#ദിനസരികള്‍ 283 ||നിരത്തുകളിലെ കൊലപാതകങ്ങള്‍||


ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിലെ വേണം, പുതിയൊരു റോഡു സംസ്കാരം എന്ന മുഖപ്രസംഗം, നമ്മുടെ നിരത്തുകളില്‍ നടക്കുന്ന കൊള്ളരുതായ്മകളേയും അക്രമങ്ങളേയും ചര്‍ച്ച ചെയ്യുകയും ഒരു പുതിയ ഡ്രൈവിംഗ് സംസ്കാരം നാം ശീലിച്ചെടുക്കേണ്ടത് അനുപേക്ഷണിയമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. നിരത്തിലെ അപകടങ്ങളില്‍ ഏറെയുമുണ്ടാകുന്നത് അശ്രദ്ധമായി വാഹനമോടിക്കുകയും അനാവശ്യമായ തിരക്കുകള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ്.മാതൃഭൂമി പറയുന്നതുപോലെ റോഡില്‍ മറ്റുള്ളവരെ മാനിക്കുന്ന ഒര ഡ്രൈവിംഗ് സംസ്കാരം ഇപ്പോഴും നമുക്കില്ല.തന്റെ വാഹനം മാത്രം തടസ്സമില്ലാതെ മുന്നോട്ടുപോയാല്‍ മതി എന്ന മനോഭാവമാണ് മലയാളി പൊതുവേ റോഡില്‍ കാണിക്കുന്നത്. വളവ് കയറ്റം ഇറക്കം ഇടുങ്ങിയ പാലം തുടങ്ങിയ അപകടമേഖലകളിലുള്ള അലക്ഷ്യമായ മറികടക്കലുകളും സിഗ്നലില്‍ കാത്തുകിടക്കാനുള്ള ക്ഷമകുറവുമാണ് നിരത്തുകളിലെ ഭൂരിഭാഗം അപകടങ്ങളുടേയും കാരണം.
            കൃത്യമായ പരിശീലനത്തിന്റെ അഭാവം എടുത്തുപറയേണ്ടതാണ്. എട്ടും എച്ചും എടുത്ത് എങ്ങനേയും വണ്ടിയോടിക്കാനുള്ള ലൈസന്‍സ് കൈക്കലാക്കുക എന്നതിനപ്പുറം പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചോ ഓടിക്കേണ്ട രീതികളെക്കുറിച്ചോ വേണ്ടത്ര ധാരണയുണ്ടാക്കിക്കൊടുക്കാന്‍ അധികാരികള്‍ക്കും ട്രെയിനിംഗ് നല്കുന്നവര്‍ക്കും കഴിയാറില്ല.ലൈസന്‍സ് കിട്ടിയ ശേഷമാണ് പലരും വണ്ടിയോടിക്കാന്‍ പഠിക്കുന്നതുതന്നെ എന്ന് മാതൃഭൂമി പറയുന്നത് സത്യംതന്നെയാണ്.നേരെയുള്ള നിരത്തിലൂടെ സ്റ്റിയറിംഗ് നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ എല്ലാമായി എന്നു ചിന്തിക്കുന്നവരാണ് ഇന്‍സ്ട്രക്ടര്‍മാരില്‍ത്തന്നെ അധികവും. ഡ്രൈവിംഗില്‍ പിന്നീട് നേരിടേണ്ടിവരുന്ന സങ്കീര്‍ണതകളെക്കുറിച്ച് ചെറിയൊരു ധാരണപോലും പഠിതാക്കളിലുണ്ടാക്കിയെടുക്കാന്‍ ഒരു സ്ഥാപനവും മിനക്കെടാറില്ല.മികച്ച സ്കൂളുകളും പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളും തിരഞ്ഞെടുക്കാന്‍ മത്സരിക്കുന്ന മലയാളി ഡ്രൈവിംഗ് പഠനത്തിന്റെ കാര്യം വരുമ്പോള്‍ നേരെ തിരിച്ചാണ് ചിന്തിക്കുന്നത്.എങ്ങനെയെങ്കിലും ഡ്രൈവിംഗ് ടെസ്റ്റ് ജയിച്ചാല്‍ മതി.ഗതാഗതനിയമങ്ങളുടെ ബാലപാഠം പോലും അറിയാത്തവര്‍ ഗുരുക്കന്മാരായി വന്നാലും കുഴപ്പമില്ലഎന്ന ആക്ഷേപം കഴമ്പുള്ളതുതന്നെയാണ്.
             മോട്ടോര്‍ വകുപ്പ് കൃത്യമായി തങ്ങളുടെ ഡ്യൂട്ടി ചെയ്യുക എന്നുള്ളതാണ് ഇക്കാര്യത്തില്‍ ജനങ്ങളെ സഹായിക്കുന്നതിനുള്ള ഏക പോംവഴി.ഇപ്പോള്‍ നടത്തുന്ന വഴിപാടുടെസ്റ്റുകള്‍ അവസാനിക്കണം.റോഡു സുരക്ഷക്കായി പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയെന്ന് ഉറപ്പുവരുത്തുകയും സങ്കീര്‍ണമായ സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനങ്ങള്‍ നല്കുന്നതും മോട്ടോര്‍ വകുപ്പിന്റെ ഉത്തരവാദിത്തമാണ്. അപകടസ്ഥലങ്ങളില്‍ നിന്നും ആളുകളെ ആശുപത്രിയിലെത്തിക്കാന്‍ പോലും തയ്യാറാകാത്ത എത്രയോ ഡ്രൈവര്‍മാരുണ്ട്! തങ്ങളുടെ സുരക്ഷമാത്രം ലക്ഷ്യം വെച്ച് നിരത്തില്‍ പെരുമാറുന്ന അത്തരക്കാരോട് നിയമം കര്‍ക്കശമായിത്തന്നെ ഇടപെട്ടാലേ കുറച്ചെങ്കിലും നിയന്ത്രിക്കാന്‍ കഴിയുകയുള്ളു.വാഹനാപകടങ്ങള്‍ കുറവുള്ള സ്ഥലങ്ങളിലെല്ലാം ഗതാഗതനിയമങ്ങള്‍ പൂര്‍ണമായും പാലിക്കുന്ന ഒരു ജനതയുണ്ടാകും .തന്റെ പിഴവുകൊണ്ട് ഒരു ജീവനും പൊലിരയരുതെന്ന് ഓരോ ഡ്രൈവറും കരുതലെടുത്തു തുടങ്ങിയാല്‍ മാത്രമേ വാഹനാപകടങ്ങള്‍ കുറക്കുവാന്‍ കഴിയുകയുള്ളുഎന്നത് വാഹനവുമായി നിരത്തിലിറങ്ങുന്നവരുടെ വേദവാക്യമാകേണ്ടതുണ്ട്.

             

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1