#ദിനസരികള്‍ 301
അങ്ങനെ
നളന്‍ വിവാഹശേഷം രതിലാലസനായി പത്നിയോടൊപ്പം ഉപവനത്തില്‍ സ്വൈരം വിഹരിക്കുന്നതായ
കാലത്തിങ്കല്‍ , ദമയന്തിയുടെ കല്യാണത്തില്‍ പങ്കുകൊണ്ടതിനുശേഷം സ്വദേശത്തേക്ക്
മടങ്ങുന്ന ദേവേന്ദ്രന്റെ മുന്നില്‍ കലി വന്നു പെടുന്നു.എങ്ങോട്ടാണ് യാത്ര എന്നന്വേഷിക്കുന്ന
ഇന്ദ്രനോട് ഭൈമിയുടെ വിവാഹത്തില്‍ പങ്കുകൊള്ളാനും അവളെ സ്വന്തമാക്കാനുമാണ്
പോകുന്നതെന്ന് കലി പറയുന്നു. ആ കല്യാണം കഴിഞ്ഞുപോയിയെന്നും ഞങ്ങളതില്‍
പങ്കുകൊണ്ടിട്ടാണ് വരുന്നതെന്നുമുള്ള ഇന്ദ്രന്റെ മറുപടി കലിയെ കോപാന്ധനാക്കുന്നു. നളചരിതത്തിലെ
ഏറ്റവും ആകര്‍ഷണീയമായ രംഗങ്ങളിലൊന്നാണ് ഇത്. എനിക്കിത് പ്രിയപ്പെട്ടതാകുന്നതിന്
മറ്റൊരു കാരണവുമുണ്ട്. എന്റെ ജ്യേഷ്ഠന് ഈ ഭാഗം ഹൈസ്കുള്‍ ക്ലാസുകളില്‍
പഠിക്കാനുണ്ടായിരുന്നതുകൊണ്ട് ഞാന്‍ ഹൈസ്കൂളിലേക്ക് എത്തുന്നതിന് മുമ്പുതന്നെ ഈ ഭാഗം എനിക്ക് കാണാപ്പാടം തന്നെ അറിയാമായിരുന്നു.
എന്നുമാത്രവുമല്ല , ജ്യേഷ്ടന്റെ മലയാളപാഠാവലിയിലെ മിക്ക പദ്യങ്ങളും എനിക്കും
അറിയാമായിരുന്നു.മൂത്തവരുടെ പുസ്തകത്തിലെ ഭാഗങ്ങള്‍ പഠിക്കുക എന്നത് അനിയന്മാര്‍ക്കും
അനിയത്തിമാര്‍ക്കും ഹരമാണല്ലോ.എന്നിട്ട് അതുറക്കെച്ചൊല്ലി അവരെ
വിസ്മയിപ്പിക്കുന്നത് ഒരു രസവും. ആ രസം നുകരാത്ത ഇളയവരുണ്ടാവില്ല എന്നതാണ്
ശരി
എങ്ങുനിന്നെഴുന്നരുളി സുരാധിപാ
ദഹനശമനവരുണൈരമാ - എന്ന് കലി.
പോയ് വരുന്നേനകലെ നീ സമ്പ്രതി
പോവതിതെങ്ങു കലേ - എന്ന് ഇന്ദ്രന്‍ ഈ ചോദ്യവും
ഉത്തരവും ശ്രദ്ധിക്കുക. കലിക്ക് വ്യക്തമായ ഒരുത്തരം ഇന്ദ്രന്‍ നല്കുന്നില്ല. അകലെ
എന്നുമാത്രമാണ് മറുപടി. തിരിച്ച് കലിയോടുള്ള ചോദ്യത്തിന് കലി വിശദമായിത്തന്നെ
ഉത്തരം പറയുന്നുമുണ്ട്. ഇന്ദ്രന്റെ രീതി അവലംബിച്ചുകൊണ്ടാണെങ്കില്‍ ഞാനും അകലവരെ
പോകുന്നു എന്നു പറയാവുന്നതേയുള്ളു. പക്ഷേ കലി പറയുന്നത്
ഭൂമി തന്നിലുണ്ട് ഭീമസുതയെന്നൊരു
കാമിനി കമല ലോചന
കാമനീയകത്തിന്‍ ധാമം പോല്‍
അവള്‍തന്‍ നാമം കേട്ടു
ദമയന്തിപോല്‍
യാമി ഞാനവളെ ആനയിപ്പതിന് – എന്നാണ്. എന്നു വെച്ചാല്‍ നളചരിതത്തിന്റെ കഥാഘടനയെ നിര്‍ണയിക്കുന്ന
ഒരു സംഭവത്തെ സൃഷ്ടിച്ചെടുക്കുന്നതിനാണ് ഉണ്ണായി വാരിയര്‍ ശ്രമിക്കുന്നത്. അതിന്
കലിയെ പ്രകോപിതനാക്കേണ്ടതുണ്ട്. കലി പ്രകോപിതനായാല്‍ മാത്രമേ ഇനി കഥ മുന്നോട്ടു
പോകുകയുള്ളു.അതിന് ഇന്ദ്രന്‍ പറഞ്ഞതുപോലെ എവിടേയും തൊടാത്ത ഒരു മറുപടി പോര.കലിയുടെ
ആത്മാഭിമാനത്തിന് ക്ഷതം സംഭവിക്കണം.എങ്കില്‍ മാത്രമേ
കനക്കെക്കൊതി കലര്‍ന്നു മിഴിച്ചു
പാവകളെക്കണക്കേ
നിങ്ങളും കണ്ടങ്ങിരിക്കവേ
മനസ്സിലുറപ്പോടവള്‍ പരക്കും ജനം
നടുവില്‍
മനുഷ്യപ്പുഴുവിനേയോ വരിച്ചുപോല്‍
മിനക്കെട്ടങ്ങുമിങ്ങും നടക്കമാത്രമിഹ
നിനച്ചാല്‍ നിങ്ങള്‍ക്കൊരു ലാഭമായ്
ഇനിക്കിന്നതുകേട്ടു ജ്വലിക്കുന്നുണ്ട്
കോപം
പിണക്കിയകറ്റുവന്‍ ഞാനവനേയും
ധ്രുവമവളേയും രാജ്യമകലേയും എന്ന് ശപഥം ചെയ്യിക്കാന്‍ കഴിയൂ. ആ ശപഥത്തിന്റെ
പരിണതിയാണല്ലോ നളചരിതം. വാക്കുകളുടെ പ്രയോഗിക്കുന്നതിലെ സൂക്ഷ്മതയെക്കുറിച്ചാണ് ഈ
ഭാഗം വായിക്കുമ്പോള്‍ ഒക്കെയും എനിക്ക് ചിന്തിക്കാനാകുക.കേവലമായ ഒരു
സൌഹൃദസംഭാഷണത്തിനപ്പുറത്തേക്ക് കഥയെ പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ അതിവിദഗ്ദമായി
ഉപയോഗിക്കുന്നതിന്റെ ഉത്തമോദാഹരണമാണ് നളചരിതത്തിലെ ദേവേന്ദ്ര – കലി സംവാദം.
Comments