#ദിനസരികള്‍ 1272 - മകനെ പീഡിപ്പിച്ച അമ്മ
അമ്മ
മകനെ ലൈംഗികമായി ഉപദ്രവിച്ചു എന്ന വാര്‍ത്ത വായിച്ചിട്ട് ദിവസങ്ങളായിരിക്കുന്നു. എങ്കിലും
അതുണ്ടാക്കിയ ഞെട്ടല്‍ ഇതുവരെ വിട്ടുമാറിയിട്ടില്ല. പോലീസ് ആ
സ്ത്രീക്കെതിരെ കേസ് എടുക്കുകയും അവര്‍ റിമാന്റ് ചെയ്യപ്പെടുകയും ചെയ്തതോടെ
മറക്കാനാഗ്രഹിക്കുന്നവയുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തേക്ക് ഈ വാര്‍ത്ത എത്തി.
എന്നാല്‍ നാം മറക്കാന്‍ ശ്രമിക്കുന്നവ കൂടുതല്‍ ശക്തിയോടെ മനസ്സിലേക്ക്
കടന്നുവരുമെന്ന് പറയുന്നതുപോലെ ഈ വാര്‍ത്ത എന്നെ വിടാതെ പിന്തുടര്‍ന്ന്
അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു.
പണ്ട് ഗ്രീക്ക് പുരാണകഥകളില്‍ ഈഡിപ്പസ്
രാജാവ് തന്റെ മാതാവായ ജൊകോസ്തയെ മാതാവെന്ന് അറിയാതെ വിവാഹം കഴിച്ചുപോയ ഒരു കഥ
പറയുന്നുണ്ട്. സ്വന്തം പിതാവായ ലെയ്സിനെ കൊന്നതിന് ശേഷമാണ് ഈഡിപ്പസ് അമ്മയെ സ്വീകരിക്കുന്നത്.
കഥയുടെ അവസാനം കാര്യം മനസ്സിലായ ജൊകോസ്ത ആത്മഹത്യ ചെയ്യുകയും മകന്‍ രണ്ടു കണ്ണും
കുത്തിപ്പൊട്ടിച്ച് ഓടിപ്പോകുകയും ചെയ്തതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
അറിയാതെ സംഭവിച്ചുപോയ ഈ അത്യാഹിതമല്ലാതെ അമ്മ – മകന്‍ ബന്ധത്തിന്റെ ഊഷ്മളതയെ നിഹനിക്കുന്ന വാര്‍ത്തകള്‍
നാം ഏറെയൊന്നും കേട്ടിട്ടില്ല. പിന്നെ കേള്‍ക്കുന്നത് കിം കി ദുക്കിന്റെ
സിനിമയിലാണ്. ആ രംഗങ്ങളും ഉള്ളില്‍ തുളച്ചു കയറുന്ന വേദനയോടെ മാത്രമേ നാം
കണ്ടിരുന്നിട്ടുള്ളു. കഥകള്‍ക്കും സിനിമകള്‍ക്കും അപ്പുറം അതിദയനീയമായ ഇത്തരം
സംഭവങ്ങള്‍ നമ്മുടെ നേര്‍ജീവിതത്തില്‍ ആവര്‍ത്തിക്കുന്നുവെന്നത് അസഹനീയമാണ്.
എന്നാല്‍ തിരുവന്തപുരത്തെ
കടയ്ക്കാവൂരില്‍ നിന്നും നാം ഞെട്ടലോടെ കേട്ട ആ വാര്‍ത്ത ശരിയായിരുന്നില്ലത്രേ!
സ്വന്തം ഭര്‍ത്താവ് പതിനൊന്നു
വയസുകാരനായ മകനെ ഉപയോഗിച്ചു നടത്തിയ ക്രൂരമായ നീക്കമായിരുന്നു ആ അമ്മയുടെ
അറസ്റ്റിലേക്കും ജയില്‍ വാസത്തിലേക്കും നയിച്ചതെന്നാണ് ഇപ്പോള്‍ പുറത്തു
വരുന്ന വാര്‍ത്തകള്‍ പറയുന്നത്. മറ്റൊരു
സ്ത്രീയുമായുള്ള അടുപ്പത്തെ ചോദ്യം ചെയ്തതിന്റെ പ്രതികാരമായിട്ടാണ് ഭര്‍ത്താവ്
ഇത്രയും നികൃഷ്ടമായ ഹീനകൃത്യം നടത്തിയത്. ഇപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് ജയിലിലായ
സ്ത്രീയുടെ മോചനത്തിനായി ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചിരിക്കുന്നു.
തന്റെ അവിഹിത ബന്ധങ്ങളെ ചോദ്യം ചെയ്ത ഭാര്യയെ സ്വന്തം മകനെത്തന്നെയുപയോഗിച്ച്
അപകീര്‍ത്തിപ്പെടുത്താനും ജയിലിലടയ്ക്കാനും തുനിഞ്ഞ ഭര്‍ത്താവിന്റെ കാര്യത്തില്‍
കൂടി നാട്ടുകാര്‍ എന്തെങ്കിലും ആക്ഷന്‍ എടുക്കണമെന്നാണ് എന്റെ വിനീതമായ
അഭിപ്രായം.
എന്തായാലും ഈ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട്
മുപ്പത്തേഴു വയസ്സുകാരിയായ ആ അമ്മ അനുഭവിച്ച മാനസിക പീഢനത്തിന്റെ ആഴത്തെക്കുറിച്ച്
ഒന്നാലോചിച്ചു നോക്കൂ. എന്തൊരു സങ്കടമായിരിക്കും അത്? എന്തൊക്കെ ആലോചിച്ചു കൂട്ടിയിട്ടുണ്ടാകില്ല
? ആ കണ്ണുകളില്‍ നിന്നും നീരല്ല
ചോരയായിരിക്കും ഒഴുകിയതെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ആര്‍ക്കാണ് ആ
സങ്കടത്തെ വാക്കുകളിലേക്ക് ആവാഹിക്കാന്‍ കഴിയുക ? അവരുടെ സങ്കടത്തിനുമുമ്പില്‍ നാം ഇതുവരെ അനുഭവിച്ച
എല്ലാ വിഷമങ്ങളും അപ്രസക്തമാകുന്നതായി തോന്നുന്നില്ലേ ?എന്തു പറഞ്ഞാണ് നാം അവരെ ആശ്വസിപ്പിക്കുക?
ഒന്നേ നമുക്ക് ഇനി ചെയ്യാനുള്ളു. ജയിലില്‍ നിന്നും
പുറത്തു വരുന്ന അവരുടെ കൂടെ ഈ ലോകം മുഴുവന്‍ തന്നെയുണ്ടെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുക.
അവര്‍ തെറ്റുകാരിയല്ലെന്ന് നാം
തിരിച്ചറിഞ്ഞുവെന്ന് അവരെ വിശ്വസിപ്പിച്ചെടുക്കുക. കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നമായി
കണ്ട് നമ്മിലൊരാളായി ജീവിച്ചുപോകാനുള്ള അവസരം സൃഷ്ടിച്ചെടുക്കുക – അതുമാത്രമാണ് ഇനി നമ്മുടെ കടമ.
മനോജ്
പട്ടേട്ട്
10-01-2020
Comments