#ദിനസരികള്‍ 300
ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തില്‍ ജീസസ്
, മരുഭൂമിയിലെ ആശ്രമത്തില്‍ വെച്ച് തന്നെ കൊല്ലാന്‍ വന്ന ജൂദാസിനോട് ഇങ്ങനെ
പറയുന്നു :- “കുഞ്ഞുന്നാളു
മുതലേ അച്ഛനും അമ്മയും അമ്മാവനും എന്റെ ഉള്ളില്‍ ദൈവത്തെ കടത്തിവിട്ടു.ഞാനാകട്ടെ
ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിതത്തെ മുറുകെപ്പിടിച്ചു.ഒരു ഭര്‍ത്താവാകാന്‍ ,
കുഞ്ഞുങ്ങളുടെ അച്ഛനാകാന്‍ കുടുംബനായകനാകാന്‍ അങ്ങനെ ജീവിതത്തിന്റെ മധുരമറിയുവാന്‍
ഞാനേറെ കൊതിച്ചു.ദൈവമാകട്ടെ എന്ന വലിച്ചുകീറി പരീക്ഷിച്ചു.ദൈവത്തില്‍ നിന്ന് അകലുവാന്‍
വേണ്ടി ഞാന്‍ അനേകം പാപചിന്തകളില്‍ മുഴുകി.റോമിനു വേണ്ടി
കുരിശുണ്ടാക്കിയിട്ടുപോലും ദൈവം എന്നെ വെറുത്തില്ല ജൂദാസ്.” സാമാന്യം
ദീര്‍ഘമായ ഈ സംഭാഷണം പകര്‍ത്തുന്നത് , ആ നാടകത്തിനെ കേന്ദ്രീകരിച്ചു നിലകൊള്ളുന്ന
ഒരാശയപരിസരത്തെ ഏതാണ് പരിപൂര്‍ണമായിത്തന്നെ അഭിവ്യഞ്ജിപ്പിക്കുന്നു എന്നതിനാലാണ്.
ഈ ആശയത്തിന്റെ വിശദീകരണം മാത്രമാണ് ആ സംഭാഷണത്തിനുമുന്നിലും പിന്നിലും വ്യാപിച്ചു
നിന്നുകൊണ്ട് പിന്നീടുള്ള സംഘര്‍ഷാത്മകമായ നാടകീയ മുഹുര്‍ത്തങ്ങളെ
സൃഷ്ടിച്ചെടുക്കുന്നത്.
മനുഷ്യനായി നിലനില്ക്കുവാനുള്ള അദമ്യമായ
ആഗ്രഹം , എന്നാല്‍ ദൈവികമെന്ന് കരുതപ്പെടുന്ന പ്രതീക്ഷകളുടെ വഴികളില്‍ നിന്നും
വിടുതിയില്ലായ്മ – സംഘര്‍ഷാത്മകമായ ഈ രണ്ടു ദ്വന്ദ്വങ്ങള്‍ ജീസസ് എന്ന
കഥാപാത്രത്തെ സങ്കീര്‍ണമാക്കുന്നു. ദൈവത്തോടേറ്റുമുട്ടിക്കൊണ്ട് ജനങ്ങള്‍
രക്ഷകനെന്ന് വിശ്വസിച്ച സീലട്ടിനെ കൊല്ലുന്നതിനുവേണ്ടി
കുരിശുണ്ടാക്കിക്കൊടുക്കുന്നത് മനുഷ്യനെന്ന ഭാവത്തിന് കൂടുതല്‍ മേല്‍ക്കോയ്മയുണ്ടാക്കുന്നതിനുവേണ്ടിയാണ്.പക്ഷേ
ദൈവികമായ ആവശ്യങ്ങളെ പരാജയപ്പെടുത്താന്‍ ആന്റണിയുടെ ജീസസ്സിന് ഒരിക്കലും
കഴിയുന്നില്ല.തന്റെ നെഞ്ചിലേക്ക് നീട്ടിപ്പിടിച്ച കത്തിയുടെ പ്രഹരശേഷിയിലേക്ക്
കയറിനിന്നുകൊണ്ട് ജൂദാസിനോട് ജീസസ് പറയുന്നത് , കാവല്‍ക്കാര്‍ പ്രഭാതം
പ്രതീക്ഷിക്കുന്നതിലുപരി ഞാന്‍ മരണം കാത്തിരിക്കുന്നുവെന്നാണ്. മരിച്ചാലും
മനുഷ്യനെന്ന പരിവേഷത്തോടെയായിരിക്കണം എന്ന ആഗ്രഹത്തിന്റെ പ്രകടനമായിരുന്നു അത്.കുരിശുണ്ടാക്കിക്കൊടുത്തതെന്തിന്
എന്ന് ചോദിച്ച മേരിയോട് “ എന്നെ വേട്ടയാടുന്ന ദൈവത്തിന്റെ കൈകളില്‍ നിന്ന് എനിക്കു
രക്ഷപ്പെടണം.എനിക്കു മനുഷ്യനായാല്‍ മതി... എനിക്കു മനുഷ്യനായാല്‍ മതി “ എന്ന് ജീസസ്
പ്രത്യക്ഷമായിത്തന്നെ വിലപിക്കുന്നുമുണ്ട്.
ഈ സംഘര്‍ഷങ്ങളെയൊക്കെ
ചിത്രീകരിക്കുമ്പോഴും ദൈവം വരച്ചുകൊടുത്ത വഴികളിലൂടെത്തന്നെയായിരുന്നു ജീസസ്
നടന്നുപോയത് , അല്ലെങ്കില്‍ നാടകകൃത്തായ പി എം ആന്റണി
നടത്തിയത്.ക്രൈസ്തവസങ്കല്പങ്ങളിലെ ദൈവികപരിവേഷമുള്ള യേശുവിന്റെ ‘ഇമേജി’ന് കോട്ടം
തട്ടിക്കുന്ന യാതൊന്നും തന്നെ ഈ നാടകത്തിലെ ജീസസ്സും ചെയ്യുന്നില്ല.ഒരു
സാധാരണക്കാരനായി ജീവിച്ചു മരിക്കാന്‍ കൊതിപൂണ്ട ഒരു മനുഷ്യന് , തന്നില്‍
അസാമാന്യമായ പ്രതീക്ഷകളുമായി ഒരു ജനവിഭാഗം കാത്തിരിക്കുന്നുണ്ടെന്ന്
മനസ്സിലാകുമ്പോഴുള്ള പിരിമുറുക്കത്തെ ഇതിലുമധികം സ്വാഭാവികമായി ഇനിയൊരാള്‍ക്കും
അവതരിപ്പിക്കാന്‍ കഴിയില്ല. ജനതയുടെ രക്ഷകനായി മാറുന്ന താന്‍ എത്രമാത്രം
ശക്തനാണെന്നും ഏതൊക്കെ തരം പരീക്ഷകളെ തനിക്ക് അതീജീവിക്കാന്‍ കഴിയുമെന്നും സ്വയം
വിലയിരുത്തുന്ന ഒരു ഘട്ടമാണിത്.എന്റെ വഴി തീരുമാനിക്കപ്പെട്ടതാണെന്ന് ജീസസ്
മേരിയോട് പറയുന്നത് , എത്രയൊക്കെ താന്‍ പിന്‍വലിഞ്ഞാലും ജനതയുടെ , ദൈവത്തിന്റെ
വഴികളിലൂടെ തനിക്കു സഞ്ചരിച്ചേ പറ്റുവെന്ന ഉറച്ച ധാരണ അദ്ദേഹത്തില്‍
രൂഢമൂലമായതുകൊണ്ടുതന്നെയാണ്.
ദൈവദൂഷണത്തിന്റെ (Blasphemy ) പരിധിയില്‍ പെടുത്തി പി എം ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം
നിരോധിക്കുന്നതിന് വസ്തുതാപരമായ ഒരു കാരണവും കണ്ടെത്താനാവില്ല.എന്നുമാത്രവുമല്ല
ജീസസ്സിന്റെ വ്യക്തിത്വം യാതൊരു വിധ വെല്ലുവിളികള്‍ക്കുമുന്നിലും
മുട്ടുമടക്കാത്തതാണ് എന്ന ധാരണയാണ് വായനക്കാരനിലുണര്‍ത്തുക.പിന്നെ എന്തിനായിരുന്നു
ബിഷപ്പ് മാര്‍ ജോസഫ് കുണ്ടുകുളം വിശ്വാസികളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിച്ച് ആ
പുസ്തകം നിരോധിപ്പിച്ചത് എന്ന ചോദ്യത്തിന്റെ ഉത്തരം തേടേണ്ടത് ഈ നാടകത്തിലല്ല
എന്നുമാത്രം സൂചിപ്പിക്കട്ടെ.
Comments