#ദിനസരികള്‍ 302
കേരളം സജീവമായി ചര്‍ച്ച ചെയ്യുകയും
എന്നാല്‍ നടപടികളുടെ കാര്യത്തില്‍ ഉദാസീനമായ നിലപാടുകളെടുക്കുകയും ചെയ്ത തെരുവുനായപ്രശ്നമാണ് ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തിന്റെ
എഡിറ്റോറിയലില്‍ ചര്‍ച്ച ചെയ്യുന്നത്. നമ്മുടെ തെരുവുകളില്‍ നായകളെ ഭയപ്പെടാതെ സഞ്ചരിക്കാനുള്ള
സാഹചര്യം ഇല്ലാതായിരിക്കുന്നു.പട്ടണങ്ങളിലേയും ഗ്രാമപ്രദേശങ്ങളിലേയും അവസ്ഥയും
ഭിന്നമല്ല. നായകളുടെ ആക്രമണത്തില്‍ ജീവന്‍ പോലും നഷ്ടമായവരുണ്ട് എന്നിരിക്കെയാണ്
തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍
നിന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളടക്കമുള്ള അധികാരകേന്ദ്രങ്ങള്‍
പിന്നോട്ടടിക്കുന്നത്.ഈ നില മാറണം. തെരുവു നായകളെച്ചൊല്ലി പൊതുസമൂഹത്തില്‍
നിലനില്ക്കന്ന ഭയം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികളുണ്ടാകണം.
കൊന്നൊടുക്കുക എന്ന എളുപ്പമായ രീതിയെ
പിന്‍പറ്റുന്നതിനെക്കാള്‍ പ്രത്യുല്പാദനം നിയന്ത്രിച്ചുകൊണ്ടു വേണം നായകളുടെ വര്‍ദ്ധനവില്‍
തടയിടേണ്ടത്. “2001 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൃഗങ്ങളുടെ പ്രത്യുല്പാദന
നിയന്ത്രണ ചട്ടത്തില്‍ ഒരു ഭാഗം മാത്രം നടപ്പാക്കുകയും മറുഭാഗം പൂര്‍ണമായി
അവഗണിക്കുകയും ചെയ്തതിന്റെ ഫലമായിരുന്നു നായകളുടെ ക്രമാതീതമായ വര്‍ദ്ധനവ് എന്ന വിന
ഉണ്ടായത്.നായകളെ കൊല്ലരുതെന്നും വന്ധ്യം കരിച്ച് അതിന്റെ പെരുപ്പം തടയുകയാണ്
വേണ്ടതെന്നുമായിരുന്നു ആ ചട്ടം അനുശാസിച്ചത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍
നായപിടുത്തക്കാരെ ഉപയോഗിച്ച് തെരുവുനായ്ക്കളെ പിടികൂടുകയും സയനൈഡ് കുത്തിവെച്ച്
കൊല്ലുകയുമായിരുന്നു അതുവരെ ചെയ്തിരുന്നത്.2001 ല്‍ അത് ഏറെക്കുറെ നിലച്ചു.എന്നാല്‍
വന്ധ്യംകരണപരിപാടിയാകട്ടെ നടപ്പായതുമില്ല.2015 ല്‍ മാത്രമാണ് ആ പദ്ധതി ആരംഭിച്ചത്.” നായകളുടെ
ക്രമാതീതമായ പെരുപ്പുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് മാതൃഭൂമി വിലയിരുത്തിയതാണ്
നാം കണ്ടത്.
മനുഷ്യേതര ജീവികളോടും ‘മനുഷ്യത്വ’ത്തോടെതന്നെ വേണം ഒരാധുനിക സമുഹം പെരുമാറേണ്ടത് എന്ന
കാര്യത്തില്‍ തര്‍ക്കത്തിന് അവകാശമുണ്ടെന്ന് തോന്നുന്നില്ല. ഒന്നുകില്‍ കൊന്നുതീര്‍ക്കുക
അല്ലെങ്കില്‍ ക്രമാതീതമായി വളരാന്‍ വിടുക എന്നീ രണ്ട് അവസ്ഥയല്ലാതെ ഉപയോഗപ്രദമായ
ഒരു മധ്യമാര്‍ഗ്ഗം ജനനനിയന്ത്രണം തന്നെയാണ്. പക്ഷേ അത് കൃത്യമായി ചെയ്യുക എന്ന
ദൌത്യം നായകളുടെ എണ്ണപ്പെരുപ്പത്താല്‍ ദുഷ്കരമാണെങ്കിലും ഒരു ഘട്ടം കഴിഞ്ഞാല്‍ താരതമ്യേന
എളുപ്പമാകും. അതുകൊണ്ട് സന്താനനിയന്ത്രണം എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതമായും ഫലപ്രദമായും നടപ്പിലാക്കാന്‍ ഇനിയും അമാന്തമരുത്.അതൊടൊപ്പം നായകള്‍
ഭക്ഷണം കണ്ടെത്തുന്ന പൊതുഇടങ്ങളിലെ നമ്മുടെ മാലിന്യനിക്ഷേപകേന്ദ്രങ്ങള്‍
ഇല്ലാതാക്കാനുള്ള ഉത്തരവാദിത്തം നാം ഏറ്റെടുക്കുകയും വേണം.പട്ടികടിയേറ്റു
മരിച്ചുപോയ ഒരു സമൂഹം സഹ്യസാനുവിനു അറബിക്കടലിനുമിടയിലുണ്ടായിരുന്നു എന്നൊരു ‘കീര്‍ത്തി’ നമുക്കുണ്ടാകാതിരിക്കട്ടെ.
Comments