#ദിനസരികള്‍ 304
കേരളത്തിലെ പോലീസ് ഹിന്ദു
പുനരുത്ഥാനവാദികളുടെ പിണിയാളുകളായും ദളിത് വിരുദ്ധരായും മാറിയിരിക്കുന്നുവെന്ന്
പ്രശസ്തദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട്. വടയമ്പാടി സംഭവത്തെ മുന്‍ നിറുത്തി
അദ്ദേഹം ഉന്നയിക്കുന്ന ഈ ആരോപണം , കേരളം
സത്യസന്ധമായും വസ്തുതാപരമായും ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയണ്. പോലീസിനെ
സംശയത്തിന്റെ മുനയില്‍ നിറുത്തുകയും അവരുടെ ആത്മവിശ്വാസത്തെ കെടുത്തുകയും
ചെയ്യുന്ന രീതിയിലുള്ള തെറ്റായ ആക്ഷേപങ്ങള്‍ നിയമവാഴ്ചയെ പ്രതികൂലമായി
ബാധിക്കുമെന്ന ബോധ്യത്തില്‍ നിന്നുകൊണ്ടുവേണം സണ്ണി എം കപിക്കാടിന്റെ ആരോപണം ചര്‍ച്ച
ചെയ്യേണ്ടത്.
കേരളം പൊതുവേ ചിന്തിക്കുന്നത് ഒരു
മധ്യവര്‍ഗ്ഗത്തിന്റെ സവര്‍ണമായ നിലയില്‍
നിന്നുകൊണ്ടാണ്. ജാതിശ്രേണിയുടെ ഉപരിഘടനയോട് പൂര്‍ണമായും പിന്തുണക്കാതെ
നില്ക്കുകയും എന്നാല്‍ കീഴ്ഘടകത്തോട് ചേരാതിരിക്കുകയും ചെയ്തുകൊണ്ട് മധ്യവര്‍ത്തിയായ
ഒരു നയം സ്വീകരിക്കുക വഴി , മലയാളി സ്വത്വം , തങ്ങള്‍ സവര്‍ണരുടെ ചിന്തകളെ
തീണ്ടാത്തവരാണെന്നും അതുകൊണ്ടുതന്നെ താഴെത്തട്ടിലുള്ള ജനതതി തങ്ങള്‍ക്ക്
അസ്പൃശ്യരല്ലെന്ന് അഭിനയിക്കുകയും ചെയ്തുപോന്നു.പക്ഷേ താഴെത്തട്ടിലുള്ളവരെ
അതായിത്തന്നെ നിലനിറുത്തിപ്പോരുവാന്‍ നാം അറിഞ്ഞോ അറിയാതെയോ ശ്രദ്ധിച്ചിരുന്നു
എന്നതാണ് വാസ്തവം. “അവശനായ
ദളിതന്‍ കൃസ്ത്യാനിയായാല്‍ അവശകൃസ്ത്യാനിയാകുന്നതും പുലയന്‍ കളക്ടറായാല്‍ പുലയന്‍
കളക്ടറാകുന്നതും ഈ ചിന്തഗതിയുടെ ഫലം തന്നെയാണ്.
അയ്യങ്കാളി എന്തുകൊണ്ട്
ശ്രീനാരായണഗുരുവിനോളം ആരാധ്യനാകുന്നില്ല എന്നത് കുലങ്കഷമായി
വിലയിരുത്തേണ്ടിവന്നാല്‍ നാമെത്തിച്ചേരുക , ശ്രീനാരായണഗുരുവിനോളം അയ്യങ്കാളി
ഹൈന്ദവ പൊതുബോധത്തെ തൃപ്തിപ്പെടുത്തിയിട്ടില്ല എന്ന വസ്തുതയിലേക്കായിരിക്കും.ആ
പൊതുബോധം എന്നു പറയുന്നത് ഞാന്‍ നേരത്തെ പറഞ്ഞ മധ്യവര്‍ത്തിബോധം
തന്നെയാണ്.അയ്യങ്കാളി ദളിതനുവേണ്ടി മാത്രം പടവെട്ടി , ശ്രീനാരായണഗുരുവാകട്ടെ
ദളിതനും ഹിന്ദുവിനും വേണ്ടി പടവാളെടുത്തു.എത്രയൊക്കെ വര്‍ണിച്ചുറപ്പിച്ചാലും
നവോത്ഥാന മൂല്യബോധങ്ങള്‍ എത്രമാത്രം ദളിതമാണോ അതിന്റെ എത്രയോ ഇരട്ടി സവര്‍ണവും
മധ്യവര്‍ഗ്ഗപൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതുമാണ്.
ഇക്കാലങ്ങളിലെ സാഹചര്യങ്ങള്‍
ഹിന്ദുവിന്റെ ഉണര്‍ച്ചക്കായി പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന മുദ്രാവാക്യങ്ങളാല്‍
മുഖരിതമാണ്. ആ മുദ്രാവാക്യമാകട്ടെ പൂര്‍ണമായും സവര്‍ണപക്ഷപാതപരവുമാണ്. ഇന്ത്യയിലെ
ഇതരസംസ്ഥാനങ്ങളില്‍ അവ അലയടിച്ചതുപോലെ കേരളത്തില്‍ വ്യാപിച്ചിട്ടില്ലയെങ്കിലും
എക്കാലത്തേയുംകാള്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുവാന്‍ അതിന്
കഴിഞ്ഞിട്ടുണ്ടെന്നത് നിസ്തര്‍ക്കമാണ്.അത് എത്രമാത്രം നമ്മുടെ സേനയെ
ബാധിച്ചിട്ടുണ്ട് എന്നു പരിശോധിക്കുന്നത് നന്നായിരിക്കും. സേനയെ മാത്രമല്ല ,
നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ഏതൊക്കെ സ്ഥാപനങ്ങളില്‍ ദളിതുവിരോധം ചെന്നുകേറിയിട്ടുണ്ട്
എന്നുകൂടി വിലയിരുത്തണം.അങ്ങനെയൊന്നില്ല എന്ന് അടപടലേ നിഷേധിക്കുന്നതിനുപകരം
ദളിതുപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുവേണം ഈ വിഷയത്തില്‍ നാം ഇടപെടേണ്ടത്.അവരുന്നയിക്കുന്നത്
തെറ്റാണെങ്കില്‍ അതു ബോധ്യപ്പെടുത്താന്‍ കൂടി ഈ പരിശോധന ഉതകുമല്ലോ എന്ന് നാം
സമാധാനിക്കുക.
Comments