Monday, July 24, 2017

#ദിനസരികള്‍ 103


ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ചരിത്രം ആവര്‍ത്തിക്കുമെന്ന് ( History repeats itself, first as tragedy, second as farce ) മാര്‍ക്സാണ് പറഞ്ഞത്.അധ്വാനിയായ മനുഷ്യര്‍ അനുഭവിക്കുന്ന വേദനകളില്‍ വ്യസനിച്ച കാള്‍ മാര്‍ക്സ്. ആശയങ്ങളില്‍ നിന്ന് ആശയങ്ങളിലേക്കുള്ള സഞ്ചാരങ്ങളില്‍ , ആ മഹാവ്യസനി , തന്റെ ചിന്തകള്‍ക്കനുരൂപമായി പരിവര്‍ത്തിപ്പിച്ചെടുത്ത മഹാപഥങ്ങള്‍ മനുഷ്യരാശിക്കാകമാനം അഭയമായിരുന്നു.ബുദ്ധനെപ്പോലെ ലോകത്ത് ദുഖമുണ്ടെന്നും ആ ദുഖത്തിന് കാരണമുണ്ടെന്നും മാര്‍ക്സും കണ്ടെത്തിയിരുന്നു. പക്ഷേ അഷ്ടാംഗമാര്‍ഗ്ഗങ്ങളുടെ അഭൌതിക സാധ്യതകളല്ല , മറിച്ച് , കല്ലിനെ പരുവപ്പെടുത്തുന്ന ചുറ്റികയാല്‍ തങ്ങളുടെ ചുറ്റുവട്ടങ്ങളെ മാറ്റിപ്പണിയുകയാണ് വേണ്ടത് എന്നായിരുന്നു മാര്‍ക്സ് വിശ്വസിച്ചിരുന്നത്. അരിവാളിനാല്‍ കൊയ്തെടുക്കുന്നവ അരചന്റെ പത്തായപ്പുരയിലേക്കല്ല , അരിയുന്നവന്റെ വിശപ്പാറ്റാനാണ് ചെന്നേത്തണ്ടതെന്നാണ് മാര്‍ക്സ് വിശ്വസിച്ചത്. അതുകൊണ്ടാണ് അരിവാളും ചുറ്റികയും വിശക്കുന്നവന്റെ പ്രതീക്ഷയായത്.
            വിശക്കുന്നവന്റെ പ്രതീക്ഷ എന്ന പ്രയോഗത്തിന് ഇന്ന് മറ്റേതുകാലത്തെക്കാളും പ്രാധാന്യവും പ്രസക്തിയും ഏറെയുണ്ട്.കാരണം വര്‍ഗ്ഗസമരത്തിന്റെ തിട്ടകള്‍ തൂര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ചരിത്രസന്ധിയുടെ വക്കത്താണ് മനുഷ്യവര്‍ഗ്ഗം ചെന്നെത്തിനില്ക്കുന്നതെന്ന ഞെട്ടിക്കുന്ന ബോധ്യം , അവശേഷിക്കുന്ന  തുരുത്തുകളെയെങ്കിലും കാത്തുപോരേണ്ടതാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണല്ലോ. ആ ഓര്‍മ്മപ്പെടുത്തലുകളെ അവഗണിക്കാന്‍തക്ക വിധത്തിലുള്ള അഹങ്കാരം ഇനിയും നാം നേടിക്കഴിഞ്ഞിട്ടില്ലെന്ന് ചിന്തിക്കുന്നത് നാം ഇപ്പോഴും മനുഷ്യരില്‍ നിന്നും അകന്നിട്ടില്ലെന്നതുകൊണ്ടാണല്ലോ. അതുകൊണ്ട് വെണ്‍ചാമരങ്ങളും ആലഭാരങ്ങളും വീശി അലങ്കാരമായി മാറാനുഴറുന്ന ആശയങ്ങളാല്‍ ചൂഴപ്പെട്ടവരായി ജീവിച്ചുപോകുക എന്നത് അസാധ്യമായ വെല്ലുവിളിയാണ്. താല്പര്യങ്ങളുണ്ടെങ്കില്‍ അത് വര്‍ഗ്ഗത്തിന്റേതാകണം എന്നാണ് , അതുകൊണ്ട് , സമകാലിക ജീവിതം നമ്മോട് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കുകയെന്നത് അത്രയേറെ വിഷമമുള്ള സംഗതിയാണെന്ന് കരുതുകവയ്യ.

            എന്തിനാണ് ഞാന്‍ ആവര്‍ത്തിക്കുകയും അതുവഴി പ്രഹനസമാകുകയും ചെയ്യുന്ന ദുരന്തത്തെക്കുറിച്ച് പറഞ്ഞത് ? എന്തിനാണ് ഞാന്‍ വര്‍ഗ്ഗ താല്പര്യങ്ങളെക്കുറിച്ച് പറഞ്ഞത് ? എന്തിനാണ് ഞാന്‍ വിശപ്പിനെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും പറഞ്ഞത് ? വര്‍‌ഗ്ഗേതരതാല്പര്യങ്ങള്‍ തളര്‍ത്തുന്ന മുന്നേറ്റങ്ങളെക്കുറിച്ച് പറഞ്ഞത് ? സദാസന്ദേഹിയായ ഒരുവന്റെ ആത്മാന്വേഷണങ്ങളെന്ന് പറഞ്ഞ് തള്ളുക. കാരണം ചരിത്രപരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള ആര്‍ജ്ജവം കാണിക്കാനെങ്കിലും നമുക്ക് കഴിയാതിരിക്കുമോ എന്ന് സന്ദേഹം അസ്ഥാനത്തായിരിക്കട്ടെ.
Post a Comment