#ദിനസരികള്‍ 426
ഉത്തര കൊറിയയുടെ പ്രസിഡന്റ് കിം ജോംഗ് ഉന്നിനെ
അദ്ദേഹത്തിന്റെ നിലപാടുകള്‍കൊണ്ട് ഭ്രാന്തനെന്നും അവിവേകിയെന്നും
യുദ്ധക്കൊതിയനെന്നും മറ്റും വിളിക്കാന്‍ കൌതുകംകൊള്ളാത്തവരില്ല.ലോകത്തെ ഈ കുറിയ
മനുഷ്യന്‍ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു എന്ന ആക്ഷേപവും
അദ്ദേഹത്തിനെതിരെ തൊടുത്തുവിട്ടു.അമേരിക്കയുമായുള്ള സംഘര്‍ഷം ഒരു ഘട്ടത്തില്‍
കൈവിട്ടുപോയി എന്നുപോലും നാം ചിന്തിച്ചിരുന്നു.ഒരു യുദ്ധമുണ്ടായിരുന്നുവെങ്കില്‍ ആ
യുദ്ധത്തില്‍ അമേരിക്കക്കെതിരെ കൊറിയക്ക് എന്തു ചെയ്യാന്‍ കഴിയുമായിരുന്നോ
അതിലപ്പുറമുള്ള നാശനഷ്ടം സ്വന്തം നാവുകൊണ്ട് ഉണ്ടാക്കാന്‍ കിമ്മിന് കഴിഞ്ഞു.
ലോകപോലീസായ അമേരിക്കയുടെ പ്രസിഡന്റിനെ കിംജോംഗ് വിശേഷിപ്പിച്ച വാക്കുകള്‍ മാത്രം
മതി ഇതുതെളിയിക്കുവാന്‍.ഇത്രയൊക്കെ ആക്ഷേപിച്ചിട്ടും വില്യം ബ്ലം പറയുന്ന
പോലെ തെമ്മാടി രാഷ്ട്രമായ അമേരിക്ക
ഇത്രമാത്രം സഹിഷ്ണുത മറ്റേതെങ്കിലും രാജ്യത്തോടു കാണിച്ചിട്ടുണ്ടോ എന്ന കാര്യം
സംശയമാണ്.
എന്തുതന്നെയായാലും അമേരിക്കയും കൊറിയയും ഒരു മേശക്കു
ചുറ്റും കൂടിയിരുന്നത് ലോകത്തിന് ആശ്വാസം പകരുന്നതുതന്നെയാണ്.പക്ഷേ അമേരിക്കയുടെ
ചരിത്രം നന്നായി മനസ്സിലാക്കിയ ഒരാളെന്ന നിലയില്‍ അവരെ വിശ്വാസത്തിലെടുക്കാന്‍
വടക്കന്‍ കൊറിയ എത്രത്തോളം തയ്യാറാകുമെന്നത് കണ്ടുതന്നെ അറിയണം.1945 ല്‍ തങ്ങള്‍
കീഴടങ്ങാന്‍ തയ്യാറാണെന്ന് അമേരിക്കയെ ജപ്പാന്‍ അറിയിച്ചിട്ടും അവിടെ ബോംബുവര്‍ഷിച്ച്
പരീക്ഷണം നടത്തിയ അമേരിക്കയെ വിശ്വാസത്തിലെടുക്കുന്നത് ആത്മഹത്യാപരമാണെന്ന്
മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ വടക്കന്‍ കൊറിയക്കുണ്ടാകുമെന്ന കാര്യത്തില്‍ നാം
സംശയിക്കേണ്ടതില്ല. അതുപോലെതന്നെ മേഖലയിലെ അമേരിക്കയുടെ സൈനിക സാന്നിധ്യം
ഇല്ലാതാക്കണമെന്ന കൊറിയയുടെ ആവശ്യം പൂര്‍ണമായ അര്‍ത്ഥത്തില്‍ അമേരിക്കയും
നടപ്പിലാക്കാനുള്ള സാധ്യതയില്ല.ആണവശക്തി കൂടിയായ കൊറയയെ അമിതമായി വിശ്വസിച്ച്
ദക്ഷിണകൊറിയയിലെ തങ്ങളുടെ സാന്നിധ്യങ്ങളെ അവസാനിപ്പിക്കുന്നത് മേഖലയെ കൈവിടുന്നതിന്
തുല്യമാണെന്ന കാര്യം അമേരിക്കക്ക് അറിയാതിരിക്കുമോ? അതുകൊണ്ട് അമേരിക്കയും കൊറിയയും
തമ്മിലുണ്ടാക്കിയ കരാറിനെ വിശ്വാസത്തിലെടുക്കുന്നതിനു പകരം വേണ്ടത് , ഇരു കൊറിയകളും തമ്മില്‍ ഇപ്പോള്‍
നിലനില്ക്കുന്ന ഊഷ്മളമായ അന്തരീക്ഷത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള
സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുക്കുക എന്നതാണ് . നയതന്ത്ര ബന്ധങ്ങളും പരസ്പരമുള്ള
സന്ദര്‍ശനങ്ങളും വര്‍ദ്ധിപ്പിക്കുകയും വ്യാപാരമേഖല പൂര്‍ണമായും തുറന്നിടുകയും
ചെയ്തുകൊണ്ട് കൊറിയകള്‍ ബന്ധം മെച്ചപ്പെടുത്തുന്നത് ഗുണകരമാകും.
എന്തുതന്നെയായാലും അമേരിക്കയെ ഒരു മേശയിലേക്ക് എത്തിച്ചത്
കൊറിയയുടെ വന്‍വിജയമാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.ഭ്രാന്തന്‍ ഭരണാധികാരി
എന്നു വിളിച്ചവര്‍ക്കുതന്നെ ഇപ്പോള്‍ കിമ്മിനെ പുകഴ്ത്തിപ്പറയേണ്ടിവന്നുവെന്നതുകൂടി
കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും.
Comments