#ദിനസരികള്‍ 779
സുനില്‍ പി ഇളയിടത്തോട് ശക്തമായ അഭിപ്രായ വ്യത്യാസം
തോന്നിയ ഒരു സന്ദര്‍ഭത്തെക്കുറിച്ച് ഞാന്‍ ഇതിനുമുമ്പും സൂചിപ്പിപ്പിച്ചിട്ടുണ്ട്.
ഭഗവദ് ഗീതയെ ഗാന്ധി വായിച്ചതു പോലെയും ഗോഡ്സേ വായിച്ച പോലെയും വായിക്കാം , എന്നാല്‍
നിങ്ങള്‍ ഗാന്ധി വായിച്ചതുപോലെ അഹിംസയുടേയും സഹിഷ്ണുതയുടേയും വെളിച്ചത്തില്‍ ഗീതയെ
വായിക്കണം എന്ന് ഉപദേശിക്കുന്ന ഒരു അവസരമായിരുന്നു അത്. ഏതു തരത്തില്‍ വായിച്ചാലും
ഗീത എന്ന സവര്‍ണ പക്ഷപാതിയായ ഒരു ഗ്രന്ഥത്തിന്റെ കീഴിലേക്ക് ആളുകളെ കയറ്റി
നിറുത്തുക എന്ന തന്ത്രത്തിന് അറിഞ്ഞോ അറിയാതെയോ വഴങ്ങിക്കൊടുക്കുകയായിരുന്നു
സുനില്‍ പി ഇളയിടം. അതുകൊണ്ടുതന്നെ ആശാസ്യമായ ഒന്നായി ആ നിലപാടിനെ കണ്ട്
ഐക്യപ്പെടാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. സാന്ദര്‍ഭികവശാല്‍ എത്രമാത്രം അഹിംസയും
സഹിഷ്ണുതയും ഗീതയില്‍ നമുക്ക് വ്യാഖ്യാനിച്ചു വിളക്കിച്ചേര്‍ക്കാന്‍ കഴിഞ്ഞാലും
അതെപ്പോഴും ബ്രാഹ്മണാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്ന , ശ്രേണി
ബദ്ധമായ ജാതി നിലയെ അംഗീകരിക്കുന്ന , സ്മൃതികളുടേയും ശ്രുതികളുടേയും വഴിയേ
നടക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നുതന്നെയാണ്. അവസരം വരുമ്പോള്‍ നമ്മുടെ
വ്യാഖ്യാനങ്ങളെയൊക്കെ തട്ടിമാറ്റി തനിസ്വഭാവം പ്രകടിപ്പിച്ചുകൊണ്ട് ഗീത ഉയര്‍ത്തെഴുന്നേല്ക്കുക
തന്നെ ചെയ്യും.
ഇക്കാലങ്ങളില്‍
നമ്മുടെ സാമൂഹ്യ ജീവിതം കുടുതല്‍ കൂടുതല്‍ മതാത്മകമായിക്കൊണ്ടിരിക്കുകയാണ് എന്ന
കാര്യം സൂചിപ്പിക്കുവാനാണ്. അതായത് എനിക്ക് ഹിന്ദുവിനെ എതിര്‍ക്കണമെങ്കില്‍ ഞാന്‍
കൂടുതല്‍ നല്ല ഹിന്ദുവാണെന്ന് ആദ്യമേ സമ്മതിക്കേണ്ടിയിരിക്കുന്നു. കൃസ്ത്യാനിയേയും
മുസ്ലീമിനേയും കുറിച്ച് എതിര്‍ അഭിപ്രായങ്ങള്‍ പറയേണമെങ്കില്‍ ഞാന്‍ ശരിക്കും
മതജീവിതം നയിക്കുന്ന പത്തരമാറ്റു് വിശ്വാസിയാണെന്ന്
സ്ഥാപിച്ചെടുക്കേണ്ടിയിരിക്കുന്നു.ഗീതയെ എതിര്‍ക്കണമെങ്കില്‍ കൂടുതല്‍ നല്ല
ഗീതാവിശ്വാസി ഞാനാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.
അതായത്
സംഘപരിവാരം പറയുന്ന ഹിന്ദുമതമല്ല എന്റെ ഹിന്ദുമതം, മറിച്ച് മറിച്ച്
ആയിരത്താണ്ടുകള്‍ക്കു മുമ്പേ വേദങ്ങളിലും ഉപനിഷത്തുകളിലും പറഞ്ഞിരിക്കുന്ന ,
ഋഷിപ്രോക്തമായ അങ്ങേയറ്റം മഹത്തരമായ ഒന്നാണ് എന്റെ ഹിന്ദുമതം എന്നു പ്രഖ്യാപിച്ചുകൊണ്ട്
മാത്രമേ ആറെസ്സെസ്സിനേയും കൂട്ടാളികളേയും ആശയ പരമായി നേരിടുവാന്‍ നമുക്കു
കഴിയുകയുള്ളു എന്ന ഗതി വന്നാല്‍ അതെത്രമാത്രം മതനിരപേക്ഷമായിരിക്കുമെന്ന ചോദ്യം ആരെയാണ് അലട്ടാതിരിക്കുക? അങ്ങനെ വരുമ്പോള്‍ എങ്ങനെയാണ്
ഇടതുപക്ഷത്തു നിന്നും മതാതീതമായ സാംസ്കാരിക വിമര്‍ശനം സാധ്യമാകുക? ഈയൊരു
സന്ദിഗ്ദമായ അവസ്ഥയെ സൃഷ്ടിക്കുക എന്നതുതന്നെയാണ് ഹിന്ദുത്വവാദികളും ലക്ഷ്യം
വെച്ചിരിക്കുന്നത്. ആ കെണിയിലേക്കാണ് ഗാന്ധിയുടെ കൈയ്യിലെ ഗീതയെയാണ് നാം
സ്വീകരിക്കേണ്ടതെന്ന് വാദിക്കുമ്പോള്‍ ഇടതുചിന്തകനായ സുനില്‍ പി ഇളയിടം പോയി
വീഴുന്നത് എന്നാണ് എന്റെ വിമര്‍ശനം.
മതക്കുടക്കുള്ളില്‍ നിന്നുകൊണ്ടുള്ള
പരിഷ്കരണമെന്നതിനപ്പുറം കടന്നും എന്നാല്‍ യാന്ത്രികമായ യുക്തിവാദത്തിന്റെ അബദ്ധ
പഥങ്ങളിലേക്ക് കടക്കാതെയും ഗൌരവപൂര്‍ണമായ ഒരു മത –
സാസ്കാരിക വിമര്‍ശനത്തിന് ആധുനിക കാലത്ത് ഇടതുപക്ഷം കൂടുതല്‍ കരുത്തോടെ
ഒരുങ്ങേണ്ടിയിരിക്കുന്നു. മതനിരപേക്ഷമെന്നതിന്റെ അര്‍ത്ഥം ശരിയാം വണ്ണം ഉള്‍ക്കൊണ്ടുവേണം
നാം ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിന് ഇറങ്ങേണ്ടത്. നാളിതുവരെ നാം നടത്തിയ സാമൂഹ്യ
പരിഷ്കരണങ്ങള്‍ക്കു പകരം നവോത്ഥാനത്തിന്റെ അന്തസ്സത്ത മനസ്സിലാക്കിക്കൊണ്ടുള്ള ഒരു
പ്രവര്‍ത്ത രീതിയ്ക്കായിരിക്കണം ഊന്നല്‍ നല്കേണ്ടത്.
എന്നുവെച്ചാല്‍ നവോത്ഥാനം എന്ന പേരില്‍
നാം നടപ്പിലാക്കിയത് കേവലം ചില പരിഷ്കരണങ്ങളും അതിനുള്ള ശ്രമങ്ങളും
മാത്രമായിരുന്നു. സമൂഹത്തില്‍ സമൂലമായ പരിഷ്കരണങ്ങള്‍ക്ക് കാരണമായ യൂറോപ്യന്‍
നവോത്ഥാനത്തിന്റെ മാതൃക ഒരിക്കലും പിന്തുടരാന്‍ നമുക്ക് കഴിഞ്ഞിരുന്നില്ല.
നവോത്ഥാനത്തിന്റെ കാലങ്ങളില്‍ യൂറോപ്പ് ഫ്യൂഡല്‍ വ്യവസ്ഥകളെ തകര്‍ത്തുകൊണ്ട്
മുതലാളിത്ത മൂല്യങ്ങളെയാണ് നടപ്പിലാക്കിയതെങ്കിലും സ്വാതന്ത്ര്യം സമത്വം യുക്തിചിന്ത
മുതലായ കാര്യങ്ങളില്‍ ഏറെ പ്രോത്സാഹനങ്ങളുണ്ടായി. നമ്മളാകട്ടെ ചില പരിഷ്കരണ
ശ്രമങ്ങള്‍ നടത്തി മാറ്റങ്ങളുണ്ടായെന്ന് സ്വയം വിശ്വസിപ്പിച്ചു. ഏച്ചുകെട്ടിയ
മുഴകള്‍ മാത്രമായിരുന്നു അവയെന്ന് നമുക്കിപ്പോള്‍ ബോധ്യമാകുന്നുവെങ്കിലും അന്നത്തെ
കാലത്ത് നാം നടത്തിയ ആ നീക്കങ്ങളുടെ വില ഒട്ടും തന്നെ കുറച്ചു കാണുന്നില്ലെന്നു
കൂടി ഈ അവസരത്തില്‍ സൂചിപ്പിക്കേണ്ടതുണ്ട്.
എന്നാല്‍ ആ ഏച്ചുകെട്ടലുകളെപ്പോലും
ഫലപ്രദമായി നടത്തിക്കൊണ്ടു പോകുവാന്‍ നമുക്ക് കഴിഞ്ഞില്ല എന്നതാണ് വസ്തുത.
ഒരുദാഹരണം ചൂണ്ടിക്കാണിച്ചാല്‍ ക്ഷേത്രപ്രവേശനത്തിനു ശേഷം ക്ഷേത്രത്തില്‍ നിന്നും
പുറത്തു കടക്കുന്നതിനെക്കുറിച്ച് നാം ഒട്ടും തന്നെ ആലോചിച്ചില്ല എന്നതാണ്.
അതുകൊണ്ട് ക്ഷേത്രം അനുപേക്ഷണീയമായ ഒരു മൂല്യമായി നമ്മുടെ വ്യവസ്ഥിതികളില്‍
കൊടിപിടിച്ചു നിന്നു , നില്ക്കുന്നു.
ഇനി നമുക്ക് കുറച്ചു കൂടി വിശാലമായ
അര്‍ത്ഥത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. മതപരിഷ്കരണ ശ്രമങ്ങളെ നവോത്ഥാനമെന്ന
നേരായ വഴിയിലേക്ക് കൈപിടിച്ചു
നടത്തേണ്ടിയിരിക്കുന്നു. അത്തരം ശ്രമങ്ങള്‍ നടത്തേണ്ടത് ഏതെങ്കിലും ഫ്യൂഡല്‍
-മുതലാളിത്തക്കുടകളുടെ തണില്‍ നിന്നുകൊണ്ടല്ല മറിച്ച് യുക്തി ചിന്തയുടേയും
ശാസ്ത്രീയവാബോധത്തിന്റേയും അടിസ്ഥാനത്തില്‍ രൂപപ്പെട്ടു വന്ന ആധുനിക ജനാധിപത്യ
ബോധ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. അങ്ങനെ വരുമ്പോള്‍ നമുക്ക് ഭഗവദ് ഗീത തന്നെ
വേണ്ട എന്നാണ് പറയേണ്ടിവരിക. വലതുവത്കരിക്കപ്പെട്ട നാം അതിന് എത്രത്തോളം
തയ്യാറാകും എന്നതാണ് അടിസ്ഥാനപരമായ ചോദ്യം.
Comments