#ദിനസരികള്‍ 105


അനിവാര്യമായിരുന്നോ മഹാസഖ്യത്തിന്റെ പതനം ? സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ബീഹാറിലെ ചാണക്യനെന്ന് മാധ്യമങ്ങള്‍ പാടിപ്പുകഴ്ത്തിയ നിതീഷ് കുമാറിനെ അവിശ്വസിക്കേണ്ടിവരുന്നത് , മതേതരത്വത്തെപ്രതി അദ്ദേഹത്തിനുളള പ്രതിബദ്ധതയുടെ പേരിലാണ്. പതിനേഴു വര്‍ഷക്കാലം എന്‍ ഡി എയുടെ കൂടാരത്തിലായിരുന്ന നിതീഷും കൂട്ടരും , നരേന്ദ്രമോഡി എന്ന ഒരൊറ്റ വ്യക്തിയോടുള്ള അഭിപ്രായവ്യത്യാസം കാരണമാണ് ആ സഖ്യം ഉപേക്ഷിച്ചത്. മതേതരത്ത്വത്തോടുള്ള ആവേശമായിരുന്നില്ല നിതീഷിന്റെ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് അന്നേ വ്യക്തമായിരുന്നു. എങ്കിലും കോണ്‍ഗ്രസ്സും ജെ ഡിയുവും ആര്‍‌ജെഡിയുമടങ്ങുന്ന മഹാസഖ്യത്തിന് 243 സീറ്റില്‍ 178 സീറ്റ് ലഭിച്ച് അധികാരത്തിലേക്കെത്തിയപ്പോള്‍ ബീഹാര്‍ ഒരു പുതിയ പ്രതീക്ഷയുടെ തുരുത്താവുകയായിരുന്നു. ഇന്ത്യയിലെ മതേതരത്വ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ആ സഖ്യത്തിന് കഴിയുമെന്ന് ധരിച്ചവര്‍ ധാരാളമുണ്ടായിരുന്നു.മഹാസഖ്യത്തില്‍ നൂറ്റി എഴുപത്തിയെട്ടില്‍ എണ്‍പതു സീറ്റുകളുള്ള ആര്‍ ജെ ഡി തങ്ങള്‍ക്ക് അവകാശപ്പെട്ട മുഖ്യമന്ത്രിപദം എഴുപത്തിയൊന്നു സീറ്റുമാത്രമുള്ള ജെ ഡിയുവിന് വിട്ടുകൊടുത്താണ് സഖ്യത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത തെളിയിച്ചത്. ആര്‍ ജെ ഡി കാണിച്ച ആ മാതൃകയുടെ അന്തസ്സത്ത ഉള്‍‍‌ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാനും മതേതരമൂല്യങ്ങള്‍ മുറുകെപ്പിടിക്കാനും നിതീഷിന് കഴിഞ്ഞില്ല എന്നത് മഹാസഖ്യത്തിന്റെ തകര്‍ച്ചയിലേക്കെത്തി
            ലാലുവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരെ സി ബി ഐ ചുമത്തിയ കേസിന്റെ പേരില്‍ അദ്ദേഹത്തിന്റെ രാജി പരോക്ഷമായി ആവശ്യപ്പെട്ടതോടുകൂടിയാണ് മഹാസഖ്യം തകരുന്നത്. ഈ സി ബി ഐ കേസ് കേന്ദ്രസര്‍ക്കാറുമായി ചേര്‍ന്ന് നിതീഷ് നടത്തിയ ഒരു നാടകമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം സംഘപരിവാരത്തിന്റെ പ്രസിഡന്റു സ്ഥാനാര്‍ത്ഥിയായിരുന്ന രാംനാഥ് കോവിന്ദിന് ജെ ഡി യു പിന്തുണ പ്രഖ്യാപിച്ചതോടെ മഹാസഖ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കകള്‍ ഉയരാന്‍ തുടങ്ങിയിരുന്നു. തന്റെ പക്ഷം വ്യക്തമാക്കിയതോടെ ഇനി മഹാസഖ്യവുമായി ചേര്‍ന്ന് പോകാന്‍ കഴിയില്ലെന്ന സൂചനയാണ് നിതീഷ് നല്കിയത്. ഈയൊരു സാഹചര്യത്തിലാണ് തേജസ്വിക്കെതിരെ സി ബി ഐ പുതിയൊരു കേസു റജിസ്റ്റര്‍ ചെയ്യുന്നത്. അത്തരമൊരു സാഹചര്യം കേന്ദ്രസര്‍ക്കാറുമായിച്ചേര്‍ന്ന് മനപ്പൂര്‍വ്വം സൃഷ്ടിക്കുകയും അതോടൊപ്പം മഹാസഖ്യത്തെ തകര്‍ത്തുകൊണ്ട് ജെ ഡി യുവിനെ എന്‍ ഡി എ ക്യാമ്പിലെത്തിക്കുക എന്ന ദൌത്യമാണ് നിതീഷ് പൂര്‍ത്തിയാക്കിയത്.അതല്ലെങ്കില്‍ സി ബി ഐ എടുത്ത ഒരു കേസിന്റെ പേരില്‍ ജനങ്ങളുടെ പിന്തുണ നേടിയ ഒരു മഹാസഖ്യത്തെ മതേതരമൂല്യങ്ങളെ മുറുക്കെപ്പിടിക്കുന്നവര്‍ തകര്‍ക്കാന്‍ ശ്രമിക്കില്ലല്ലോ.

            ബീഹാര്‍ നല്കുന്ന പാഠം വ്യക്തമാണ്.അധികാരമുപയോഗിച്ച് ആരേയും വശത്താക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന നരേന്ദ്രമോഡിയുടെ പിന്തുണയോടെ ഏതൊരു മൂല്യങ്ങളേയും അട്ടിമറിക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം കൂടുതല്‍ ആത്മാര്‍ത്ഥതയും പ്രതിബദ്ധതയുമുള്ള മുഖങ്ങളെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.  

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം