#ദിനസരികള് 458 - നൂറു ദിവസം നൂറു പുസ്തകം – മുപ്പത്തൊന്നാം ദിവസം.‌







||വിമര്‍ശനത്തിലെ രാജവീഥികള്‍ സി രാജേന്ദ്രന്‍||
            നമ്മുടെ  സാഹിത്യമേഖലയില്‍ നിരന്തരം ഇടപെടുകയും ഭാവുകത്വങ്ങളെ കാലത്തിനനുസരിച്ച് പുതുക്കിപ്പണിയാനുള്ള പ്രാപ്തി പ്രകടിപ്പിക്കുകയും ചെയ്ത സ്വദേശാഭിമാനി രാമകൃഷ്ണപിള്ള , സഞ്ജയന്‍ , കുട്ടികൃഷ്ണമാരാര്‍ , കേസരി എ ബാലകൃഷ്ണപിള്ള , ജോസഫ് മുണ്ടശ്ശേരി, എം പി ശങ്കുണ്ണി നായര്‍ , അയ്യപ്പപ്പണിക്കര്‍, ആര്‍ വിശ്വനാഥന്‍ എന്നീ വിമര്‍ശകരെക്കുറിച്ച് ഡോ. സി രാജേന്ദ്രന്‍ എഴുതിയ വിമര്‍ശനത്തിലെ  രാജവീഥികള്‍ എന്ന ഈ പുസ്തകം , അദ്ദേഹത്തിന്റെ മറ്റെല്ലാ കൃതികളേയും പോലെതന്നെ നവീനമായ ഉള്‍ക്കാഴ്ചകളാല്‍ സമ്പൂഷ്ടമാക്കപ്പെട്ടിരിക്കുന്നു. നിലവിലുള്ള ചില ധാരണകളെ തിരുത്തിക്കൊണ്ടും ചിലവയെ പുതിയതായി സ്ഥാപിച്ചുകൊണ്ടുമാണ് ഓരോ വിമര്‍ശകരുടേയും ചിന്തകളിലൂടെ അദ്ദേഹം കടന്നുപോകുന്നത്.
            നവോത്ഥാന വിമര്‍ശം : സ്വദേശാഭിമാനിയുടെ പങ്ക് എന്ന ഒന്നാമത്തെ ലേഖനത്തില്‍ ശക്തവും സ്ഥിരതയുള്ളതുമായ അഭിപ്രായപ്രകടനങ്ങളാല്‍ അധികാര കേന്ദ്രങ്ങളുടെ സിംഹാസനങ്ങളെ പിടിച്ചുകുലുക്കിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ചിന്തകളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.സാഹിത്യ വിമര്‍ശനം അതിന്റെ ശൈശവം പോലും പിന്നിടാത്ത പത്തൊമ്പതാം നൂറ്റാണ്ടിലെ ഉത്തരാര്‍ദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദിമ ദശകങ്ങളിലും എഴുതപ്പെട്ടവയാണ് അദ്ദേഹത്തിന്റെ ലേഖനങ്ങളും പഠനങ്ങളും മറ്റും.ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ അവയില്‍ കാലഘട്ടത്തിന്റേതായ ഒട്ടേറെ പരിമിതികള്‍ കണ്ടേക്കാം.എന്നാല്‍ അവയില്‍ നിന്നു കേള്‍ക്കുന്നത് നവോത്ഥാനത്തിന്റെ ശബ്ദമാണെന്ന് നാം തിരിച്ചറിയുന്നു.കാലഘട്ടത്തിന്റേതായ ഈ സവിശേഷതയെ തൊട്ടറിയാതെയാണ് പലരും അദ്ദേഹത്തിനെതിരെ പലപ്പോഴും വിമര്‍ശനമുന്നയിച്ചിട്ടുള്ളത്. 1912 ല്‍ മാര്‍ക്സിനെക്കുറിച്ചോ മാര്‍ക്സിസത്തെക്കുറിച്ചോ ലോകം വ്യാപകമായി ചിന്തിക്കാന്‍ തുടങ്ങുന്നതിനുമുമ്പുതന്നെ അദ്ദേഹത്തിന്റെ ജീവചരിത്രം മലയാളത്തില്‍ എഴുതിയ ക്രാന്തദര്‍ശിയായിരുന്നു സ്വദേശാഭമാനി എന്നത് നാം കാണാതെ പോകരുത് .അഭിപ്രായ ഭേദങ്ങളെ കാണാതിരിക്കുകയോ അവയെ തള്ളിക്കളയുകയോ ചെയ്തുകൊണ്ടല്ല ഞാന്‍ ഈ അഭിപ്രായം പറയുന്നത്.എന്നാല്‍ എല്ലാവിധ പ്രതികൂലവിമര്‍ശനങ്ങളേയും മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, പുരോഗമനോന്മുഖമായ ഒരു ദര്‍ശനത്തെ മുറുകെപ്പിടിക്കാന്‍ പലപ്പോഴും ഈ വിമര്‍ശകന്‍ ഒരുമ്പിട്ടിരുന്നുവെന്നത് വസ്തതയാണ്.അതു മനസ്സിലാക്കിയതുകൊണ്ടുതന്നെയാണ് പ്രാചീന കൃതികളെ ആധുനിക സമൂഹത്തിന്റെ മൂല്യബോധത്തിന്റെ വെളിച്ചത്തില്‍ സമീപിക്കുകയെന്ന നവോത്ഥാന സാംസ്കാരികപ്രക്രിയയാണ് സ്വദേശാഭിമാനി നിര്‍വ്വഹിച്ചത് എന്ന ലേഖകന്റെ അഭിപ്രായത്തോട് യോജിക്കുന്നത്.
            കൃതികളെ ഉത്കൃഷ്ടമായ മാസ്റ്റര്‍ പീസുകളുമായി താരതമ്യപ്പെടുത്തി വേണം മൂല്യനിര്‍ണയം നടത്താനെന്നു വിശ്വസിച്ചിരുന്ന നിരുപകനായ സഞ്ജയനെയാണ് രണ്ടാമത്തെ ലേഖനത്തില്‍ നാം കാണുന്നത്.പൊള്ളുന്ന ജീവിതാനുഭവങ്ങളില്‍ നിന്നോ ഉദാത്തമായ സാഹിത്യം പിറവിയെടുക്കുകയുള്ളുവെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.എന്നാല്‍ ആ പൊള്ളല്‍ ചങ്ങമ്പുഴയുടേതുപോലെ വൈയക്തികവും സാമൂഹികപ്രാധാന്യമില്ലാത്തതുമായിരിക്കരുതെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ അതൊരു വര്‍ഗ്ഗാധിഷ്ടിതമായ കാഴ്ചപ്പാടായിരുന്നുവെന്ന തെറ്റിദ്ധാരണ നമുക്കുണ്ടാകരുതെന്നു കൂടി സൂചിപ്പിക്കട്ടെ.
            സംസ്കൃതസാഹിത്യം സഞ്ജയനില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചാണ് മൂന്നാമത്തെ ലേഖനം വിചിന്തനം ചെയ്യുന്നത്.സംസ്കൃതത്തിലെ കൃതികള്‍ പ്രത്യേകിച്ചും ഭാരതവും ഭഗവത്ഗീതയുടമൊക്കെ സഞ്ജയന് ആധ്യാത്മിക മൂല്യങ്ങളെ പ്രദാനം ചെയ്യുന്നതിനുവേണ്ടി മത്സരിച്ചവയായിരുന്നു. ഷേക്സ്പിയറെക്കാള്‍ വലിയ എഴുത്തുകാരനായിരുന്നു കാളിദാസന്‍ എന്ന് സഞ്ജയന്‍ സ്ഥാപിച്ചെടുക്കുന്നുണ്ട്.ലോകത്തിന് മാര്‍ഗ്ഗദര്‍ശകമാകേണ്ട മൂല്യങ്ങളുടെ ഒരു സംഘാതമാണ് (അല്ലെങ്കില്‍ അങ്ങനെയൊന്ന് ) സംസ്കൃതംമാത്രമാണെന്നാണ് സഞ്ജയന്‍ ചിന്തിച്ചത്.
            പാഠവിമര്‍ശനത്തിന്റെ വെളിച്ചത്തില്‍  മാരാരുടെ നിലപാടുകളെ പരിശോധിക്കുകയാണ് മാരാരും പാഠവിമര്‍ശനവും എന്ന ലേഖനത്തില്‍.കാളിദാസകൃതികളെ വ്യാഖ്യാനിച്ച ആധൂനികരില്‍ മാരാരുടെ പങ്ക് അദ്വതീയമാണെന്ന് സൂചിപ്പിച്ചുകൊണ്ട് ആരംഭിച്ച ലേഖനം , എന്നാല്‍  പാഠവിമര്‍ശനത്തിന് മാരാര്‍ എന്തുകൊണ്ട് മാതൃകയാകുന്നില്ലെന്ന് വിശദീകരിക്കുന്നുണ്ട്.നിര്‍ദ്ദിഷ്ടകൃതിയുടെ താളിയോലകള്‍ , ഉദ്ധാരണങ്ങള്‍ എന്നിവ സമാഹരിക്കുക, പാഠഭേദങ്ങളുടെ വെളിച്ചത്തില്‍ ഗ്രന്ഥത്തിന്റെ ശാഖോപശാഖകളെ കണ്ടെത്തുക, ആ ക്രമത്തില്‍ പാഠഭേദങ്ങളെ തട്ടിച്ചുനോക്കി മൂലപാഠങ്ങളിലേക്കെത്തുക രേഖകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തുന്ന മൂലപാഠങ്ങള്‍ക്കുതന്നെ സംഭവിക്കാവുന്ന വൈകല്യങ്ങളെ ഔചിത്യപൂര്‍വ്വം പരിഹരിക്കുക എന്ന നടപടിക്രമമാണ് ആധുനികരീതിയിലുള്ള പാഠവിമര്‍ശം സ്വീകരിച്ചു വരുന്നത്.ഇത്രയും സൂക്ഷ്മവും വിശാലവുമായ അര്‍ത്ഥത്തില്‍ പാഠങ്ങളിലെ പ്രക്ഷിപ്തങ്ങളെ തള്ളാനും അല്ലാത്തവയെ കൊള്ളാനും മാരാര്‍ ശ്രമിക്കുന്നില്ലെന്ന ആരോപണമാണ് ഗ്രന്ഥകാരന്‍ മുന്നോട്ടുവെക്കുന്നത്.സ്വന്തം ധാരണകളേയും അവബോധങ്ങളേയും അടിസ്ഥാനമാക്കി തള്ളുകയും കൊള്ളുകയം ചെയ്യുന്ന മാരാരുടെ രീതി ആശാസ്യമല്ലതന്നെ.മേഘസന്ദേശത്തില്‍  മാരാര്‍ തള്ളിയ നിരവധി ശ്ലോകങ്ങള്‍ ഇവിടെ ഉദ്ധരിക്കപ്പെടുന്നു.ചുരുക്കത്തില്‍  മാരാരുടെ കാളിദാസപഠനം പാഠവിമര്‍ശനത്തിന് എങ്ങനെയൊക്കെ ഉദാഹരണമാകുന്നില്ലെന്ന് സമര്‍ത്ഥിക്കുവാന്‍ ഈ ലേഖനത്തിന് കഴിയുന്നു.
            എഴുതപ്പെട്ട നാള്‍ മുതല്‍ സാഹിത്യനഭസ്സിന്റെ വെള്ളിവെളിച്ചത്തില്‍ കല്ലേറും പൂമാലയുമൊന്നുപോലെയേറ്റു വാങ്ങി നിലകൊള്ളുന്ന രണ്ടു ഗ്രന്ഥങ്ങളാണ് മാരാരുടെ മലയാള ശൈലിയും സാഹിത്യഭൂഷണവും. ഈരണ്ടു കൃതികളേയും മുന്‍നിറുത്തിയുള്ള വിശാലമായ പഠനമാണ് വ്യക്തിവിവേകവും മാരാരുടെ ശൈലീവിചാരവും എന്ന ഗംഭീരമായ ലേഖനം.മഹിമഭട്ടന്റെ വ്യക്തിവിവേകത്തെ അടിസ്ഥാനപ്പെടുത്തി മാരാരുടെ ചിന്തകളിലേക്ക് സഞ്ചരിക്കുകയും മലയാളശൈലിയുമായി ആ ചിന്തകള്‍ എത്രമാത്രം ചേര്‍ന്നുപോകുന്നുവെന്ന് പരിശോധിക്കുകയും ചെയ്യുകയാണ് ഇവിടെ.വ്യക്തിവിവേകത്തെ അതേപടി മലയാളത്തിലേക്ക് പകര്‍ത്തുകയല്ല, ആ ഗ്രന്ഥത്തിലെ ശൈലീവിചാരം പ്രദാനം ചെയ്ത സംസ്കാരത്തിന്റെ പിന്‍ബലത്തോടുകൂടി മലയാളത്തെ സമീപിക്കുകയാണ് മാരാര്‍‌ ചെയ്തത്എന്നാണ് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നത്.
            കേസരിയും പൌരസ്ത്യസാഹിത്യദര്‍ശനവും എന്ന ലേഖനം ആധുനികമായ  ഭാവുകത്വങ്ങളെ മലയാളിക്കു പരിചയപ്പെടുത്തിയ യുഗപ്രഭാവനായ കേസരി എ ബാലകൃഷ്ണപിള്ള , എങ്ങനെയാണ് നമ്മുടെ പ്രാചീന സാഹിത്യരൂപങ്ങളേയും സാഹിത്യസിദ്ധാന്തങ്ങളേയും നോക്കിക്കണ്ടത് എന്നാണ് അന്വേഷിക്കുന്നത്.പ്രാചീന സാഹിത്യങ്ങളേയും സാഹിത്യസിദ്ധാന്തങ്ങളേയും ചരിത്രവത്കരിക്കാനും മനശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ ഉള്‍ക്കാഴ്ചകളോടെ അവയെ വ്യാഖ്യാനിക്കാനുമായിരുന്നു കേസരിക്ക് ഉത്സാഹം.ഈ പ്രാചീന സാഹിത്യാവബോധമാണ് കേസരിയെ വെറും ഇറക്കുമതി മനസ്സോടെ മാത്രം പാശ്ചാത്യ ചിന്താരൂപങ്ങള്‍ ഏറ്റുവാങ്ങുന്ന സാധാരണ സൈദ്ധാന്തികന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.എന്ന് സി രാജേന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നു.
            കാവ്യപീഠിക എഴുതിയ മുണ്ടശ്ശേരിയുടെ സാഹിത്യദര്‍ശനത്തില്‍  സംസ്കൃത കാവ്യചിന്തകള്‍ക്കുള്ള സ്ഥാനമെന്തെന്ന അന്വേഷണമാണ് മുണ്ടശ്ശേരിയും ഭാരതീയ കാവ്യതത്ത്വചിന്തയും എന്ന ലേഖനം.ഭാരതിയ ചിന്തയെ പാശ്ചാത്യ ചിന്തകളുടെ വെളിച്ചത്തിലേക്ക് നീക്കിനിറുത്തി പരിശോധിക്കുവാനുള്ള മുണ്ടശ്ശേരിയുടെ ഉദ്യമത്തില്‍ പല പിഴവുകളും ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും ഏറ്റെടുത്ത നമ്മുടെ കാവ്യശാസ്ത്രപാരമ്പര്യത്തെ സമകാലികീകരിക്കുയെന്ന ദൌത്യം ഉജ്ജ്വലമായിരുന്നുവെന്ന് ലേഖകന്‍ അടിവരയിടുന്നു.
            അത്ഭുതമായിരുന്നു എം പി ശങ്കുണ്ണിനായരുടെ എഴുത്തുകള്‍ .ആ അത്ഭുതത്തെയാണ് എം പി ശങ്കുണ്ണിനായര്‍ : പാരമ്പര്യത്തില്‍ നിന്ന് വേറിട്ടൊരു സ്വരം എന്ന ലേഖനത്തിലൂടെ ഇഴവിടര്‍ത്തിക്കാണിക്കുന്നത്.സമകാലിക കവിതയെ പദവാക്യപ്രമാണങ്ങള്‍ വെച്ച് അപഗ്രഥിക്കുവാനും പഴയ സാഹിത്യത്തെ പുതുസജ്ജീകരണങ്ങള്‍ വച്ചു പുനപാരായണം ചെയ്യാനുമെല്ലാം ശ്രമിക്കുമ്പോള്‍ അദ്ദേഹം പലരും തെറ്റിദ്ധരിച്ചതുപോലെ വെറും ധൈഷണികവിനോദത്തില്‍ വ്യാപിരിക്കുകയായിരുന്നില്ല. ആധുനിക ഭാരതീയസമൂഹത്തിന് അത്യന്താപേക്ഷിതമായ സാംസ്കാരിക ദൌത്യം നിര്‍വ്വഹിക്കാനിയിരുന്നു അദ്ദേഹം അശ്രാന്തം യത്നിച്ചത് എന്ന് ലേഖകന്‍  എഴുതുന്നതിനോട് എനിക്ക് പ്രതിപത്തിയുണ്ട്. അദ്ദേഹത്തിന്റെ കൃതികളിലുടെ ഒരു തവണ കടന്നുപോയവര്‍ക്കറിയാം ഈ പ്രസ്ഥാവന എത്രമാത്രം സത്യമാണെന്ന്.ഛത്രവും ചാമരവും , കാവ്യവ്യുല്പത്തി , കത്തുന്ന തീച്ചക്രം മുതലായ രചനകളെ മുന്‍നിറുത്തിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.
            പഴമകളെ തള്ളാനുള്ളവയല്ല മറിച്ച് അതില്‍ നിന്നും പുതിയ ഭാവങ്ങളെ ആവിഷ്കരിച്ചെടുക്കാനുള്ളതാണെന്ന് ചിന്തിച്ചയാളായിരുന്നു ശ്രീ അയ്യപ്പപ്പണിക്കര്‍. വിവിധങ്ങളായ ഇഴകളാല്‍ നിര്‍മ്മിക്കപ്പെട്ട ഭാരതീയ സൌന്ദര്യസങ്കല്പങ്ങളെ വര്‍ണങ്ങളുടെ അടിസ്ഥാനത്തിലല്ല അദ്ദേഹം കണ്ടെത്തിയത്. അതുകൊണ്ടാണ് ഒരു പരിധിവരെ സവര്‍ണമായ സംസ്കൃത സാഹിത്യദര്‍ശനങ്ങള്‍‍‍‌ക്കൊപ്പം തന്നെ ദ്രാവിഡമായ സങ്കല്പങ്ങളേയും ഒപ്പം നിറുത്തി ചിന്തിക്കുവാന്‍ അദ്ദേഹം തയ്യാറായത്.കൃതിയുടെ കാതലെന്താണെന്ന് കണ്ടെത്തുവാന്‍ ഈ ആയുധങ്ങളെയൊക്കെ എങ്ങനെ ഉപയോഗിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.പാഠത്തിന്റെ ഗഹനമായ അധിത്യകകളിലേക്ക് കയറിനിന്നുകൊണ്ട് സമഗ്രമായ ഒരു കാഴ്ചയെ വായനക്കാരൃനു അനുവദിക്കുക എന്നതായിരുന്നു ഈ സൌന്ദര്യസങ്കല്പങ്ങളെ സമ്മേളിപ്പിച്ചെടുക്കുമ്പോള്‍ പണിക്കര്‍ ആലോചിച്ചത. അദ്ദേഹത്തിന്റെ സമ്യക്കായ ആ ദര്‍ശനത്തെ തുറന്നു കാണിക്കുവാന്‍ ഈ ലേഖനം പര്യാപ്തമാണ്.
            ആര് വിശ്വനാഥന്റെ വായനകള് എന്ന അവസാനലേഖനത്തില്സ്ഥിതപ്രജ്ഞനായ നിരൂപകനെയാണ് അവതരിപ്പിക്കുന്നത്.പ്രായോഗികനിരൂപണരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെ സൂചിപ്പിച്ചുകൊണ്ട് ലേഖകന്എഴുതുന്നു സര്ഗ്ഗാത്മക രചനകളുടെ വിശാല പ്രപഞ്ചത്തിലെ അറിയപ്പെടാത്ത ഇടങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകാന്കെല്പുറ്റ ഒരു നിരൂപകനാണ് താനെന്ന് ആര്വി തെളിയിച്ചു.
            നമ്മുടെ വിമര്‍ശനങ്ങളുടെ സ്വഭാവത്തേയും അതു രൂപപ്പെട്ടു വന്ന വഴികളേയും മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഗ്രന്ഥം അമൂല്യമായ ഒരു സമ്പത്താണ്.അതിസൂക്ഷ്മമായി ഈ വിമര്‍ശകരെ കണ്ടറിയാനും അവരുടെ സവിശേഷമായ ചിന്താരീതികളെ ആവിഷ്കരിച്ചെടുക്കുവാനും ഈ ഗ്രന്ഥകാരന് കഴിയുന്നുവെന്ന് നിസ്സംശയം പറയാം.
           
           
           
           


           

പ്രസാധകര്‍- വള്ളത്തോള്‍ വിദ്യാപീഠം  , വില 75 രൂപ, 1 ആം  പതിപ്പ് 2009


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം