#ദിനസരികള്‍ 298

കെ ആര്‍ ടോണിയുടെ കവിതകള്‍ എനിക്ക് പ്രിയപ്പെട്ടതാണ്. അദ്ദേഹത്തിന്റെ കാവ്യാത്മകമായ, അപ്രതീക്ഷിതമായ ഇടംതിരിയലുകളെ എനിക്കിഷ്ടമാണ്. ആനപോയ വഴിയേ കാട്ടുപോത്തും കലമാനും ഒടിഞ്ഞു വീണ കൊമ്പുകളിലേയും മുളംപറ്റങ്ങളിലേയും ഇലകളെ തീറ്റയാക്കി നടക്കുന്നതുപോലെ , വന്മത്തരമായ കവികള്‍ നടന്ന , നടക്കുന്ന താരകളെ ഇക്കവി പിന്‍പറ്റുന്നില്ല.കാഴ്ചകളെ വെറുതെ കാണുകയും വാക്കിനെ കൂട്ടുപിടിച്ച് വെറുതെ പൊലിപ്പിച്ചെടുക്കുകയും ചെയ്യുന്നതല്ല ഇദ്ദേഹത്തിന്റെ രീതി. കാണാത്തതിനെ കാണുകയും വാക്കുകളുടെ ചൊല്‍‌ക്കൊണ്ട അര്‍ത്ഥപരിസരങ്ങളെ യഥോചിതം പുതുക്കി നിര്‍മിക്കുയും ചെയ്തുകൊണ്ട് ആശയങ്ങളെ ഭാവനയുടെ മൂശയിലിട്ട് വക്രീകരിക്കുക എന്ന കൈവേലയാണ് ഇദ്ദേഹത്തിന് വഴക്കം. നോക്കുക
            ഇന്ന് ദുഖവെള്ളി
            എല്ലാ ചാനലിലും മിശിഹാ ചരിത്രം
            യേശുവിനെ കുരിശിലേറ്റുന്നത്
            പല തവണ കണ്ടു മടുത്തു
            ആ മടുപ്പോര്‍ത്ത് ക്രിസ്ത്യാനികള്‍
            കയ്പുനീരു കുടിക്കുന്നു
            രണ്ടുനേരം ഉപവസിക്കുന്നു
           
അടുക്കളയില്‍ നിന്ന്
യേശുവിന്റെ അടിയന്തിരസദ്യയുടെ
മണം പരന്നു
പിലാത്തോസിനെ ഓര്‍ത്ത് കൈകഴുകി
ഉണ്ണാനിരുന്നു. മനുഷ്യത്വത്തിന്റെ മഹത്തായ ശൃംഗങ്ങളിലേക്ക് മാനവനെ ആവാഹിച്ചുയര്‍ത്താനെത്തിയ ഒരു വിശ്വമാനവന്റെ ഓര്‍മകള്‍ എത്രമാത്രം   ഉപരിപ്ലവവും പരിഹാസദ്യോതകവുമായാണ് നാം അഭിനയിച്ചു തകര്‍ക്കുന്നത് ? മതാത്മക കൊണ്ടാടലുകളെ ഇതിലും വ്യതിരിക്തമായി എങ്ങനെയാണ് വര്‍ണിച്ചെടുക്കുക? വരച്ചിടുക ?
            അതുകൊണ്ട് ഒരു ഗൃഹപാഠം തരാം. ടോണിയുടെ ഉങ്ങ് എന്ന കവിത. എങ്ങനെയാണ് ഇക്കവിതയെ നിങ്ങള്‍ വായിച്ചെടുക്കുക?
            ഒരു മരക്കവിതയെഴുതണമെന്ന്
            വളരെക്കാലമായി വിചാരിക്കുന്നു
            തീരേ നേരം കിട്ടിയില്ല
            ഇപ്പോള്‍ എഴുതുകയാണ്.
മുറ്റത്ത് കൂറ്റനൊരു ഉങ്ങുമരം നില്ക്കുന്നുണ്ട്
(ഇത്രയും നാളും ഞാനതു കണ്ടില്ലല്ലോ)
ഇടതൂര്‍ന്ന തണലില്‍
ഉങ്ങിന്‍ പൂക്കള്‍ പരന്നു കിടക്കുന്നു
ഉങ്ങിന്‍ കായകളുമുണ്ട്
ഉങ്ങിന്റെ ഇലകള്‍ കാറ്റത്ത് പറന്നു വീഴുന്നു
ഉങ്ങിന്റെ കൊമ്പില്‍
ഊഞ്ഞാലു കെട്ടി ആടാം
ഉങ്ങിന്റെ ഉച്ചിയില്‍ കിളികള്‍ കുറുകുന്നു

ഉങ്ങ് ഒരു സംസ്കാരമാണ്
ഉങ്ങിന്റെ തായ്ത്തടി നല്ല വണ്ണമുള്ളതാണ്
മുറിച്ചു വിറ്റാല്‍  നല്ല വില കിട്ടും


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം