടാനിറങ്ങുമ്പോള്‍ അര്‍ദ്ധനഗ്നരും മുഴുപ്പട്ടിണിക്കാരുമായ ആ പാവം കൂലിപ്പണിക്കാര്‍ എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാകുക? അടക്കാനാവാത്ത ആവേശത്തിന്റെ തിരമാലകളിലേറി , സഖാക്കളേ മുന്നോട്ട് എന്ന് അലറി വിളിച്ചുകൊണ്ട് കുതിച്ചു പാഞ്ഞു നെഞ്ചിടങ്ങളിലേക്ക് വെടിയുണ്ടകളേറ്റു വാങ്ങി പിടഞ്ഞു വീഴുമ്പോഴും താഴ്ത്താതെ ഉയര്‍ത്തിപ്പിടിച്ച , സ്വന്തം ചോരയില്‍ മുക്കിയെടുത്ത, ആ ചുവപ്പുകൊടിയിലേക്ക് അവര്‍ എന്തു സ്വപ്നമായിരിക്കും സന്നിവേശിപ്പിച്ചിട്ടുണ്ടാകുക? ‘ഉയരും ഞാന്‍ നാടാകെപ്പടരും ഞാ, നൊരു പുത്തനുയിര്‍ നാട്ടിന്നേകിക്കൊണ്ടുയരും വീണ്ടും ‘എന്നുറക്കെ പ്രഖ്യാപിക്കാനുള്ള വെമ്പലിലേക്ക് അവരെ കൈപിടിച്ചാനായിച്ചത് ഏതു കാന്തികതയായിരിക്കും? സ്വാതന്ത്ര്യത്തിന്റെ വിശാലമായ ആകാശത്തിനു കീഴേ നിന്നുകൊണ്ട് തണുപ്പനുഭവിക്കുന്ന നമ്മളില്‍ ചിലര്‍ക്ക് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക അത്ര എളുപ്പമല്ല. എന്നാല്‍ വിശപ്പിന്റെ തത്വശാസ്ത്രത്തിന് ചുവപ്പിന്റെ നിറമാണ് എന്നു തിരിച്ചറിഞ്ഞവര്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയത് സ്വന്തം ജീവിതങ്ങളെത്തന്നെ പകരം നല്കിക്കൊണ്ടാണ്.
നഷ്ടപ്പെടുവാന്‍ കൈവിലങ്ങുകളല്ലാതെ മറ്റൊന്നുമില്ലാത്തവര്‍ തീര്‍ത്ത പ്രതിരോധത്തില്‍ അധികാരത്തിന്റെ സോപാനങ്ങള്‍ ആടിയുലഞ്ഞു. തൊഴിലാളികളുടെ വേര്‍പ്പുകുടിച്ചു മദിച്ച ചൂഷകസംഘങ്ങള്‍ക്ക് അടി പതറി.തീയുണ്ടകളോടേറ്റ് കൊല്ലപ്പെട്ടവരുടെ എണ്ണംപോലും കൃത്യമായി ലഭിച്ചിട്ടില്ലെങ്കിലും ആയിരങ്ങള്‍ കവിയും. അവര്‍ ചിന്തിയ , അവരെപ്പോലെയുള്ള ആയിരങ്ങള്‍ ചിന്തിയ ചോരയില്‍ ചവിട്ടിനിന്നുകൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ രുചി നാം ശ്വസിക്കുന്നത്.പുന്നപ്രയിലും വയലാറിലും മാത്രമല്ല, കേരളത്തിലങ്ങളോമിങ്ങോളം ഈ ചെങ്കൊടി വാനിലുയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടി ചോരയൊഴുക്കിയവരുടെ എണ്ണം നമ്മുടെ ഒരു കണക്കാളികളും എഴുതി വെച്ചിട്ടില്ല.ജാതിയുടേയെ മതത്തിന്റെയോ തൊഴിലിന്റെയോ പേരില്‍ ചവിട്ടിമെതിക്കപ്പെടാതെ നാളെ വരുന്നവര്‍ക്ക് തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കുവാന്‍ വേണ്ടി കേവലരായ ആ നിസ്വവര്‍ഗ്ഗം ചൊരിഞ്ഞ ജീവനുകളെ നാം മറക്കുന്നത് നന്ദികേടായിരിക്കും.


ചരിത്രം ഓര്‍മിക്കാനുള്ളതാണ്, ഓര്‍മ്മിപ്പിക്കപ്പെടാനുള്ളതുമാണ്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1