#ദിനസരികള്‍ 104


സുകുമാര്‍ അഴീക്കോട് , കടപുഴക്കി എറിഞ്ഞു കളഞ്ഞെങ്കിലും ജി ശങ്കരക്കുറുപ്പ് എന്ന ജ്ഞാനപീഠപുരസ്കൃതന്‍ മലയാളത്തില്‍ നിന്നും അമ്പേ അസ്തമിച്ചു പോയിട്ടില്ല. അദ്ദേഹത്തിന്റെ വിശാലമായ നെറ്റിത്തടങ്ങളില്‍ ചില ചുളിവുകള്‍ വീണിട്ടുണ്ടാവാം.ആകാശവിതാനങ്ങളിലേക്കുയര്‍ത്തിയ കണ്ണുകള്‍ ക്ഷണനേരത്തേ ക്ക് സ്വന്തം കാലടികളിലേക്ക് കൂപ്പുകുത്തിയിട്ടുണ്ടാകാം.അതിവിശാലമായ പ്രപഞ്ചങ്ങളിലേക്ക് നൂണ്ടുകയറിയ ഭാവനയുടെ സ്ഫുലിംഗങ്ങള്‍ക്ക് ഒരല്പനേരത്തേക്ക് ഒളി മങ്ങിയിട്ടുണ്ടാകാം. മനുഷ്യനല്ലേ ? മദയാനയുടെ അപ്രതീക്ഷിതമായ ചിന്നം വിളിയില്‍ ഒന്നു ഞെട്ടിയെന്നുവരാം.പക്ഷേ തന്റെ സ്ഥിതപ്രജ്ഞ ഉടനടി വീണ്ടെടുക്കുവാനും കവി തന്നെയാണ് പ്രജാപതി എന്നു പ്രഖ്യാപിക്കുവാനും അധികമൊന്നും അദ്ദേഹത്തിന് ആലോചിക്കേണ്ടി വന്നിട്ടില്ല.എന്നുമാത്രവുമല്ല , പലായധ്വം പലായധ്വം രേ രേ ദുഷ്കവി കുഞ്ജരാ എന്നട്ടഹസിച്ച വിമര്‍ശകേസരിയോട് അതിനും എത്രയോ മുമ്പ് പറയാനുള്ള മറുപടി അദ്ദേഹം തയ്യാറാക്കിക്കഴിഞ്ഞു !നോക്കുക
                        ഓടക്കുഴലിതു നീടുറ്റ കാലത്തിന്‍
                        കൂടയില്‍ മൂകമായ് നാളെ വീഴാം
                        വന്‍ചിതലായേക്കാമല്ലെങ്കിലിത്തിരി
                        വെണ്‍ചാരം മാത്രമായി മാറിപ്പോകാം
                        നന്മയെച്ചൊല്ലി വിനിശ്വസിക്കാം ചിലര്‍
                        തിന്മയെപ്പറ്റിയേ പാടൂ ലോകം
                        എന്നാലും നിന്‍‌കൈയിലര്‍പ്പിച്ച മജ്ജന്മ
                        മെന്നാളുമാനന്ദസാന്ദ്രം ധന്യം അതൊരു പ്രഖ്യാപനമായിരുന്നു.കാലത്തെ കടന്നു കാണുന്ന കവിയുടെ പ്രഖ്യാപനം. കവിക്ക് വിമര്‍ശനം ആഘാതമേല്പിച്ചോ , വിമര്‍ശനത്തിന് കവിത ആഘാതമേല്പിച്ചോ എന്നൊന്നും ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.സമാന്തരങ്ങളായി രണ്ടും പോകുന്നു എന്നൊരു ഒഴുക്കന്‍ പ്രസ്ഥാവനയില്‍ അതവസാനിപ്പിക്കാം. മലയാളത്തിലെ ഖണ്ഡനവിമര്‍ശനത്തിന് ഉത്തമമാതൃകയായി ശങ്കരക്കുറുപ്പു വിമര്‍ശനം പരിലസിക്കുന്നുവെന്നുപറയുമ്പോള്‍ കവിയെ ഇകഴ്ത്തണമെന്ന ഉദ്ദേശമൊന്നും  എനിക്കില്ല. പക്ഷേ ഒരു കവിയെ കമ്പോടു കമ്പ് , കാമ്പോടു കാമ്പ് പഠിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് ടി പുസ്തകം ഉത്തരമാണെന്ന് പറയാതെ വയ്യ; മലയാളത്തില്‍ അസ്തമിച്ചു കഴിഞ്ഞ വിമര്‍ശനസരണിക്ക് ഒരന്ത്യോപഹാരം കൂടിയാണ് അഴീക്കോടിന്റെ പുസ്തകം എന്നു കൂടി പറഞ്ഞുവെക്കട്ടെ

            പക്ഷേ കവി വിമര്‍ശകനെ അതിലംഘിക്കുന്നത് എങ്ങനെയാണ് ? ഒരു നിമിഷത്തിന്റെ കൊള്ളിമീനാട്ടം , അഖിലപ്രപഞ്ചത്തിലും വെളിച്ചം വിതറുന്നപോലെ , പുറത്തേക്കെത്തിനോക്കുന്ന ഒരു ചെഞ്ചോരപ്പൂവ് , മനസ്സിലുദിപ്പിക്കുന്ന പൌര്‍ണമി പോലെ , അതുമല്ലെങ്കില്‍ ഉത്കടവിരഹത്താലുരുകുന്ന നളിനിക്ക് ദിവാകരദര്‍ശനം പോലെ കവി വിമര്‍ശകനെ കടത്തി വെട്ടുവാന്‍ കൊച്ചു കൊച്ചു നിമിഷങ്ങളെ സൃഷ്ടിച്ചുവെക്കുന്നു. പ്രപഞ്ചത്തോളം തന്നെ പരിപൂര്‍ണമായ ആ നിമിഷങ്ങളുടെ ചിറകുകളില്‍ കവി കാലാതിവര്‍ത്തിയി യാത്ര ചെയ്യുന്നു.വിമര്‍ശകനും കൈയ്യടിക്കേണ്ടിവരുന്നത് ഈ നിമിഷങ്ങളെപ്രതിയാകുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1