#ദിനസരികള് 1279 വാളയാര്‍ കേസ് – നാം പഠിക്കേണ്ട പാഠങ്ങള്‍ .
വാളയാര്‍
കേസ് അടിയന്തിരപ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണെന്ന സര്‍ക്കാര്‍ നിലപാട്
അംഗീകരിച്ച കേരള ഹൈക്കോടതി , പ്രസ്തുത കേസില്‍ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
പുറപ്പെടുവിച്ച വിധി പല കാരണങ്ങളാലും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. കേസ്
അന്വേഷിച്ച പോലീസിനേയും തികഞ്ഞ അലംഭാവത്തോടെ കേസ് നടത്തിയ പ്രോസിക്യൂഷനേയും പോക്സോ
കോടതിയെത്തന്നെയും നിശിതമായ ഭാഷയിലാണ് ബഹുമാനപ്പെട്ട ഹൈക്കോടതി വിമര്‍ശിച്ചത്.
പഴിയിലേറെയും കേട്ടത് പോലീസായിരുന്നുവെന്നത് എടുത്തു പറയാതെ വയ്യ. കാരണം
അന്വേഷണത്തിന്റെ തുടക്കം മുതല്‍ പോലീസ് കാണിച്ചത് ഗുരുതരമായ വീഴ്ചയാണ് എന്ന കാര്യം
അന്നേ സുവ്യക്തമായിരുന്നു.
പതിമൂന്നു
വയസ്സുള്ള ഒരു കുഞ്ഞ് തൂങ്ങി മരിച്ചതിനെക്കുറിച്ചാണ് തങ്ങള്‍ അന്വേഷിക്കുന്നതെന്ന്
ചിന്തിക്കുവാനുള്ള ശേഷി നഷ്ടപ്പെട്ട പോലീസാണ് കേസിനെ ലാഘവബുദ്ധിയോടെ കണ്ടത്.
എന്തുകൊണ്ടാണ് ആ കുഞ്ഞ് മരിച്ചത് എന്ന ചോദ്യമുന്നയിക്കാനും അതിന്റെ കാരണം
കണ്ടെത്താനും പോലീസ് ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ
കുഞ്ഞിന്റെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നുവെന്നതാണ് വസ്തുത.അന്വേഷണത്തില്‍
പോലീസ് കാണിച്ചത് ശുദ്ധ അസംബന്ധമായിരുന്നുവെന്ന് സര്‍ക്കാറിന്
ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യുകയും മറ്റൊരാളെ
ചുമതല ഏല്പിക്കുകയും ചെയ്തു.
രണ്ടുകുട്ടികളും
മരിക്കുന്നതിനു മുമ്പ് ലൈംഗിക അതിക്രമത്തിന് വിധേയരായിട്ടുണ്ടെന്ന പോസ്റ്റുമോര്‍ട്ടം
റിപ്പോര്‍ട്ട് പോക്സോ കോടതിയും
പരിഗണിച്ചില്ലെന്നു മാത്രമല്ല പോലീസിനെ അന്ധമായി വിശ്വസിക്കുകയും ചെയ്തു.
പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുമുണ്ടായത് ഒരിക്കലും അനുവദിച്ചുകൊടുക്കാനാകാത്ത
വീഴ്ചകളായിരുന്നു. കേസ് അട്ടിമറിക്കാനും അവസാനിപ്പിച്ചെടുക്കാനും ബോധപൂര്‍വ്വം ആരോ
ഇടപെടുന്നുണ്ടെന്ന തോന്നല്‍ പൊതുജനത്തിനുണ്ടാക്കാന്‍ ഈ അലംഭാവങ്ങള്‍ തന്നെ
ധാരാളമായിരുന്നു. സര്‍ക്കാറിനേയും ഭരണകക്ഷിയേയും അങ്ങനെ സംശയത്തിന്റെ മുനയില്‍ നിറുത്തിയത്
ഈ വീഴ്ചകളെല്ലാം കണ്ടതുകൊണ്ടുള്ള സ്വാഭാവിക പ്രതികരണത്തിന്റെ ഫലമായിരുന്നുവെന്ന്
പറയാതെ വയ്യ. പോലീസും പ്രോസിക്യൂഷനും കോടതിയുമൊക്കെ കാണിച്ച കുറ്റകരമായ അനാസ്ഥ
ബോധ്യം വന്ന സര്‍ക്കാര്‍ വളരെ വേഗം തന്നെ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ പോക്സോ
കോടതി വെറുതെ വിട്ട പ്രതികളെ ഉടനെത്തന്നെ അറസ്റ്റു ചെയ്യണമെന്ന സര്‍ക്കാറിന്റെ
വാദം ഹൈക്കോടതി അംഗീകരിച്ചു. കേസിന്റെ സാമൂഹിക പ്രാധാന്യം വ്യക്തമായി
മനസ്സിലാക്കിയ കോടതി അടിയന്തിര പ്രാധാന്യത്തോടെ തന്നെ കേസ് പരിഗണിച്ചതിന്റെ ഫലമാണ്
ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന പുനപരിശോധനാ വിധി.
കോടതിയുടെ
വിധിയെ നാം സര്‍വ്വാത്മനാ സ്വാഗതം ചെയ്താല്‍ മാത്രം ,
ചൂണ്ടിക്കാണിച്ചിരിക്കുന്ന വീഴ്ചകള്‍ ആവര്‍ത്തിക്കുകയില്ലെന്ന്
ഉറപ്പിക്കുകയും വേണം. പോലീസില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറവാണെങ്കിലും കോടതിയുടെ
കാര്യത്തില്‍ പൊതുവേ അങ്ങനെയല്ല. നാം ഇപ്പോഴും കോടതിയെ ഏറെ ബഹുമാനിക്കുകയും
വിശ്വസിക്കുകയും ചെയ്യുന്നത് കാര്യക്ഷമമായ ഇടപെടലുകളും വിധിപ്രസ്താവങ്ങളും
ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ വാളയാര്‍ കേസില്‍ പോലീസും
പ്രോസിക്യൂഷനും നല്കിയ വിവരങ്ങളെ അന്ധമായി അംഗീകരിച്ച പോക്സോ കോടതി , കുട്ടികളുടെ
ഭാഗത്തുനിന്നും ചിന്തിച്ചു നോക്കാന്‍ മിനക്കെട്ടില്ലെന്ന വസ്തുത
ഞെട്ടിക്കുന്നതാണ്.അതുകൊണ്ടുതന്നെ പ്രസ്തുത വിധി പുറപ്പെടുവിച്ച ജഡ്ജി ആ സ്ഥാനത്ത്
തുടരുന്നത് നിയമവ്യവസ്ഥക്കുതന്നെ കളങ്കമാണ്.
അതുകൊണ്ടുതന്നെ
, ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ ഉദ്ദേശത്തെ പരിഗണിച്ച് സത്യസന്ധവും
നീതിയുക്തവുമായ ഒരു അന്വേഷണം നടത്തിയ യഥാര്‍ത്ഥ പ്രതികളെ പിടികൂടുവാനുള്ള ശേഷി
നമ്മുടെ ഏജന്‍സികള്‍ കാണിക്കുമെന്ന് പ്രത്യാശിക്കാം. എങ്കില്‍ മാത്രമേ
ഇപ്പോഴും തെരുവില്‍ അലമുറയിട്ടു കരഞ്ഞുകൊണ്ടിരിക്കുന്ന രണ്ടു കുഞ്ഞുങ്ങളോട്
നമുക്ക് നീതി പുലര്‍ത്താനാകുകയുള്ളു.
Comments