#ദിനസരികള്‍ 106


മതേതരമൂല്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത പുലര്‍ത്തിപ്പോരു‍ന്ന എം.പി.വീരേന്ദ്രകുമാര്‍, തന്റെ രാമന്റെ ദുഖം എന്ന പുസ്തകത്തിലെ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളി എന്ന ലേഖനത്തില്‍ ഇങ്ങനെ എഴുതി.ബാബറി മസ്ജിദിന്റെ തകര്‍ച്ച മുസ്ലിങ്ങളെ മാത്രം വേദനിപ്പിച്ച സംഭവമല്ല.അവിടെ തകര്‍ന്നത് ഇന്ത്യയുടെ നീതിപീഠമാണ്; ഭരണഘടനയാണ്; നമ്മള്‍ ഊട്ടിവളര്‍ത്തിയ സംസ്കാരമാണ്.ആ തകര്‍ച്ചയില്‍ ദുഖിക്കുന്നവര്‍ക്കു മാത്രമേ ഇന്ത്യയെ ഒന്നിച്ചു നിര്‍ത്താന്‍ സാധിക്കുകയുള്ളു. ഇക്കാലം ആവശ്യപ്പെടുന്ന ഒന്നിച്ചു നില്ക്കുക എന്ന കടമയെക്കുറിച്ച് വീരേന്ദ്രകുമാറിന്റെ നിലപാട് ശ്ലാഘനീയമാണ്.കാരണം മസ്ജിദിനെ തകര്‍ത്ത ഫാസിസ്റ്റ് കക്ഷി ഇന്ന് ഇന്ത്യ ഭരിക്കുകയാണ്. മതേതരമനസ്സ് വളരെച്ചെറിയ ഒരു ന്യൂനപക്ഷമായി മാറിക്കഴിഞ്ഞിരിക്കുന്നു.ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയതകള്‍ പരസ്പരം പാലൂട്ടിക്കൊണ്ടിരിക്കുന്നു. ആശയപരമായി ഭിന്ന ധ്രുവങ്ങളില്‍ നിന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് ഇന്ത്യയില്‍ ഇന്ന് മതപക്ഷവും മതേതരപക്ഷവും എന്നിങ്ങനെ രണ്ടു പക്ഷം മാത്രമേ ഉള്ളു എന്ന ദുസ്ഥിതി സംജാതമായിരിക്കുന്നു. ഇവിടെയാണ് വീരേന്ദ്രകുമാറിന്റെ ഒന്നിച്ച് നില്ക്കുന്ന എന്ന ആഹ്വാനത്തിന്റെ പ്രസക്തിയും പ്രാധാന്യവും നാം തിരിച്ചറിയുന്നത്.
            സോഷ്യലിസ്റ്റ് ആശയങ്ങളെ മുറുകെപ്പിടിക്കുന്ന വീരേന്ദ്രകുമാറിന്റെ മതേതരനിലപാടുകളെക്കുറിച്ച് എനിക്ക് ആശങ്കയൊന്നുമില്ല. എന്നിരുന്നാലും കൂടുതല്‍ ആര്‍ജ്ജവത്തോടെ ആ നിലപാടുകളെ ഉയര്‍ത്തിപ്പിടിക്കാനും ദേശീയതലത്തിലും കേരളത്തിലും ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകള്‍ക്ക് നേതൃത്വപരമായ പങ്കുവഹിക്കാനും അദ്ദേഹത്തിന് കഴിയുന്ന ഒരു സാഹചര്യമാണ് നിലവില്‍ വന്നിരിക്കുന്നത്.ബീഹാറില്‍ അവസരവാദപരമായ നിലപാടു സ്വീകരിച്ച് , അധികാരത്തിന് വേണ്ടി പരിവാരകുടുംബത്തിലേക്ക് ചേക്കേറിയ നിതീഷ് കുമാറിന്റെ നീക്കത്തോടുകൂടി , ജെ ഡി യുവിന്റേയും അതുവഴി ആ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാക്കളുടേയും മുഖത്തേറ്റ കറ കഴുകിക്കളയണമെങ്കില്‍ നിതീഷല്ല ജെ ഡി യു എന്ന് തെളിയിക്കേണ്ടിയിരിക്കുന്നു.

            കേരളത്തിലാകട്ടെ വര്‍ഗ്ഗീയതയെ ചെറുക്കാനും തടഞ്ഞു നിറുത്തുവാനും യു ഡി എഫ് കൂട്ടായ്മക്ക് കഴിയില്ലെന്ന് വ്യക്തമാണ്. വീരേന്ദ്രകുമാറിനെപ്പോലെ നിശിതമായ രാഷ്ട്രീയനിലപാടുകളുള്ള ഒരു വ്യക്തിക്ക് ആശയപരമായോ ആദര്‍ശപരമായോ ഒരു കെട്ടുറപ്പുമില്ലാതെ ഇളകിയാടിക്കളിക്കുന്ന ആ കൂട്ടായ്മ ജയില്‍വാസത്തിന് തുല്യവുമായിരിക്കും.ഗത്യന്തരമില്ലാതെ ആ കൂടാരത്തില്‍ എല്ലാം സഹിച്ച് കഴിയേണ്ട സാഹചര്യത്തിന് അവസാനം കുറിക്കേണ്ട സമയമായിരിക്കുന്നു. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് മതേതരമുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട സമയമായിരിക്കുന്നു. എത്ര ദുര്‍ബലമാണെങ്കിലും മതേതരത്ത്വത്തിന് വേണ്ടി ശബ്ദിക്കുന്നവരെല്ലാം ഒന്നിച്ചു നില്ക്കേണ്ട സമയമായിരിക്കുന്നു.  വീരേന്ദ്രകുമാറിനും അദ്ദേഹം നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയകക്ഷിക്കും ഇനിയും വൈകാതെ ശരി തിരഞ്ഞെടുക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു , ആഗ്രഹിക്കുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1