#ദിനസരികള് 1261 നൂറു ദിവസം നൂറു പുസ്തകം - ആമുഖം

 

നൂറു ദിവസം നൂറു പുസ്തകം - ഇങ്ങനെയൊരു പരിപാടി 2018 ലാണ് ഞാന്‍ തുടങ്ങിയത്. നൂറു ദിവസംകൊണ്ട് നൂറു വ്യത്യസ്തമായ പുസ്തകങ്ങള്‍ വായിക്കുകയും വായിച്ചവയെക്കുറിച്ച് കുറിപ്പുകളെഴുതുകയും ചെയ്യുക എന്നതായിരുന്നു ഉദ്ദേശം. അതനുസരിച്ച് അന്ന് നൂറു പുസ്തകങ്ങള്‍ അവതരിപ്പിച്ചു. ഇപ്പോള്‍ ഒരിടവേളയ്ക്കു ശേഷം 2020 ല്‍ വീണ്ടും അതേ വായനോത്സവം തുടങ്ങുകയാണ്. എന്നാല്‍ ഇത്തവണ ഒരെഴുത്തുകാരന്റെ പ്രധാനപ്പെട്ട എല്ലാ പുസ്തകങ്ങളും അവതരിപ്പിക്കാനാകുമോ എന്നാണ് ശ്രമിക്കുന്നതെന്ന ഒരു വ്യത്യാസമുണ്ട്.          

            അതനുസരിച്ച് ആദ്യം ഞാന്‍ വായനക്കെടുക്കുന്നത് കുട്ടികൃഷ്ണമാരാരെയാണ്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പുസ്തകങ്ങളിലൂടെ കടന്നു പോയതിനു ശേഷം , മുണ്ടശേരി , കേസരി എ ബാലകൃഷ്ണ പിള്ള, എം വി ഗോവിന്ദന്‍ , എം പി പോള്‍ , കെ ദാമോദരന്‍ , എം എന്‍ വിജയന്‍ , സുകുമാര്‍ അഴീക്കോട് തുടങ്ങി മലയാളത്തിലെ ലബ്ദപ്രതിഷ്ഠരായ വിമര്‍ശകരുടെ കൃതികളെ വായനക്കെടുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. താല്പര്യമുള്ളവര്‍ക്ക് ഒപ്പം ഓരോ പുസ്തകവുമായി കൂടാം.

.............................................................................................................

മാരാരെ അറിയാം.

 

"നമുക്ക് ലോകോത്തരനായ ഒരു കവിയില്ല , ഒരു നോവലിസ്റ്റില്ല , ഒരു നാടകകൃത്തില്ല. എന്നാല്‍ വിശ്വമണ്ഡലത്തിലെ ഏതൊരു നിരൂപകനുമൊപ്പം തോളോടു തോള്‍ ചേര്‍ന്നു നില്ക്കുവാന്‍ യോഗ്യതയുള്ള ഒരു വിമര്‍ശകനുണ്ട്" എന്ന് അത്യൂദാരപൂര്‍വ്വം രേഖപ്പെടുത്തിക്കൊണ്ടാണ് കല ജീവിതം തന്നെ എന്ന പുസ്തകത്തിന്റെ അവതാരികയില്‍ കുട്ടികൃഷ്ണമാരാരെ ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് മലയാള വിമര്‍ശന സാഹിത്യത്തില്‍ ഏകഛത്രാധിപതിയായി വാഴിക്കുന്നത്. "ശാശ്വത മൂല്യദൃഷ്ടിയും സ്വതന്ത്ര ചിന്തയും ചേര്‍ന്ന് മാരാര്‍ മലയാളത്തിലെ ഏറ്റവും കാലപരാധീനനല്ലാത്ത വിമര്‍ശകനായിത്തീര്‍ന്നിരിക്കുന്നു.മാരാരെ ഇന്നത്തെ വിമര്‍ശകനെന്നോ ഇന്നലത്തെ വിമര്‍ശകനെന്നോ നാളത്തെ വിമര്‍ശകനെന്നോ കാലക്കുറിമാനം ചേര്‍ത്ത് വിളിക്കുക സുകരമല്ല. നമ്മുടെ വിമര്‍ശന സാഹിത്യത്തില്‍ മുണ്ടശേരിക്ക് ചരിത്രപ്രാധാന്യം കൂടുമെങ്കില്‍ മാരാര്‍ക്കാണ് സ്വതപ്രാമാണ്യം കൂടുതല്‍. സ്വതപ്രാമാണ്യതയുള്ളവര്‍ തല്ക്കാലം ശ്രദ്ധിക്കപ്പെട്ടില്ലെന്നു വന്നാലും അവരുടെ സ്വാധീനത പിന്നീട് പ്രബലതരമായിത്തീരും" എന്നുകൂടി അഴീക്കോട് എഴുതുന്നുണ്ട്.

            അഴീക്കോടിന് മാരാരോട് ഉദാരത അല്പം കൂടുമെങ്കിലും ഒരു കാലഘട്ടത്തെ തനിക്കു ചുറ്റും നിറുത്തുവാന്‍ മാരാര്‍ക്ക് കഴിഞ്ഞുവെന്നത് സത്യം തന്നെയാണ്. മാരാര്‍ എന്തു പറഞ്ഞു എന്ന് വ്യഗ്രതപ്പെടാത്ത ഒരെഴുത്തുകാരനും അക്കാലത്തുണ്ടായിരുന്നില്ല. പറയുന്നതില്‍ ആഴത്തിലുള്ള അറിവ് മാരാരെ വേറിട്ടു നിറുത്തിയ വലിയ ഘടകമാണ്. പൌരസ്ത്യ സാഹിത്യ മിമാംസയില്‍ മാരാര്‍ക്ക് അപാരമായ പാണ്ഡിത്യമുണ്ടായിരുന്നു. എന്നാല്‍ അത്രതന്നെ അപരിചിതത്വം പാശ്ചാത്യ ചിന്തയുമായിട്ടുമുണ്ടായിരുന്നു. അന്ധമായ ആരാധന മാരാര്‍ക്ക് ആരോടുമുണ്ടായിരുന്നില്ല ചോദ്യം ചെയ്യാതെയും യുക്തിയുടെ ചാണയില്‍ വെച്ച് പരിശോധിക്കാതെയും എങ്കിലും  സ്വീകരിക്കുകയെന്നത് മാരാരെ സംബന്ധിച്ച് അസാധ്യമായിരുന്നു. സാഹിത്യഭൂഷണം അത്തരത്തിലൊരു പരിശോധനയുടെ പരിണതഫലമായിരുന്നു. എ ആര്‍ രാജരാജവര്‍മ്മയുടെ അപ്രീതിക്ക് നിമിത്തമായ ആ കൃതി പക്ഷേ , മാരാരുടെ ആര്‍ജ്ജവത്തിന് നിദര്‍ശനമായിരുന്നു.മാരാര്‍ സാഹിത്യഭൂഷണം രചിച്ചത് തന്റെ ഇരുപത്തിയൊമ്പതാമത്തെ വയസിലായിരുന്നുവെന്നു കൂടി മനസ്സിലാക്കുക. എ ആറിനെപ്പോലും ചോദ്യം ചെയ്യാന്‍ കരുത്തു കാണിച്ച ആ പ്രതിഭയുടെ പാണ്ഡിത്യത്തിന്റെ സൂചികകൂടിയാണ് സാഹിത്യഭൂഷണം. എങ്കിലും വള്ളത്തോളിനെ പലപ്പോഴും ഉയര്‍ത്തിക്കാണിക്കുവാനും കുമാരനാശാനെ താഴ്ത്തുവാനും മാരാര്‍ അക്ഷീണം പ്രയത്നിച്ചുവെന്നൊരു ആക്ഷേപം കൂടി നിലവിലുള്ളത് നാം കാണാതിരുന്നുകൂടാ.

            പുരോഗമന പ്രസ്ഥാനങ്ങളോട് അദ്ദേഹം നിരന്തരം കലഹിച്ചുകൊണ്ടിരുന്നുവെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അപ്പുറത്ത് മാരാരുടെ പ്രതിഭയെ മാനിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. മാരാരെക്കുറിച്ച് മലയാളികളുടെ മലയാളം എന്ന ലേഖനത്തില്‍‌ ഇ എം എസ് എഴുതുന്നു :- മലയാള സാഹിത്യലോകത്തില്‍ വിഖ്യാതനായ ഒരു നിരൂപകനായിരുന്നുവല്ലോ അന്തരിച്ച കുട്ടികൃഷ്ണമാരാര്‍. അദ്ദേഹത്തിന്റെ നിരൂപണ രീതി കേവലം വ്യാകരണ വൃത്താദികളെ ആശ്രയിക്കാതെ സാഹിത്യകൃതികളുടെ ഉള്ളടക്കത്തിലേക്ക് ആണ്ടിറങ്ങിച്ചെല്ലുന്നതായിരുന്നു. അതേ അവസരത്തില്‍ നല്ല മലയാളം എങ്ങനെയെഴുതണം എന്നതു സംബന്ധിച്ച് വളരെ വ്യക്തമായ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു താനും.ഇതിന്റെ ഉജ്വലമായ ഒരു മാതൃകയാണ് അദ്ദേഹത്തിന്റെ മലയാള ശൈലി എന്ന കൃതി.മലയാളം എഴുതുന്നത് തെറ്റുകൂടാതെയായിരിക്കണം എന്ന കാര്യത്തില്‍ മാരാര്‍ക്കുണ്ടായിരുന്ന നിഷ്കര്‍ഷ ഇന്നത്തെ എഴുത്തുകാര്‍ക്കും നിരൂപകര്‍ക്കും ഇല്ലാതെ പോയതില്‍ സങ്കടപ്പെടുന്ന ഒരാളാണ് ഞാന്‍" (ഇ എം എസിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ - കേരള സാഹിത്യ അക്കാദമി , പേജ് 168 ) ഈ സാക്ഷ്യപ്പെടുത്തല്‍ മാരാരുടെ പ്രസക്തിയെ അടയാളപ്പെടുത്തുന്നതാണെന്ന കാര്യത്തില്‍ സംശയമില്ലല്ലോ.

            കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുരോഗമന സാഹിത്യ പ്രസ്ഥാനം എന്ന പുസ്തകത്തില്‍ പി കെ ഗോപാലകൃഷ്ണന്‍ നിരീക്ഷിക്കുന്നതുകൂടി നോക്കുക. : " കല കലയ്ക്കു വേണ്ടി എന്ന് മുപ്പതുകളില്‍ വാശി പിടിച്ചിരുന്ന കുട്ടികൃഷ്മമാരാരെ കല ജീവിതം തന്നെ എന്ന വാദക്കാരനായി മാറ്റുന്നതിനും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന് കഴിഞ്ഞു."  ജീവിതമെന്നതാകട്ടെ രാജാക്കാന്മാരുടെ മറ്റു മേധാവികളുടേയും ജീവിതം മാത്രമല്ല , കര്‍ഷകന്റേയും അടിസ്ഥാന വര്‍ഗ്ഗത്തിന്റേയും കൂടി ജീവിതമാണെന്ന് മാരാരടക്കമുള്ളവര്‍ അംഗീകരിക്കുന്ന സാഹചര്യമുണ്ടായി. പുരോഗമന സാഹിത്യ സംഘത്തിന്റെ മുമ്പേയുണ്ടായിരുന്ന ജീവത് സാഹിത്യവുമായി ബന്ധപ്പെട്ട് ഇ എം എസിനെപ്പോലെയുള്ളവരെപ്പോലും തഴഞ്ഞ മാരാര്‍ , പക്ഷേ ചിലതൊക്കെ തിരിച്ചറിയുകയായിരുന്നു.

            എതിരഭിപ്രായങ്ങള്‍ എത്രയൊക്കെയുണ്ടെങ്കിലും മാരാരുടെ പ്രസക്തിയെക്കുറിച്ച് ആര്‍ക്കും തന്നെ സംശയമുണ്ടാകില്ല. മാരാരുടെ പക്ഷപാതങ്ങള്‍ പോലും ആത്മാര്‍ത്ഥതയുള്ളതായിരുന്നു. നിഷ്പക്ഷത എന്നത് അപകടകരമായ ഒന്നാണെന്നും അത് ഒന്നിനേയും മുന്നോട്ടു നയിക്കുകയില്ലെന്നും ഒരുപക്ഷേ മലയാളത്തില്‍ ആദ്യമായി കണ്ടറിഞ്ഞത് മാരാരായിരിക്കണം. അതുകൊണ്ടുതന്നെയാണ് പക്ഷപാതിയായിരിക്കുന്നതില്‍ അദ്ദേഹം ഒരു ഊറ്റം കൊള്ളുന്നത്. സ്വപക്ഷത്തിനു വേണ്ടി വാദിക്കുന്നതും ജയിക്കുന്നതും ആ അര്‍ത്ഥത്തില്‍ ഒരു ലഹരിയായി അദ്ദേഹം കണ്ടിട്ടുണ്ടാകണം. തന്റെ പക്ഷം ആരെക്കൊണ്ട് എന്താണ് ചിന്തിപ്പിക്കുകയെന്ന് ആലോചിക്കാതെ താന്‍ ചിന്തിക്കുന്നതിനെ സത്യസന്ധമായി തുറന്നു പറയാന്‍ അദ്ദേഹം കരുത്തു കാണിച്ചു. ."എന്തുകണ്ടിട്ടാണ് വലിയ വലിയ ആളുകളൊക്കെ ഈ യുദ്ധവും സമാധാനവും ഒരു വിശ്വമഹാഗ്രന്ഥമാണെന്ന് വാഴ്ത്തുന്നത് ? എന്തുകാണാഞ്ഞിട്ടാണ് എനിക്കീ മഹാനദി മരുഭൂമിയായി പരിണമിച്ചത് ? " എന്നു ചോദിക്കുന്ന മാരാരേയും നാം കാണാതിരിക്കരുത്.

            മാരാരെ അറിയുക എന്നാല്‍ മലയാളത്തെ അറിയുക എന്നാണ്. അതുകൊണ്ട് മാരാരുടെ പ്രധാനപ്പെട്ട കൃതികളിലൂടെ ഒരു സഞ്ചാരത്തിന് തുടക്കം കുറിക്കുന്നു.


മനോജ് പട്ടേട്ട് || 2020 സെപ്തംബര് 30 , 11.15 AM ||

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1