#ദിനസരികള്‍ 102
അധ്വാനിക്കാതെ തിന്നുക
എന്നതുതന്നെ അശ്ലീലമാണ്. അപ്പോള്‍ ബലമായി പിടിച്ചു പറിച്ചു തിന്നുക എന്നതോ ? അത്
വിശേഷിപ്പിക്കാന്‍ വാക്കുകളില്ലാത്ത പ്രവര്‍ത്തിയാണ്.അത്തരം പ്രവര്‍ത്തികള്‍
സംഘടിതശക്തികളുടെ നേതൃത്വത്തിലാണ് ചെയ്യുന്നതെങ്കിലോ? ആ
തെമ്മാടിത്തരത്തിന് നോക്കുകൂലി എന്നാണ് പേര്. വിശേഷണങ്ങളും വിശദീകരണങ്ങളും
മാറ്റിവെച്ച് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തനി പിടിച്ചു പറി.കേരളത്തില്‍ പലതവണ ഈ
വിഷയം വിവാദമായിട്ടുണ്ട്.പക്ഷേ എത്ര വിവാദമായാലും നോക്കുകൂലി വാങ്ങുന്നതില്‍
നിന്ന് ചില തൊഴിലാളികളും സംഘടനകളും പിന്‍വാങ്ങുന്നില്ല എന്നത് ദയനീയമായ
വസ്തുതയാണ്. തൊഴിലാളികളുടെ സംഘടിതശക്തി ഇത്തരം അസാന്മാര്‍ഗിക ആവശ്യങ്ങള്‍ക്കായി
ഉപയോഗിക്കപ്പെടുന്നത് എത്ര ബോധ്യപ്പെടുത്തിയാലും ഉള്‍ക്കൊള്ളാന്‍
തയ്യാറാകുന്നില്ല എന്നത് ചിലര്‍ക്കെങ്കിലും അധ്വാനിക്കാതെ തിന്നുതിന്റെ സുഖം
മനസ്സിലായതുകൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വീട്ടുസാധനങ്ങള്‍ കയറ്റുന്നതിനോ ഇറക്കുന്നതിനോ തൊഴില്‍
നിയമങ്ങള്‍ ബാധകമല്ല എന്ന് അധികാരികള്‍ വ്യക്തമാക്കിയിട്ടും പഴയ വീട്ടുസാധനങ്ങള്‍
വണ്ടിയിലേക്ക് കയറ്റിയതിന്റെ പേരില്‍ നോക്കൂകൂലി ആവശ്യപ്പെടുകയു വീട്ടുടസ്ഥരെ
ഭീഷണിപ്പെടുത്തുകയും ചെയ്തത് ആ അടുത്തകാലത്താണ്. പൊതുമാരാമത്ത് ആവശ്യങ്ങള്‍ക്കായി
കൊണ്ടുവന്ന സാധനങ്ങള്‍ ഇറക്കുന്നതിന് വേണ്ടി ലോഡൊന്നിന് രണ്ടായിരം രൂപ നോക്കുകൂലി
ആവശ്യപ്പെട്ടത് നല്കാത്തതിനെത്തുടര്‍ന്ന് റോഡുപണി നിറുത്തിവെച്ച അവസ്ഥ ഉണ്ടായതും
നാം കണ്ടുകഴിഞ്ഞു.ഉദാഹരണങ്ങള്‍
നിരവധിയുണ്ട്. നോക്കൂകൂലി കൊടുക്കാത്തിന്റ പേരില്‍ കൈയ്യേറ്റവും
ഭീഷണിപ്പെടുത്തലുമൊക്കെ സാധാരണമാണ്. നോക്കുകൂലിക്കെതിരെ സംഘടനകള്‍ ആണയിടുമ്പോഴും
അണികളിലേക്ക് ഇതൊന്നും എത്താറില്ല എന്നതാണ് വാസ്തവം. അണികളെ സംരക്ഷിക്കാന്‍
ബാധ്യസ്ഥരായ സംഘടനകള്‍ക്ക് അവര്‍ക്കെതിരെ ഒന്നും ചെയ്യാന്‍ പലപ്പോഴും കഴിയാറില്ല.
തൊഴിലെടുക്കുന്നവര്‍ക്ക് കൂലി എന്നത് അവകാശമാണെന്ന്
കരുതുന്ന ഒരു സമൂഹമാണ് നമ്മുടേത്. അവിടെ തര്‍ക്കങ്ങളുണ്ടായാല്‍ തൊഴിലാളിക്ക്
സഹായകമായ രീതിയില്‍ നിലപാടെടുക്കുവാനുള്ള ആര്‍ജ്ജവം പൊതുസമൂഹം കാണിക്കാറുണ്ട്. തൊഴിലാളികളെ
സംരക്ഷിക്കാനും അവരെ ചൂഷണം ചെയ്യുന്നുണ്ടെങ്കില്‍ അതിനെതിരെ രംഗത്തിറങ്ങാനും
നമ്മുടെ ജനങ്ങള്‍ മടിക്കാതിരിക്കുന്നതിന്റെ ഒരു പ്രധാനകാരണം, തൊഴിലാളികളും അവരുടെ
തൊഴിലും സംരക്ഷിക്കപ്പെടേണ്ടവരാണ് എന്ന ബോധ്യമുള്ളതുകൊണ്ടാണ്. എന്നാല്‍ പൊതുസമൂഹം
തൊഴിലാളികള്‍ക്കു കൊടുക്കുന്ന സംരക്ഷണത്തിന് പകരമായി തൊഴിലാളികള്‍ നോക്കുകൂലി
പോലെയുള്ള സാമൂഹ്യവിരുദ്ധ നടപടികളുമായി രംഗത്തിറങ്ങിയാല്‍ ഈ പൊതുസമ്മതി
ലഭിക്കയില്ലെന്നു മാത്രവുമല്ല , അത് തൊഴിലാളിക്ക് എതിരായിത്തീരുകയും ചെയ്യും.
അധ്വാനശേഷിയുടെ മൂല്യമാണ് കൂലി എന്ന് തൊഴിലാളികള്‍ മനസ്സിലാക്കണം.
അധ്വാനിക്കാതെ എന്തെങ്കിലും പ്രതിഫലമായി കൈപ്പറ്റുന്നുണ്ടെങ്കില്‍ അത്
ചൂഷണമാണെന്നും കൂലിയുടെ നിര്‍വ്വചനത്തില്‍ പെടുന്നതല്ല എന്നും ബന്ധപ്പെട്ടവര്‍
മനസ്സിലാക്കണം.ജോലിയെടുക്കാതെ കൂലി വാങ്ങിക്കുക എന്നത് തൊഴിലാളിക്ക്
അലങ്കാരമാണെന്ന് ധരിക്കുന്നത് ആഭാസമാണ്.
Comments