#ദിനസരികള്‍ 299


കുരീപ്പുഴ ശ്രീകുമാറിനെ ഇന്നലെ കൊല്ലത്തുവെച്ച് ആര്‍ എസ് എസ് ആക്രമിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ സത്യം പറഞ്ഞാല്‍ അസ്വാഭാവികമെന്നോ അപ്രതീക്ഷിതമെന്നോ തോന്നിയില്ല.അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കേരളത്തില്‍ വര്‍ത്തമാനകാലത്ത് ഉയരുന്ന ശക്തമായ ശബ്ദങ്ങളിലൊന്നാണ് കവി കുരീപ്പുഴ ശ്രീകുമാറിന്റേത്.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിര്‍ഭയ നിലപാടുകളെ അവസാനിപ്പിക്കേണ്ടത് സംഘപരിവാര്‍ ശക്തികളുടെ ആവശ്യമാണ്.ആക്രമണത്തിലൂടെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനും അതിനു കഴിയില്ലെങ്കില്‍ ശാരീരികമായി ഇല്ലായ്മ ചെയ്യാനും തയ്യാറാകുന്ന ഒരു കൂട്ടത്തിന്റെ ചെയ്തികള്‍ ഇന്ത്യയെയാകെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു.അവര്‍ക്കു വഴങ്ങാത്തവരെ ഉന്മൂലനം ചെയ്യുന്ന കാഴ്ചകള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു.പുരോഗമനാശയങ്ങളടെ പേരില്‍ ബലി കഴിക്കപ്പെട്ട അത്തരമാളുകളുടെ പട്ടികയിലേക്ക് കുരീപ്പുഴ ശ്രീകുമാറിനേയും എത്തിക്കാനുള്ള ശ്രമത്തിനെതിരെ കേരളം കാവലിരിക്കേണ്ടത് സാംസ്കാരികവും ചരിത്രപരവുമായ ആവശ്യകതയാണ്. കാരണം കേരളത്തില്‍ നിര്‍ഭയമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയില്ലയെങ്കില്‍ ഇന്ത്യയില്‍ത്തന്നെ വേറെ എവിടെയാണ് കഴിയുക?
            കേരളം പിന്നിട്ടുപോന്ന ചരിത്രം , മതവൈതാളികന്മാരോട് ഏറ്റുമുട്ടി വിജയിച്ചതിന്റെ മിന്നുന്ന കഥ കൂടിയാണ്.എന്നാല്‍ ആ പോരാട്ടങ്ങളുടെ സ്മൃതികളില്‍ അഭിരമിച്ച് , കിട്ടുന്ന വേദികളിലൊക്കെ നവോത്ഥാനകാലത്തിന്റെ വീരഗാഥകളെ അയവിറക്കി ചടഞ്ഞുകൂടേണ്ട ഒരു കാലഘട്ടത്തിലൂടെയല്ല നാം കടന്നുപോകുന്നത്.നമ്മുടെ പൂര്‍വികര്‍ ചീന്തിയ ചോരയുടെ ഫലമായി, പോരാട്ടങ്ങളില്‍ മുന്നണിപ്പോരാളിയായി നിന്ന് ദാനം നല്കിയ ജീവനുകളുടെ ഫലമായി നാം നേടിയ യുക്ത്യധിഷ്ടിതമായ ചിന്താരീതികളെ സമൂഹത്തില്‍ നിന്നും നിഷ്കാസനം ചെയ്യാനുള്ള ഇടപെടലുകള്‍ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത് നാം അറിയാതെ പോകരുത്. ഈ ശക്തികള്‍ക്കുമുന്നില്‍ മുട്ടുമടക്കിയാല്‍ എന്തിനെയൊക്കെയാണോ ഒരിക്കല്‍ നാം പരാജയപ്പെടുത്തിയത് ആയതിലേക്കുള്ള തിരിച്ചുപോക്കായിരിക്കും പിന്നീട് ഉണ്ടാവുക.എന്നു വെച്ചാല്‍ ഇന്ന് നാമൊന്ന് കണ്ണടച്ചാല്‍ പിന്നെ കണ്ണുതുറക്കുന്ന നൂറോ നൂറ്റമ്പതോ കൊല്ലം മുമ്പുള്ള കേരളത്തിലേക്കായിരിക്കും.

            പ്രശസ്ത ചിന്തകന്‍ രവിചന്ദ്രന്‍ എങ്ങനെയായിരിക്കും കൊല്ലപ്പെടുക എന്നൊരാശങ്ക ഞാനൊരിക്കല്‍ പങ്കുവെച്ചിരുന്നു. അന്ന് പലരും എന്നോട് കയര്‍ത്തു. ഇങ്ങനെയൊക്കെ ചിന്തിക്കുകയും പറയുകയും ചെയ്യാമോ, അനാവശ്യമായ ഭയം സൃഷ്ടിക്കുകയല്ലേ ചെയ്യുന്നത് തുടങ്ങി നിരവധി സംശയങ്ങള്‍ അത്തരക്കാര്‍ ഉന്നയിച്ചിരുന്നു.കേരളത്തില്‍ മതതീവ്രവാദികള്‍ക്ക് അനുകൂലമായ ഒരന്തരീക്ഷം ഒരിക്കലും ഉണ്ടാവുകയില്ല എന്ന പ്രതീക്ഷയായിരിക്കണം അവരുടെയൊക്കെ പ്രതികരണങ്ങള്‍ക്കു പിന്നിലെന്ന കാര്യം എനിക്കറിയാം. പക്ഷേ ഇപ്പോള്‍ പലതും കൈവിട്ടുതുടങ്ങിയിരിക്കുന്നു. ദളിതനായ ഒരാളുടെ മൃതശരീരം സര്‍ക്കാറിന്റെ അധീനതയിലുള്ള പൊതുസ്ഥലത്തു പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം കേരളത്തിലുണ്ടായിരിക്കുന്നു.നാം ശുഭപ്രതീക്ഷകളുടെ തിരശ്ശീലകള്‍ മാറ്റി ചത മൂടാത്ത കണ്ണുകള്‍ കൊണ്ട് സത്യമെന്താണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.കാലം കെട്ടിരിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് കൂട്ടായ പ്രതിരോധത്തിന്റെ മഹാപ്രാകാരങ്ങളെ സൃഷ്ടിക്കാന്‍ നമുക്കു കഴിയണം.അതല്ലെങ്കില്‍ കുരീപ്പുഴ ശ്രീകുമാറിന്റേയും രവിചന്ദ്രന്റേയുമൊക്കെ തിരുനെറ്റികളെ തുളച്ചുകൊണ്ട് അജ്ഞാതരുതിര്‍ക്കുന്ന തീയുണ്ടകള്‍ക്ക് നാം മൂകസാക്ഷികളാകേണ്ടിവരും.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1