#ദിനസരികള് 459 - നൂറു ദിവസം നൂറു പുസ്തകം – മുപ്പത്തിരണ്ടാം ദിവസം.
||കേരളീയ
കലാനിഘണ്ടു – ഡോ . ശശിധരന്‍ ക്ലാരി ||
ഡോ. ശശിധരന്‍ ക്ലാരി എഴുതിയ
കേരളീയ കലാനിഘണ്ടു എന്ന മനോഹരമായ പുസ്തകം പരിചയപ്പെടുത്തട്ടെ! എണ്ണത്തില്‍ ഏറെയുള്ള നമ്മുടെ നമ്മുടെ
കലാരൂപങ്ങളെ അക്ഷരമാലാക്രമത്തില്‍ അടുക്കിയെടുത്ത് സവിശേഷതകളെ എല്ലാവര്‍ക്കും
മനസ്സിലാകുന്ന തരത്തില്‍ സംക്ഷിപ്തമായി വിവരിക്കുന്ന ഈ ഗ്രന്ഥം മലയാള
ഭാഷക്കുതന്നെ വലിയ മുതല്‍ക്കൂട്ടാണ്.ലോകപ്രസിദ്ധിയാര്‍ജ്ജിച്ച കഥകളി മുതല്‍ കേവലം പ്രാദേശികമായി
മാത്രം കൊണ്ടാടിപ്പോരുന്ന അട്ടപ്പാടിയിലെ ചില പ്രദേശങ്ങളില്‍ മാത്രം
കണ്ടുവരുന്ന കോവിലന്‍ കൂത്ത് പോലെയുള്ള വിവിധങ്ങളായ നൂറ്റിയമ്പതില്‍പ്പരം
കലാരൂപങ്ങളെക്കുറിച്ച് ഈ പുസ്തകം പ്രതിപാദിക്കുന്നുണ്ട്.
ഇത്തരമൊരു കലാനിഘണ്ടു
തയ്യാറാക്കുന്നതിനു പിന്നില്‍ എഴുത്തുകാരന്‍ നടത്തിയ അശ്രാന്തപരിശ്രമങ്ങളെ
നാം കാണാതിരുന്നുകൂട.” കേരളത്തിലെ
കലകളുടെ സമഗ്രമായ അന്വേഷണം ഈ ഗ്രന്ഥരചനക്ക് ആവശ്യമായിരുന്നു.കഴിയുന്നത്ര
കലാരൂപങ്ങളെ നേരിട്ടുകാണുവാനും വിലയിരുത്തുവാനും ശ്രദ്ധിച്ചിട്ടുണ്ട്.ഓരോ
കലാരംഗത്തും പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുമായും പണ്ഡിതന്മാരുമായും നിരന്തരം
ആശയവിനിമയം നടത്തി ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി.” എന്ന് ഈ ഗ്രന്ഥരചനയുടെ പിന്നിലെ
പരിശ്രമത്തെക്കുറിച്ച് എഴുത്തുകാരന്‍ സാക്ഷ്യപ്പെടുത്തുന്നു.
എന്നാല്‍ ജയദേവന്റെ ഗീതഗോവിന്ദവുമായി
ബന്ധപ്പെട്ട അഷ്ടപദിയാട്ടത്തെക്കുറിച്ച് ഇദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്
ഇപ്പോള്‍ നിലവിലില്ലാത്ത കലാരൂപം എന്നാണ്. എന്തുകൊണ്ടാണ് അദ്ദേഹം
അത്തരത്തിലൊരു പ്രസ്താവന നടത്തിയത് എന്നറിയില്ലെങ്കിലും അഷ്ടപദിയാട്ടം ഇപ്പോഴും
കലാരംഗത്ത് നിലനില്ക്കുന്ന ഒരു കലയാണ് എന്ന കാര്യം സൂചിപ്പിച്ചുകൊള്ളട്ടെ. ഒരു
പക്ഷേ കുറേക്കാലമായി അഷ്ടപദിയാട്ടം അരങ്ങിലില്ല എന്നതു പരിഗണിച്ചുകൊണ്ടായിരിക്കണം
ഇത്തരമൊരു നിലപാട് അദ്ദേഹം സ്വീകരിച്ചത്.അതൊരു വസ്തതയുമാണ്.എന്നാല്‍ ഈ അടുത്ത
കാലത്ത് പ്രസ്തുത കലാരൂപം അരങ്ങിലെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതെഴുതുവാന്‍
അവലംബമാക്കിയ പുസ്തകം 2012 ല്‍ പ്രസിദ്ധീകരിച്ചതാണ്. പിന്നീട് വന്ന പതിപ്പുകളുമായി ഒത്തനോക്കുവാന്‍ കഴിഞ്ഞിട്ടില്ല.
തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടാകാമെന്ന് പ്രതീക്ഷിക്കുക.
എത്ര രസകരമാണ് ഓരോ കലാരൂപങ്ങളുടേയും പിന്നിലെ
ഉദ്ദശലക്ഷ്യങ്ങള്‍. ഗ്രാമീണമായ നിഷ്കളങ്കതയുടെ മകുടോദാഹരണങ്ങളാണ് അവയില്‍ പലതും.കണ്ണൂര്‍ ജില്ലയില്‍ പ്രചാരത്തിലുള്ള
കണ്ണേറുപാട്ട് എന്ന കലാരൂപത്തെ എടുക്കുക.”
നാടന്‍ സമൂഹത്തില്‍ സജീവമായി നിലനില്‍ക്കുന്ന ഒരു വിശ്വാസമാണ് കണ്ണേറ്.ചില
വ്യക്തികള്‍ അസൂയയോടെയോ കൊതിയോടെയോ നോക്കുമ്പോഴുണ്ടാകുന്ന ദൃഷ്ടിദോഷമാണ് ഇത്.വിളവ്
ഭവനം , വ്യക്തികള്‍ , മൃഗങ്ങള്‍ തുടങ്ങിയവക്കെല്ലാം കണ്ണേറുതട്ടുമെന്നാണ്
വിശ്വാസം..... ഇത്തരം ദോഷങ്ങള്‍ നീക്കുന്നതിനുള്ള അനുഷ്ഠാനമാണ് കണ്ണേറു പാട്ടുകള്‍” എത്ര ലളിതവും നൈര്‍മല്യമാര്‍ന്നതുമായിരുന്നു ആ
വിശ്വാസങ്ങളെന്നു കാണുക.കണ്ണേറുപാട്ട് നടത്തുന്നത് മലയന്‍ വേലന്‍ കാണിക്കന്‍ പാണന്‍
പുള്ളുവന്‍ എന്നീവ വിഭാഗക്കാരാണ്.കേട്ടുകേള്‍വിപോലുമില്ലാത്ത എത്രയോ
കലാരൂപങ്ങളെപ്പറ്റി പുസ്തകം പറയുന്നുണ്ട്. അറിയാവുന്നതെന്ന് വിചാരിക്കുന്നവയെക്കുറിച്ച്
ചില പുതിയ കാര്യങ്ങള്‍ കൂടി അവതരിപ്പിക്കപ്പെടുമ്പോള്‍ നാം
ആശ്ചര്യഭരിതരായില്ലെങ്കിലേ അത്ഭുതമുള്ളു.
നമ്മുടെ പൂര്‍വ്വപിതാക്കന്മാരായ ഒരു
ജനത എങ്ങനെയൊക്കെയാണ് ചിന്തിച്ചതെന്നും ജീവിച്ചതെന്നും ഈ അനുഷ്ടാനരൂപങ്ങളെ
പഠിക്കുന്നതിലൂടെ നമുക്കു മനസ്സിലാക്കാന്‍
കഴിയുന്നുവെന്നതാണ് ഇത്തരം കലകളുടെ ചരിത്രപരമായ പ്രാധാന്യം.. അതുകൊണ്ടുതന്നെ
ചരിത്രപരവും സാംസ്കാരികവുമായി ഈ കലാരൂപങ്ങള്‍ക്കുള്ള പ്രസക്തിയെ നാം കൂടുതല്‍
കൂടുതല്‍ മനസ്സിലാക്കണമെങ്കില്‍ ഇതുപോലെയുള്ള ഊര്‍ജ്ജ്വസ്വലമായ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു
കൊണ്ടിരിക്കണം.
പ്രസാധകര്‍- ഒലീവ് , വില 210
രൂപ,
ഒന്നാം പതിപ്പ് ഓഗസ്റ്റ് 2012
Comments