#ദിനസരികള് 684


സീതാവിചാരങ്ങള്‍ : പ്രതി രാമന്‍ തന്നെ       

കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ , അതു പ്രസിദ്ധീകരിക്കപ്പെട്ട അന്നുമുതല്‍ നാം അനുകൂലിച്ചും പ്രതികൂലിച്ചും പഠനത്തിനെടുത്തിട്ടുണ്ട്. ഇപ്പോള്‍ ആ കൃതിക്ക് നൂറുവയസ്സ് തികയുന്നുവെന്നതുകൊണ്ട് പലരും വീണ്ടും വീണ്ടും സീതയെ വായിക്കാനും വിലയിരുത്താനും ശ്രമിച്ചു കാണുന്നു.എന്നിരുന്നാലും എത്രക്കെത്രക്ക് നാം അടുക്കാന്‍ ശ്രമിക്കുന്നുവോ അത്രക്കത്രക്ക് സീത നമ്മില്‍ നിന്നും അകന്നു നില്ക്കുന്നുവെന്നതാണ് ആ കൃതിയോട് നമുക്കുള്ള അസക്തിക്ക് ഒരു കാരണം.
            മലയാളത്തിലെ മിക്ക നിരൂപകരും തന്നിഷ്ടം പോലെ സീതയുടെ മനസ്സിനെ തുറന്നു കാണിക്കാന്‍ ശ്രമിക്കാതിരുന്നിട്ടില്ല. മുണ്ടശേരിയും കുട്ടികൃഷ്ണമാരാരും അഴീക്കോടുമൊക്കെ ആ പട്ടികയിലെ പ്രധാനികളാണ്.അവരെല്ലാവരും തന്നെ സീതയുടെ രഹസ്യം തേടിയവരാണെങ്കിലും കൈപ്പിടിയിലൊതുങ്ങിയോയെന്നത് വ്യക്തമായിട്ടില്ലയെന്നതാണ് വസ്തുത.
            സീതയെ ഒന്ന് വിളക്കുവെച്ച് പഠിച്ചു നോക്കാന്‍ ഞാനും ശ്രമിച്ചിട്ടുണ്ട്.ശ്രമിച്ചിട്ടുണ്ട് എന്ന പ്രയോഗത്തിലെ  ധൈഷണികധിക്കാരം മനസ്സിലാക്കി ശ്രമിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് തിരുത്തട്ടെ!
            കുമാരനാശാന്റെ സീതയുമായി പ്രത്യക്ഷമായി ഒരു ബന്ധവുമില്ലെങ്കിലും സീതാവിചാരങ്ങളില്എന്നെ ഏറ്റവും ആകര്ഷിച്ചത് സി എന്‍ ശ്രീകണ്ഠന്‍ നായരുടെ കാഞ്ചന സീതയില്‍ രാമ ഭരത സംവാദമാണ്. ഭരതന്റെ നിലപാടുകള്‍ സീതയുടെ മനസ്സിനെ കൂടുതല്‍ സുവ്യക്തമാക്കിത്തരുന്നുവെന്ന് ഞാന്‍ വിചാരിക്കുന്നു.ഭരതന്റെ കാഴ്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തി കുമാരനാശാന്റെ സീതയെ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിസ്ഥാനത്ത് സാക്ഷാല്‍ ശ്രീരാമചന്ദ്രന്‍ എഴുന്നള്ളി നില്ക്കുന്നതു കാണാം.അതിന് ഉപോല്‍ബലകമായ തെളിവുകള്‍ ധാരാളമായി ആശാന്‍ സീതാകാവ്യത്തില്‍ നിരത്തി വെച്ചിട്ടുമുണ്ട്.രാമന്‍ നായകനല്ല , പ്രതിയാണ് എന്ന് കാഞ്ചനസീതയും ആശാന്റെ സീതയും പ്രഖ്യാപിക്കുന്നു. അതെ അതെ എന്ന് ഞന്‍ ആ നിലപാടുകളെ പിന്താങ്ങുകയും ചെയ്യുന്നു.
            കാഞ്ചനസീതയിലെ രാമ-ഭരത സംവാദം വായിക്കുക :-
ഭരതന്‍ അടിയന് മഹര്‍ഷിമാരുടെ സമ്പര്‍ക്കം ലഭിച്ചിട്ടില്ല.ജീവിതത്തിന്റെ ഗൂഢതത്വങ്ങള്‍ ഗ്രഹിച്ചിട്ടുമുല്ല.എങ്കിലും ജീവിച്ചിട്ടുണ്ട്.ജീവിതം കണ്ടിട്ടുണ്ട്.അവിടുക്കെ തൃപ്പാദങ്ങളെ സാക്ഷി നിറുത്തി അയോധ്യാപുരിയുടെ ജീവിതം സംരക്ഷിച്ചിട്ടുമുണ്ട്.സത്യത്തിന്റെ വ്യാഖ്യാനങ്ങള്‍ അടിയന്‍ അറിഞ്ഞിട്ടില്ല. എങ്കിലും സത്യം അറിഞ്ഞിട്ടുണ്ട്.
രാമന്‍ രാജാവിന്റെ സത്യം പ്രജാഹിതമാണ്
ഭരതന്‍ പ്രജാഹിതം സത്യമല്ലല്ലോ
രാമന്‍ ഹിതത്തിന്റെ സാഫല്യമല്ലേ ക്ഷേമം
ഭരതന്‍ ഹിതം വിവിധമാണെങ്കില്‍ ? വിഭിന്നമാണെങ്കില്‍ ? അങ്ങയുടെ വനവാസം ആരുടെ ഹിതമായിരുന്നു?
രാമന്‍ രാജ ദശരഥന്റെ വാഗ്ദാനം പാലിക്കാന്‍ പ്രജാവലി ആഗ്രഹിച്ചു.
ഭരതന്‍ ആ പ്രജവലിയാണ് കണ്ണുനീരൊഴുക്കി കാടുംമേടും താണ്ടി അടിയന്റെ പിറകേ അങ്ങയെ കാണാന്‍ വന്നത്.അതു മഹാരാജന്‍ മറന്നുപോയോ ? മഹാറാണിക്കു വിധിച്ച നിര്‍വ്വാസദണ്ഡനം ആരുടെ ഹിതമാണ്
(  ഇവിടെ എത്ര സൂക്ഷ്മമായാണ് രാമനുന്നയിക്കുന്ന പ്രജാഹിതം എന്ന വാദത്തെ ഭരതന്‍ അസാധുവാക്കുന്നതെന്ന് നോക്കുക. ഇതേ പ്രജാഹിതം എന്ന നിലപാടാണ് ആശാന്റെ സീതയും മുന്നോട്ടു വെയ്ക്കുന്നത്.
പിരിയാം പലകക്ഷിയായ് ജനം 
പരിശോധിച്ചറിയേണ്ടയോ നൃപൻഎന്ന സീത ആക്ഷേപിക്കുന്നുണ്ട് )
രാമന്‍ എങ്കില്‍ നിര്‍വ്വാസദണ്ഡനം രാജഹിതമായിരുന്നു (രാമനിവിടെ പൊളിഞ്ഞു വീഴുന്നതു കണ്ട് വായനക്കാരന്‍ പൊട്ടിച്ചിരിക്കുന്നത് എനിക്ക് കാണാന്‍ കഴിയുന്നു )
ഭരതന്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അവിടുന്ന് അത് സമ്മതിക്കുന്നു.പക്ഷേ മഹാരാജന്‍ അത് രാജഹിതവുമല്ല , രാമന്റെ ഹിതമാണ്.സുഗ്രീവന്റെ കൂടെ പോയി പൊറുക്കാന്‍ അങ്ങ് ആ സതിരത്നത്തോട് ആജ്ഞാപിച്ചെന്ന് കേട്ടിട്ടുണ്ട്.അങ്ങ ശപിച്ചു. ഭര്‍ത്സിച്ചു.ഗത്യന്തരമില്ലാതെ ആ സാധ്വി അന്ന് അഗ്നികുണ്ഡത്തില്‍ ചാടി അടിയനെപ്പോലുള്ളവര്‍ക്ക് അന്നേ അറിയാം നിര്‍വ്വാസദണ്ഡനം രാമന്റെ ഹിതമായിരുന്നുവെന്ന്.ക്ഷമിക്കണം രാജന്‍ പന്ത്രണ്ടു വര്‍ഷം മുമ്പ് അടിയന്‍ ചോദിച്ച അതേ ചോദ്യം വീണ്ടും ചോദിച്ചു പോകുന്നു. സീതാദേവി സുചരിതയാണെന്ന് അങ്ങു കരുതുന്നുണ്ടോ?
രാമന്‍ സീത അഗ്നിപരീക്ഷയില്‍ വിജയിച്ചു.
ഭരതന്‍ അന്നത്തെ മറുപടിയും ഇതുതന്നെ . എന്നിട്ടും ജനങ്ങള്‍ സംശയിച്ചു.അതുകൊണ്ടുതന്നെ കൈവെടിഞ്ഞുവെന്നും പറയും
രാമന്‍ സത്യം അതാണ്.
(സംരക്ഷിക്കാന്‍ ശേഷിയില്ലായിരുന്നുവെങ്കില്‍ സീതയെ കാട്ടില്‍ കൊണ്ടുപോയതെന്തിന് എന്നും തെറ്റുകാരന്‍ രാമന്‍ തന്നെ എന്നും തീര്‍ത്തു പറയുന്നുണ്ട് ഭരതന്‍. സംശയിക്കാന്‍ സാഹചര്യമുണ്ടാക്കിയതും ആദ്യം സംശയിച്ചതും അങ്ങാണ്. സംശയത്തിന്റെ പേരില്‍ ശിക്ഷിച്ചതും അങ്ങുതന്നെ എന്നുകൂടി ഭരതന്‍ രാമന്റെ മുഖത്ത് എറിഞ്ഞതിനു ശേഷമേ ഭരതന്‍ വിരമിക്കുന്നുള്ളു - തുടരുന്നു )
രാമന്‍ കുമാരാ നമ്മുടെ സ്ഥാനത്ത് നീയാണെങ്കില്‍ എന്തു ചെയ്യുമായിരുന്നു?
ഭരതന്‍ സുചരിതയായ സതീരത്നത്തെ സ്വൈരിണിയെന്ന് അധിക്ഷേപിക്കുന്ന കണ്ഠങ്ങള്‍ക്ക് അടിയന്റെ ഖഡ്ഗമായിരിക്കും മറുപടി പറയുക.അടിയന്റെ പത്നിയായായും അന്യന്റെ പത്നിയായാലും
കാഞ്ചനസീതയിയെ രാമവിചാരണയെ നമുക്ക് ഇവിടെ നിറുത്തുക.രാമന്‍ തന്നെയാണ് പ്രതി എന്ന് ഭരതന്‍ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നുണ്ട്.രാമന്‍ ഉന്നയിച്ച ഒരു മറുപടിയും ഭരതന് ആക്ഷേപ രഹിതമായി തോന്നിയില്ല.തെറ്റു ചെയ്തവന്‍ പിടിക്കപ്പെട്ടപ്പോള്‍ പറയുന്ന മുട്ടാപ്പോക്കുകളായി മാത്രമേ രാമനെ നമുക്കും ഭരതനും ഇവിടെ കണ്ടെടുക്കാനാകൂ.
            സീതയും കടുത്ത ഭാഷയില്‍ത്തന്നെ രാമനെ വിചാരണ ചെയ്യുന്നുണ്ട്.കുറ്റക്കാരന്‍ രാമനാണ് എന്ന് വളരെ വ്യക്തമായി സീത പ്രഖ്യാപിക്കുന്നുമുണ്ട്. ജനവാദം പരിശോധിച്ചറിയേണ്ട നൃപന്‍ അതിനു മുതിരാതിരുന്നതുകാരണം തനിക്കെതിരെയുള്ള ആക്ഷേപം ശരിയാണെന്നു വന്നില്ലേ എന്ന് സുചരിതയായ ആ സതീ രത്നം ചോദിക്കുന്നത് ചക്രവാളങ്ങളില്‍ മുഴങ്ങി നില്ക്കുന്നു.  നോക്കുക.

അപകീർത്തിഭയാന്ധനീവിധം 
സ്വപരിക്ഷാളനതല്പരൻ നൃപൻ 
കൃപണോചിതവൃത്തിമൂലമെ- 
ന്നപവാദം ദൃഢമാക്കിയില്ലയോ

തന്നെ സംരക്ഷിക്കേണ്ടതിന് കടപ്പെട്ട പതി അതിനു മുതിരാതെ ജനം പറയുന്ന അപവാദത്തെ മുഖവിലക്കെടുത്തത് ശരിയല്ലെന്നു മാത്രമല്ല , ഒരു പ്രജ എന്ന നിലയില്‍ രാജാവില്‍ നിന്നും ലഭിക്കേണ്ട സ്വഭാവികമായ നീതിപോലും തനിക്ക് ലഭിച്ചതില്ലെന്ന വ്യസനംകൂടി ഇവിടെ സീതയില്‍ നമുക്ക് വായിച്ചെടുക്കാം.
            പതിയെന്ന നിലയില്‍ രാമന്‍  പാലിക്കേണ്ട ധര്‍മ്മം പാലിച്ചില്ലെങ്കിലും ഭാര്യ എന്ന നിലയില്‍ പാലിക്കേണ്ടവയെ അനുവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണ് എന്ന പ്രഖ്യാപനമാണ് രാമനെ ന്യായീകരിക്കുവാന്‍ സീതയെ പ്രേരിപ്പിക്കുന്നത്. അത് രാമനുള്ള പ്രശംസയാണെന്ന് കരുതിപ്പോയാല്‍ നമുക്കാണ് തെറ്റു പറ്റുക.രാമനെ സംരക്ഷിച്ചു പിടിക്കുന്നതിനായി സീത ഉന്നയിക്കുന്ന ഓരോ വാദങ്ങളും രാമന്റെ പെട്ടിയില്‍ അടിച്ച ആണികളാകുന്നത് അങ്ങനെയാണ്. രാമന്‍ നില മറന്നാലും താന്‍‌ അങ്ങനെ ചെയ്യില്ലെന്നതാണ് സീതയെ വീണ്ടും വീണ്ടും അനുവാചകനിലേക്ക് വലിച്ചടുപ്പിച്ചു നിറുത്തുന്നത്. രാമനെ എത്രയൊക്കെ ന്യായികരിച്ചാലും അവസാനം വരെ ഞാന്‍ സുചരിത്രതന്നെയെന്നാണ് സീത പറയുന്നത്. ആ നിലപാടിന്റെ മുമ്പില്‍ കളങ്കപ്പെട്ടു നില്ക്കുന്നത് രാമനാണ്.അതുകൊണ്ടുതന്നെയാണ് അഭിമാനിനിയാണ് താനെന്നതു കൊണ്ട് പറഞ്ഞുപോയതാണെന്ന് സീത ക്ഷമ ചോദിക്കുന്നത്. അവിടേയും ഊന്നുന്നത് തലകുനിക്കുക വയ്യ എന്നുതന്നെയാണ്.
            സീത രാമനെയാണ് പ്രതിസ്ഥാനത്തു നിറുത്തുന്നത്. ആ രാമനെ ധര്‍മ്മത്താല്‍ കെട്ടിയിടപ്പെട്ടുപോയവന്‍ എന്ന ആനുകൂല്യം നല്കി സംരക്ഷിക്കുന്നവരുടെ സ്ഥാനം പുരിക്ക് പുറത്താണ്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1