#ദിനസരികള്‍ 1262 നൂറു ദിവസം നൂറു പുസ്തകം || ഒന്നാം ദിവസം - സാഹിത്യ വീക്ഷണം ||



 

            അവതാരികകളടക്കം പതിനെട്ടു ലേഖനങ്ങളാണ് സാഹിത്യവീക്ഷണത്തിലുള്ളത്. പല കാലത്തായി വ്യത്യസ്ത വിഷയങ്ങളില്‍  എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങളെല്ലാം തന്നെ.അവയില്‍ പലതും ഇന്നും പ്രസക്തമായവ തന്നെ.

 

            ഒന്നാമത്തെ ലേഖനം സിദ്ധാനാഥാനന്ദസ്വാമി എഴുതിയ കുന്തി എന്ന പുസ്തകത്തിന്റെ അവതാരികയാണ്. നമ്മുടെ ഇതിഹാസങ്ങള്‍ സൃഷ്ടിച്ച സ്ത്രീരത്നങ്ങളുടെ ആകെത്തുകയാണ് സീതയും കന്തിയുമെന്നും അവര്‍ തമ്മിലൊരു താരതമ്യം ആവശ്യമായിവന്നാല്‍ സീതയെക്കാള്‍ എന്തുകൊണ്ടും ഒരുപടി മുകളിലായിരിക്കും കുന്തിയുടെ സ്ഥാനമെന്നും അടിവരയിടുന്ന ഈ ലേഖനം , അതുകൊണ്ടുതന്നെ കാലികപ്രസക്തിയുള്ളതുമാണ്. ഈ രണ്ടു സ്ത്രീകള്‍ക്കും ഉണ്ടായ ദുര്യോഗങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ് പ്രസ്തുത ലേഖനം അവസാനിക്കുന്നത്. മാരാര്‍ എഴുതുന്നു "സീതയും കുന്തിയും ജീവിതത്തിലെ വലിയൊരു ഭാഗംനീളെ അത്യന്ത ദുഖം അനുഭവിച്ചതിനു ശേഷം , ഒടുക്കും ഇനി അത്യന്ത സുഖം അനുഭവിക്കാമെന്ന സ്ഥിതിയിലെത്തിയപ്പോള്‍ ഇരുവര്‍ക്കും അത് കൈയ്യൊഴിച്ചു പോകേണ്ടിവന്നു.സീത സ്വഭര്‍ത്താവിനാല്‍ നിഷ്കാസിതയായി. കുന്തി സ്വധര്‍‌മ്മബോധത്താല്‍ സ്വയം നിഷ്കാസനം ചെയ്തു." ഈ ചൂണ്ടിക്കാണിക്കല്‍ ലരും ഇന്ന് വാഴ്ത്തിപ്പാടുന്ന മര്യാദ പുരുഷോത്തമാനായ ശ്രീരാമന്റെ പ്രതിക്കൂട്ടിലേക്ക് മാറ്റി നിറുത്തുന്നുണ്ടെന്നും മാരാര്‍ സൂചിപ്പിക്കുന്നു.

 

            നാലാപ്പാടന്റെ വിഖ്യാതമായ കണ്ണൂനീര്‍ത്തുള്ളിയെക്കുറിച്ചുള്ള പഠനം , ഇന്നും നിലനില്ക്കുന്ന, വായിക്കപ്പെടുന്ന ഒരു കൃതിയെക്കുറിച്ചുള്ള പഠനമെന്ന നിലയില്‍ പ്രസക്തമാണെന്നാണ് ഞാന്‍ കരുതുന്നത്.പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് തലമുതിര്‍ന്ന പലരുടേയും നെറ്റി ചുളിഞ്ഞിരുന്നുവെങ്കിലും അതുവരെ മലയാളത്തില്‍ അനുഭവിക്കാതിരുന്ന ഒരു വികാരം അനുവാചകനിലേക്ക് പകരുവാന്‍ ആ കൃതിയ്ക്ക് ശക്തിയുണ്ടായിരുന്നു. അതു തിരിച്ചറിഞ്ഞതുകൊണ്ടാകണം വിഖ്യാതനായ കെ എം പണിക്കര്‍ " സങ്കേത വസ്തുക്കള്‍ക്ക് കവിതയില്‍ ന്യായമായുള്ള സ്ഥാനത്തെപ്പറ്റി തര്‍ക്കിക്കുന്നതിന് ഞാന്‍ തയ്യാറല്ലെങ്കിലും കണ്ണുനീര്‍ത്തുള്ളിയില്‍ കോകങ്ങളേയും അരയന്നങ്ങളേയും എല്ലാം ഒന്നുപേക്ഷിച്ചു കണ്ടതില്‍ സന്തോഷമേയുള്ളു " എന്ന് രേഖപ്പെടുത്തുന്നത്. പണിക്കരുടേത് മര്‍‌മ്മ ഭേദിയായ ഒരടിയായിരുന്നു. നിശ്ചയിക്കപ്പെട്ടിരിക്കുന്ന ആടയാഭരണങ്ങളണിഞ്ഞ് വേദിയിലെത്തണമെന്ന വിധിയെ നാലാപ്പാടന്‍ വെല്ലുവിളിക്കുകയും തന്റെ കണ്ണുനീര്‍ത്തുള്ളിയെ അത്തരം വഴക്കങ്ങളില്‍ നിന്നെല്ലാം വിമുക്തയാക്കി അവതരിപ്പിക്കുയും ചെയ്തു. ഇവിടെ മാരാര്‍ ഇങ്ങനെ എഴുതുന്നു " ആക്കണ്ട സാഹിത്യ ഭരണാധികൃതന്മാരൊക്കെ തങ്ങള്‍ക്കുചിതങ്ങളായ പുരാതന ഗുഹകളില്‍ ഉള്‍വലിക്കപ്പെട്ടു കഴിഞ്ഞു. അവരുടെ പടുനിഴല്‍ പരന്നു കിടക്കുന്നതുമൂലം വിളര്‍ത്തും തളര്‍ന്നും നിന്നിരുന്ന വാസനാങ്കുരങ്ങള്‍ , ഇപ്പോള്‍ സ്വതന്ത്രതയുടെ സൂര്യപ്രകാശത്തില്‍ സ്വച്ഛന്ദം വളര്‍ന്നു വരികയാണ്.ഈ മഹത്തായ കാവ്യമാകട്ടെ പതുക്കെപ്പതുക്കെ കേരളീയ സാഹിത്യത്തിന്റെ ഹൃദയത്തിലേക്ക് ചുഴിഞ്ഞിറങ്ങുകയും വിശ്വസാഹിത്യത്തിന്റെ വിശാലതയിലേക്ക് പടര്‍ന്നു പിടിക്കുകയും ചെയ്തു"   

 

            എന്തുകൊണ്ടാണ് കണ്ണുനീര്‍ത്തുള്ളി മലയാളികളെ ഇത്രയും ആഴത്തില്‍ അലട്ടിയത് ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് മാരാര്‍ ഈ ലേഖനത്തില്‍ അന്വേഷിക്കുന്നത്.നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷമാണ് കവിയ്ക്ക് തന്റെ പ്രേയസ്സിയെ ജീവിതത്തിലേക്ക് ആനയിക്കാനുള്ള ഭാഗ്യമുണ്ടാകുന്നത്. ആ കാത്തിരിപ്പാകട്ടെ വേദനാ ഭരിതവുമായിരുന്നു. എന്നാലോ ഒന്ന് പുണര്‍ന്ന് നെടുവീര്‍പ്പിടാന്‍ കഴിയുന്നതിനുമുമ്പുതന്നെ അവള്‍ മരണത്തിലേക്ക് നടന്നു പോയി.  ഭാര്യാവിയോഗമുണ്ടാക്കിയ വേദനയെ ആവിഷ്കരിക്കുവാന്‍ ഉദ്യമിക്കുന്ന കവിയ്ക്ക് ആകട്ടെ പൂര്‍വ മാതൃകകളെല്ലാം തന്നെ പല്ലുകൊഴിഞ്ഞതും സടപൊഴിഞ്ഞതുമായിരുന്നു. കവി ഒരു കാവ്യമെഴുതുക എന്നതായിരുന്നില്ല ഉദ്ദേശിച്ചത് , തന്റെ അനശ്വരമായ പ്രണയത്തിന് ഒരിക്കലും പഴക്കം തട്ടാത്ത ഒരു സ്മാരകമുണ്ടാക്കുക എന്നതായിരുന്നു.ആ മോഹത്തില്‍ അദ്ദേഹം വിജയിച്ചുവെന്ന് മാരാര്‍ അടിവരയിടുന്നു. ആ വിജയത്തിന് കാരണമായി അദ്ദേഹം ഇങ്ങനെ സൂചിപ്പിക്കുകയു ചെയ്യുന്നു. "മറ്റു കവികളേയും അവരുടെ ഇതിവൃത്ത പാത്രങ്ങളേയും പോലെ താന്‍ സ്നേഹിക്കുന്നു എന്നതിലല്ല, താന്‍ സ്നേഹിക്കപ്പെടുന്നു എന്നതിലാണ് " ഇവിടെ കവി നിലകൊള്ളുന്നത്. വായനക്കാരന് അതുവരെയില്ലാത്ത ഒരുള്‍‌നോവ് സംഭാവന ചെയ്യുവാന്‍ അതുതന്നെയാണ് ആ കൃതിയെ പ്രാപ്തമാക്കുന്നതെന്നും മാരാര്‍ അടിവരയിടുന്നു.

 

            ഇടശേരിയുടെ ആദ്യത്തെ കാവ്യസമാഹാരമായ അളകാവലിയെക്കുറിച്ച് മാരാര്‍ എഴുതുന്നത് ഒരു സാഹിത്യവിദ്യാര്‍ത്ഥിയില്‍ അനല്പമായ കൌതുകമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇടശേരിയില്‍ തെളിഞ്ഞു കാണുന്ന നര്‍മ്മബോധമാണ് സമകാലികരില്‍ നിന്നും അദ്ദേഹത്തെ വേര്‍തിരിക്കുന്നതെന്ന് മാരാര്‍. " കുറേക്കാലമായി നമ്മുടെ ഭാഷയില്‍ തെരുതെരെ ആവിര്‍ഭവിക്കുന്ന ഈദൃശപ്രസിദ്ധീകരണങ്ങളെക്കാള്‍ ഞാന്‍ കാണുന്ന ഒരു പ്രധാന വൈശിഷ്ട്യം , ഇതിലുള്‍‌പ്പെട്ട ഏതാണ്ടെല്ലാ കൃതിയിലും ഒളിഞ്ഞോ തെളിഞ്ഞോ പരിസ്ഫുരിക്കുന്ന വിദഗ്ദമായ നര്‍മ്മ ബുദ്ധിയാണ്.അതാണ്, ഈ യുവകവിയുടെ വ്യക്തിത്വത്തെ വ്യവച്ഛേദിച്ച് അദ്ദേഹത്തിന് സാഹിത്യലോകത്തിലുള്ള സ്ഥാനം നിര്‍ണയിക്കുന്ന ഉപാധിയെന്ന് ഞാന്‍ വിചാരിക്കുന്നു"വികൃതങ്ങളായ ചേഷ്ടാനുകരണങ്ങളെക്കൊണ്ടും ഭാഷാനുകരണങ്ങളെക്കൊണ്ടും ഹാസ്യഭാവം പരത്തുന്ന ചാക്യാരുടെ പൊറാട്ടുകാരന്റെ , നര്‍‌മ്മ പ്രകാശമല്ല , മറിച്ച് സ്വയമൊന്ന് ചിരിക്കുക പോലും ചെയ്യാതെ വ്യംഗ്യപ്രധാനമായ ചാടുവാക്യം പറയുന്ന ഒരു തരം പരിഹാസ ശീലരുണ്ട്.കുറിക്കു കൊള്ളുന്ന അത്തരത്തിലുള്ള അതിമനോഹരമായ പ്രയോഗങ്ങള്‍ വിദഗ്ദ മനസ്സുകള്‍ക്കു മാത്രമേ കണ്ടെത്താനും ആസ്വദിക്കാനും കഴിയൂ. അത് കേവല ഹാസ്യത്തിനേയും കവച്ചു വെയ്ക്കുന്ന ഒന്നാണ്. അത്തരത്തിലുള്ള ധ്വനിപ്രധാനമായ നര്‍മ്മമാണ് ഇടശേരിയുടെ കാതല്‍ . ഈ വാദത്തിനെ സാധൂകരിക്കനെന്ന വണ്ണം അളകാവലിയിലെ പള്ളിച്ചൂണ്ടല്‍ മുതലായ രചനകളെ മാരാര്‍ ചൂണ്ടിക്കാണിക്കുന്നു.

 

            ശബ്ദസൌന്ദര്യത്തില്‍ ഭ്രമിച്ചും ആരെങ്കിലും ഒന്ന് വിമര്‍ശിച്ചു പോയാല്‍ അവര്‍‌ക്കെതിരെ കണ്ണുരുട്ടിയും തങ്ങളാണ് ബലവാന്മാര്‍ എന്ന് ഊറ്റംകൊള്ളുന്ന ഇക്കാലത്തെ ഉള്ളുറപ്പില്ലാത്ത കവികളുടെയിയിടയില്‍ ഇടശേരി വ്യത്യസ്തനാണ് എന്ന് മാരാര്‍ അടിവരയിട്ടു പറയുന്നുണ്ടെങ്കിലും താന്‍  ധാരാളമായി ഇകഴ്ത്തിപ്പോന്നിരുന്ന ജീവത്സാഹിത്യത്തിന്റെ കൂമ്പുകള്‍ ഈ കൃതിയിലും കാണാനുണ്ടെന്നതുകൊണ്ടുതന്നെ , ഈ യുവകവി തലമറന്ന് എണ്ണ തേയ്ക്കുകയാണെന്നൊരു ആക്ഷേപവും ഉന്നയിച്ചുകൊണ്ടാണ് പ്രസ്തുത ലേഖനം അദ്ദേഹം അവസാനിപ്പിക്കുന്നത്.

 

            മഗ്ദലനമറിയത്തില്‍ തന്റെ ഗുരുവായ സാക്ഷാല്‍ വള്ളത്തോള്‍ ക്രിസ്തുവിനേയും കൃഷ്ണനേയും സാധര്‍‌മ്മ്യമില്ലാത്തിടത്ത് കൂട്ടിക്കെട്ടിയതിലുള്ള വിപ്രതിപത്തി മഗ്ദലന മറിയവും വള്ളത്തോള്‍ കവിതയും എന്ന ലേഖനത്തില്‍ മാരാര്‍ പ്രകടിപ്പിക്കുന്നത്. നിശേഷ നിസംഗനായി സഞ്ചരിച്ച ക്രിസ്തുവിനും ആസക്തി ഭാവിച്ചു ജീവിച്ച കൃഷ്ണനും തമ്മിലെന്തു ബന്ധം എന്നാണ് അദ്ദേഹം ചോദിക്കുന്നത്.അഘടിതഘടനാപാടവത്തില്‍ കവി ഉത്സുകനായത് കല സൌന്ദര്യപ്രധാനമായതുകൊണ്ടാവാമെന്നും എന്നാല്‍ യുക്തിയുള്ളവര്‍ക്ക് അതത്ര എളുപ്പം ദഹിക്കുന്ന ഒന്നല്ലെന്നും രേഖപ്പെടുത്തിക്കൊണ്ടാണ് മാരാര്‍ ലേഖനം അവസാനിപ്പിക്കുന്നത്.

 

            ഇക്കാലത്ത് നളചരിതത്തിന് എത്രയെത്ര വ്യാഖ്യാനങ്ങള്‍ വന്നിട്ടുണ്ടെന്ന് കണക്കില്ല. എന്നാല്‍ മാരാര്‍ നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനം എന്ന ലേഖനമെഴുതുന്ന 1935 കാലത്ത് അത്രയേറെ ഉണ്ടായിട്ടുണ്ടെന്ന് കരുതുവാന്‍ വയ്യ. ആധികാരികമായി എണ്ണിപ്പോന്നത് രാജരാജ വര്‍മ്മയുടെ കാന്താരതാരകം വ്യഖ്യാനമാണ്. എന്നാല്‍ ബഹുധാ പ്രാമാണികനായ ഒരാളുടേതായിട്ടുപോലും അനവധാനതമൂലമുണ്ടായിട്ടുള്ള ചില പ്രമാദങ്ങള്‍ ഈ വ്യാഖ്യാനത്തിലും പറ്റിപ്പോയിട്ടുണ്ട്. അത്തരം പ്രമാദങ്ങളെയാണ് , സഹൃദയരഞ്ജിനി എന്ന വ്യാഖ്യാനത്തെ മുന്‍‌നിറുത്തി  ഈ ലേഖനത്തില്‍ മാരാര്‍ ചൂണ്ടിക്കാണിക്കുന്നത്. രാജരാജവര്‍മ്മയെ തിരുത്തിക്കൊണ്ട് എഴുതപ്പെട്ട സഹൃദയരഞ്ജിനിയും അബദ്ധങ്ങളില്‍ നിന്നും മുക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നതുകൂടി ശ്രദ്ധിക്കണം. പലപ്പോഴും കാന്താര താരകം കാണിച്ച ഉത്തരവാദിത്തബോധം പോലും ഈ കൃതി കാണിച്ചിട്ടില്ലെന്ന പരാതിയും അദ്ദേഹത്തിനുണ്ട്. ഒരാളുടെ വഴി തെറ്റാണെന്ന് തിരുത്താന്‍ ഇറങ്ങിപ്പുറപ്പെടുന്നയാള്‍ കൂടുതല്‍ യുക്തിഭദ്രമായ മറ്റൊരു വഴി സ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്നും എന്നാല്‍ സഹൃദയരഞ്ജിനിയുടെ കര്‍ത്തവായ ആര്‍ നാരായണപ്പണിക്കര്‍ അത്തരമൊരു ശേഷി പ്രകടിപ്പിച്ചിട്ടില്ലെന്നും ഏറെ അനിഷ്ടത്തോടെ മാരാര്‍ തുറന്നു പറയുന്നു.നളചരിതം പഠിക്കാന്‍ എടുക്കുന്നവര്‍ക്ക് നല്ലൊരു വഴികാട്ടിയാണ് മാരാരുടെ ഈ ലേഖനമെന്ന് പറയാതെ വയ്യ.

 

            വിവര്‍ത്തന സാഹിത്യം എന്ന ലേഖനത്തെക്കുറിച്ചുകൂടി സൂചിപ്പിക്കട്ടെ. വിവര്‍ത്തനങ്ങളുടെ ലക്ഷ്യം സാഹിത്യാസ്വാദനമോ പോഷണമോ അല്ലയെന്നും മറിച്ച് ലോകത്താകമാനമുള്ള ജനപദങ്ങള്‍ തമ്മില്‍ സാഹോദര്യബന്ധം ദൃഢീഭവിപ്പിക്കുക എന്നതാണെന്നും സുകുമാര്‍ അഴീക്കോട് സിദ്ധാന്തിച്ചതിനെ മുന്‍നിറുത്തിയാണ് മാരാര്‍ ഈ ലേഖനമെഴുതിയിരിക്കുന്നത്. മൂലകൃതിയുടെ സാഹിത്യരസം പൂര്‍ണമായും വിവര്‍ത്തനത്തിലേക്ക് കൊണ്ടുവരാന്‍ കഴിയില്ലെങ്കിലും വിവര്‍ത്തനങ്ങളുടെ ആസ്വാദനത്തിലൂടെ സ്വഭാവികമായും സാംസ്കാരിക വിനിമയത്തിലും സാഹോദര്യത്തിലും എത്തിച്ചേരാമെന്നും അതുകൊണ്ടുതന്നെ ആസ്വാദനമാണ് അവയുടെ മുഖ്യലക്ഷ്യമെന്നുമാണ് മാരാരുടെ പക്ഷം.

 

            ഉപസംഹാരം - സാഹിത്യ വീക്ഷണം മാരാരെ പൂര്‍ണമായും പ്രതിഫലിപ്പിക്കുന്നില്ലെങ്കിലും പ്രധാനപ്പെട്ട ചില അംശങ്ങളെ എടുത്തുകാണിക്കുന്നുണ്ട്. ഒരു നിരൂപകന്‍ എന്ന നിലയില്‍ മുറുകെപ്പിടിക്കേണ്ട മൂല്യങ്ങളെക്കുറിച്ചു ബോധം ഈ ലേഖനങ്ങളില്‍ നമുക്ക് കണ്ടെത്താം. അതുപോലെതന്നെ പക്ഷപാതരഹിതനായിരിക്കണം ഒരു നിരൂപകന്‍ എന്ന ചിന്തയ്ക്ക് വിരുദ്ധമായ ചില പ്രകടനങ്ങളേയും കാണാം. അദ്ദേഹത്തിന്റെ കൂടുതല്‍‌ കനപ്പെട്ട കൃതികളെ പരിചയപ്പെടുമ്പോള്‍  ആ വിമര്‍ശക പ്രതിഭയുടെ മഹാശൃംഗങ്ങളെ കൂടുതല്‍ അടുത്തറിയുവാന്‍  നമുക്കു കഴിയുമെന്ന് പ്രത്യാശിക്കുക.

 

(ചിത്രത്തിന് കടപ്പാട്)

 

                                                                         

മനോജ് പട്ടേട്ട് || 2020 സെപ്തംബര് 01 , 08.15 AM ||

 


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം