#ദിനസരികള്‍ 278


||ഇന്ത്യയാണ് , ചീഫ് ജസ്റ്റീസല്ല വലുത്||
സുപ്രിംകോടതി.ജനാധിപത്യത്തിന്റെ മഹനീയമായ മാതൃക എന്ന പൊലിമ പേറുന്ന ഒരു രാജ്യത്തിലെ പരമോന്നത ന്യായാലയം. നീതിക്കുവേണ്ടി പോരാടുന്നവരുടെ അവസാനത്തെ അഭയം.ഭരണഘടനയുടേയും വ്യക്തികളുടെ അവകാശങ്ങളുടേയും സംരക്ഷകന്‍.വിധികളെക്കുറിച്ച് എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഇന്നും ഈ ജനത കോടതിയെ ബഹുമാനിക്കുന്നു.അവിടെനിന്നെങ്കിലും നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.എല്ലാ സംവിധാനങ്ങളും പരാജയപ്പെട്ടു കഴിയുമ്പോള്‍ കോടതിയില്‍ കാണിച്ചുതരാം എന്ന വെല്ലുവിളി ആ പ്രതീക്ഷയുടെ പ്രകടനമാണ്.ഭരണഘടനാ സ്ഥാപനങ്ങളടക്കം ഒരു സംവിധാനവും വിമര്‍ശനങ്ങള്‍ക്ക് അതീതമല്ലെങ്കിലും കോടതികള്‍‌ക്കെതിരെയാകുമ്പോള്‍ നാം കുറച്ചുകൂടി ഉത്തരവാദിത്തബോധം പ്രകടിപ്പിക്കാറുണ്ട്. ഭരണഘടനയുടെ സംരക്ഷണമുണ്ടെന്നതിനെക്കാളേറെ പൌരന്റെ ഉയര്‍ന്ന നിലവാരമാണ് അതിനുള്ള പ്രധാനകാരണം.എന്നാല്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാകാഞ്ഞിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രിംകോടതിയില്‍ സംഭവവികാസങ്ങള്‍ പ്രസ്തുത സ്ഥാപനത്തിലെ ആന്തരികമായ ജീര്‍ണതകള്‍ക്ക് ഉദാഹരണമാണ്.സുപ്രീംകോടതി പോലുള്ള സ്ഥാപനങ്ങളിലെ ഇത്തരം ജീര്‍ണതകളുടെ കഥകള്‍ പലതും നാം ഇതിനുമുമ്പും കേട്ടതാണ്. പക്ഷേ അധികം ശ്രദ്ധകൊടുക്കാതെ നാമതിനെ തള്ളിക്കളഞ്ഞു. ഇപ്പോള്‍ നമുക്കങ്ങനെചെയ്യാന്‍ കഴിയാത്തവിധം ആ ജീര്‍ണത മറനീക്കി പുറത്തുവമിച്ചിരിക്കുന്നു. അത് നമ്മുടെ ഭരണഘടനയില്‍ ഉല്‍ഭവിച്ച് ഭരണഘടനയില്‍ അവസാനിക്കുന്ന ജനാധിപത്യത്തിന്റെ കൈവഴികളെ ചുട്ടുപൊള്ളിക്കുന്നു.

കോടതി നിറുത്തിവെച്ച് നാലുമുതിര്‍ന്ന ന്യായപാലകര്‍ ഇന്ത്യയിലെ ജനങ്ങളോട് സംവദിക്കുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്.അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഭരണഘടനയില്‍ ഊറ്റംകൊണ്ടിരുന്ന ഒരു ജനതയുടെ തലയിലേക്കാഞ്ഞുപതിച്ച വെള്ളിടിയായി.പലരുടേയും പ്രതികരണത്തില്‍ അവസാനത്തെ തുരുമ്പുകളിലുമുള്ള പ്രതീക്ഷ നഷ്ടപ്പെടുന്നതിന്റെ വേദനകള്‍ കാണാമായിരുന്നു. അതുകൊണ്ടാണ് എന്തൊക്കെ ജീര്‍ണതകളുണ്ടെങ്കിലും കോടതിയുടെ വിശ്വാസ്യത തകര്‍ക്കരുത് എന്ന നിര്‍ബന്ധം അവര്‍ പ്രകടിപ്പിച്ചത്.പക്ഷേ നാലു ജഡ്ജിമാരും ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ രാജ്യത്തെതന്നെ അപായപ്പെടുത്തുന്നതായിരുന്നു.ഒരു രാജ്യത്തിന്റെ നിലനില്പാണോ കേവലമൊരു ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയാണോ പ്രധാനം എന്ന നിര്‍ണായകമായ ചോദ്യമുയര്‍ന്നു.രാജ്യത്തെ അപകടപ്പെടുത്തിക്കൊണ്ട് അതിന്റെ മൌലികസങ്കല്പങ്ങളെ ഇല്ലാതാക്കിക്കൊണ്ട് മറ്റുതാല്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന പ്രതിലോമകരമായ നിലപാടിനെതിരെ ജനത പ്രതികരിക്കേണ്ടതായി വന്നു.അപ്പോഴും ആഭ്യന്തരമായ ഈ ജീര്‍ണതകളെ അതിജീവിക്കാന്‍ സുപ്രീംകോടതിക്ക് ഉള്‍ക്കരുത്തുണ്ട് എന്ന് നാം പ്രതീക്ഷിച്ചു.പക്ഷേ ആ പ്രതീക്ഷ അസ്ഥാനത്തായിരിക്കുന്നു.

പ്രശ്നങ്ങളെ സമചിത്തതയോടെയും ഭരണഘടനാപരമായ ബാധ്യതകളുടേയും അടിസ്ഥാനത്തില്‍ പരിഹരിക്കപ്പെടണം എന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ മുന്‍‌കൈയ്യെടുക്കുമെന്ന് നമ്മള്‍ പ്രതീക്ഷിച്ച ചീഫ് ജസ്റ്റീസിന്റെ ഭാഗത്തുനിന്നുണ്ടായ അവസാനനടപടികള്‍ രാജ്യത്തിന്റെ താല്പര്യത്തെ മുന്‍നിറുത്തിയുള്ളതാണെന്ന് വിശ്വാസിക്കാന്‍ കഴിയില്ല. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും സമ്മര്‍ദ്ദങ്ങളും അദ്ദേഹത്തെ കീഴ്പെടുത്തിയിട്ടുണ്ട്. അല്ലായിരുന്നെങ്കില്‍ പൊതുനന്മക്കുവേണ്ടി നിലപാടെടുത്ത നാലു സഹന്യായാധിപരെ ഒറ്റപ്പെടുത്തിക്കൊണ്ട് പ്രതികാരനടപടികളുമായി മുന്നോട്ടുപോകാന്‍ അദ്ദഹം തയ്യാറാകുമായിരുന്നില്ല.അദ്ദേഹത്തിന്റെ ഈ നിലപാട് രാജ്യത്തിനാകെ അവമതിപ്പുണ്ടാക്കുന്നതാണ്.


ഉണ്ടെന്ന് നാം ഇപ്പോഴും അഭിമാനിക്കുന്ന നമ്മുടെ മഹത്തായ മതേതരപാരമ്പര്യത്തെ , ജനാധിപത്യധാരകളെ , പക്ഷരഹിതമായ നീതിബോധത്തെ ഒരു വ്യക്തിയുടെ താല്പര്യങ്ങള്‍ ഇല്ലായ്മ ചെയ്തുകൂട. ഭരണഘടനയുടെ കാവല്‍ക്കാരന്‍ തന്നെ അതിന്റെ ആധാരശിലകളെ ഊരിമാറ്റുന്ന അവസ്ഥയുണ്ടാകരുത്. അതുകൊണ്ട് , ബഹൂമാന്യനായ ചീഫ് ജസ്റ്റീസ് , ആ സ്ഥാനത്തുനിന്നും അങ്ങ് രാജിവെച്ച് മാറിനില്ക്കണം എന്ന് ഇന്ത്യയുടെ മനസ്സാക്ഷി ആവശ്യപ്പെടുന്നത് താങ്കള്‍ കേള്‍‌ക്കേണ്ടതുണ്ട്.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം