#ദിനസരികള്‍ 282
|| അവശിഷ്ടങ്ങള്‍ ||
ഒരു തമാശ പറയാം. തമാശയാണോയെന്ന് പിന്നീട് ആലോചിച്ചു
തീരുമാനിക്കേണ്ടതായ വിഷയം കൂടിയാണ്.കാരണം ജാതിയും മതവും അതിന്റെ
ഗുരുലഘുത്വങ്ങളുമൊക്കെ ഈ തമാശയില്‍ പങ്കെടുക്കുന്നതുകൊണ്ടുതന്നെ കേവലമായ
തമാശക്കപ്പുറം മറ്റൊരു മാനം കൂടി ഇതിനുണ്ടാകും.വ്യക്തിപരമായ സൂചനകള്‍
ഒഴിവാക്കുന്നു. ഒരാളെന്നെ കാണാന്‍ വന്നു. വിഷയം പ്രണയമാണ്.അദ്ദേഹത്തിന്റെ വീട്ടിലെ
ഒരു കുട്ടിക്ക് മറ്റൊരാളുമായി പ്രണയം. കെട്ടിച്ചുകൊടുത്തില്ലെങ്കില്‍ ചത്തുകളയും
എന്നാണ് ഭീഷണി.ഒരു കാരണവശാലും കെട്ടിച്ചു കൊടുക്കാന്‍ പറ്റില്ല.കാരണം തങ്ങളുടേത്
വലിയ പാരമ്പര്യമുള്ള ---------------- സ്ഥലത്തെ --------------- കുടുംബമാണ്.അവര്‍
പണ്ട് ആഢ്യന്മാരായാ ബ്രാഹ്മണരായിരുന്നു.മതം മാറി കൃസ്ത്യാനികളായതാണ്.അങ്ങനെയുള്ള
ഒരു കുടുംബത്തില്‍ നിന്ന് ഒരു കുട്ടിയെ അങ്ങോട്ടയക്കാന്‍ കഴിയുമോ? അവര്‍ക്ക്
എന്തു പാരമ്പര്യമാണുള്ളത്? കുറേ പൈസയുണ്ടെന്നു കരുതി
കുടുംബമഹിയുണ്ടാകുമോ?തങ്ങളുടെ കുടുംബത്തെ പുകഴ്ത്തിയും മറ്റേ
കുടുംബത്തെ ഇകഴ്ത്തിയും അദ്ദേഹം സംസാരം തുടര്‍ന്നു.ആഡ്യബ്രാഹ്മണ പ്രയോഗം വന്നതിനു
ശേഷം അദ്ദേഹം പറയുന്നത് പലതും ഞാന്‍ കേട്ടില്ല എന്നതായിരുന്നു സത്യം.പ്രശ്നത്തിലെ
ഗൌരവപ്പെട്ട കാര്യമെന്നു പറയുന്നതു വിദ്യാഭ്യാസമോ പണമോ മറ്റേതെങ്കിലും തരത്തിലുള്ള
ഭൌതികസാഹചര്യങ്ങളോ അല്ല മറിച്ച് തറവാട്ടിത്ത മഹിമയാണ്. “ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍” എന്ന് ഇടശ്ശേരി പാടിയതാണ് എന്റെ മനസ്സിലേക്കോടിവന്നത്.
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍” എന്ന് ഇടശ്ശേരി പാടിയതാണ് എന്റെ മനസ്സിലേക്കോടിവന്നത്.
വിധേയത്വം എത്ര സൂക്ഷ്മമായാണ് വേരുകളാഴ്ത്തിയിരിക്കുന്നത് എന്നതിന് ഈ സംഭവം
ഉദാഹരണമാണ്.തങ്ങളുടെ പൂര്‍വികര്‍ ബ്രാഹ്മണരായിരുന്നു എന്ന് വാദിക്കുന്നതില്‍
നിന്നും ഏതു തലത്തിലുള്ള മേല്‍ക്കോയ്മയാണ് ഇന്നത്തെക്കാലത്ത് ഇവര്‍
പ്രതീക്ഷിക്കുന്നത്? മതം മാറി മറ്റൊരു
മതത്തില്‍ ചേര്‍ന്ന് ജീവിക്കാന്‍ തുടങ്ങിയിട്ട് ആണ്ടുകളേറെയായിരിക്കുന്നു.തലമുറകള്‍
കഴിഞ്ഞുപോയിരിക്കുന്നു.എന്നിട്ടും ജാത്യാഭിമാനത്തിന്റെ ചെങ്കോലാണ് ഇപ്പോഴും
ശിരസ്സേറ്റിയിരിക്കുന്നത്. രണ്ടുകാരണങ്ങളാണ് ഈ അവകാശവാദത്തിന്
നിദാനമായിരിക്കുന്നത്. ഒന്ന് ബ്രാഹ്മണരെപ്പോലെയുള്ള ഉന്നതകുലങ്ങള്‍ക്ക് ഉണ്ടെന്ന്
കരുതപ്പെടുന്ന അഭൌതികമായ പരിവേഷം, രണ്ട് അത്തരം ധാരണകളില്‍ നിന്നുമുണ്ടാകുന്ന
വിധേയത്വം.ഈ വിധേയത്വമാണ് ആദ്യം പറഞ്ഞതിനെക്കാള്‍ അപകടകരമായത്. നിസ്വവര്‍ഗ്ഗത്തിന്റെ
എല്ലാവിധ സാമൂഹ്യമുന്നേറ്റങ്ങള്‍ക്കും ഈ വിധേയത്വം വിഘാതമാകുന്ന പ്രധാനഘടകമാണ്.
പഴയകാലപ്രതാപങ്ങളെ അഭിമാനപൂര്‍വ്വം
അനുസ്മരിക്കുകയും ആ പ്രതാപത്തിന്റെ പിന്‍ഗാമികളാണ് തങ്ങളെന്നു കരുതി
അഹങ്കരിക്കുകയും ചെയ്യുന്നത് നവോത്ഥാനാമുന്നേറ്റങ്ങള്‍ വെച്ചു നീട്ടിയ മൂല്യങ്ങളെ
പിന്‍പറ്റി ജീവിതം കരുപ്പിടിപ്പിടിപ്പിച്ച ആധുനികതലമുറയെ
അപഹാസ്യരാക്കുന്നു.ദാരിദ്ര്യവും കഷ്ടപ്പാടുകളും മറ്റു സാമൂഹികപ്രസ്ഥാനങ്ങളുടെ
അഭാവവുമൊക്കെക്കൂടി കഷ്ടപ്പെടുത്തിയ യൂറോപ്പ് , വല്ല വിധേനയും പതിനെട്ടാം
നൂറ്റാണ്ടിന്റെ അവസാനത്തോടെത്തുമ്പോഴേക്കും ലോക രാഷ്ട്രീയ ഭൂപടത്തില്‍
പ്രമാണിമാരായിച്ചമഞ്ഞതിനു ശേഷം ലോകത്തുള്ള നല്ലതുകളും നന്മകളും തങ്ങളുടേതായിരുന്നു
എന്നവകാശപ്പെടാന്‍ തുടങ്ങി. അങ്ങനെയുള്ള യൂറോ കേന്ദ്രവാദത്തെപ്പോലെതന്നെയാണ് “പണ്ടു ബ്രാഹ്മണ” വാദവുമെന്ന് ഇനിയും ചിലരെങ്കിലും മനസ്സിലാക്കാനുണ്ട് എന്ന
കാര്യം വേദാനാജനകമാണ്.
Comments