#ദിനസരികള്‍ 1280 വയനാടിന് ഒരു മെഡിക്കല്‍ കോളേജ്
വയനാടിന്
ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന ആവശ്യത്തിന് ഏറെക്കാലത്തെ
പഴക്കമുണ്ട്. എന്നുമാത്രവുമല്ല , ഏകദേശം നൂറു കിലോമീറ്റര്‍ ദൂരെയുള്ള കോഴിക്കോട്
മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമാധ്യേ വഴിയില്‍ പൊലിഞ്ഞു പോയ നിരവധി
ജീവനുകളുടെ പിന്‍ബലവുമുണ്ട്. എന്നിട്ടും ജില്ല നിലവില്‍ വന്ന്
അരനൂറ്റാണ്ടാകാറായിട്ടും ഒരു മെഡിക്കല്‍ കോളേജ് എന്ന ആവശ്യം കപ്പിനും
ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടു പോകുന്നതില്‍ സങ്കുചിത താല്പര്യങ്ങള്‍ പുലര്‍ത്താത്ത
ഓരോ വയനാട്ടുകാരനും മനസ്താപമുണ്ട്.
എന്താണ് വയനാട്ടിലൊരു മെഡിക്കല്‍ കോളേജ് വരാന്‍ ഇത്രയധികം
തടസ്സം എന്ന ചോദ്യം ലളിതമാണ്. എന്നാല്‍ ഉത്തരമാകട്ടെ പക്ഷേ സങ്കീര്‍ണവുമാണ്. അതിന്
പ്രധാന കാരണം ട്രപ്പീസുകളിക്കാരെക്കാള്‍ വിദഗ്ദരായ ചിലരുടെ ഗൂഢമായ ഇടപെടലുകളാണ്
എന്ന് പറയാതെ വയ്യ. അക്കൂട്ടരാകട്ടെ മെഡിക്കല്‍ കോളേജ് വരണം എന്ന് നാഴികയ്ക്ക്
നാല്പതു വട്ടം ജനങ്ങള്‍ കേള്‍ക്കേ ജപിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും വരരുത്
എന്ന ആഗ്രഹം ഉള്ളില്‍ പേറുന്നവരാണ്. അവര്‍ ആവശ്യത്തിനും അനാവശ്യത്തിനും വിവാദങ്ങള്‍
തീര്‍ത്ത് തടസ്സം സൃഷ്ടിക്കുന്നു. മറ്റൊരു കൂട്ടരാകട്ടെ തങ്ങളുടെ ബിസിനസ്സ്
താല്പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള ഒരവസരമായിട്ടാണ് പ്രസ്തുത മെഡിക്കല്‍ കോളേജിനെ
കാണുന്നത്. അവര്‍ ഭൂമിയടക്കമുള്ളവ സൌജന്യമായി നല്കാമെന്ന് പ്രഖ്യാപിക്കുന്നു.
റോഡിനുപോലും ഒരല്പം സ്ഥലം വിട്ടുകൊടുക്കാന്‍ തയാറാകാത്തവരാണ് ഇപ്പോള്‍ അമ്പതേക്കര്‍ ഭൂമി
എന്ന സൌജന്യ ചൂണ്ടയുമായി ഇറങ്ങിയിരിക്കുന്നതെന്ന് നാം പ്രത്യേകം മനസ്സിലാക്കണം.
മറ്റൊരു കൂട്ടര്‍ രാഷ്ട്രീയ താല്പര്യത്തോടെ വിഷയത്തെ സമീപിക്കുന്നവരാണ്. അവര്‍
വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് വന്നാല്‍ സര്‍ക്കാറിനുണ്ടാകുന്ന ‘ക്രഡിറ്റി’നെക്കുറിച്ചോര്‍ത്ത്
വ്യാകുലപ്പെടുന്നു. അതുകൊണ്ടുതന്നെ മകന്‍ ചത്താലും വേണ്ടില്ല ,മരുമകളുടെ കണ്ണീരു
കണ്ടാല്‍ മതി എന്ന നിലയിലേക്ക് എത്തുന്നു. ഇനിയുമൊരു കൂട്ടര്‍ പ്രാദേശിക
വാദത്തിന്റെ വക്താക്കളാണ്. ഇന്നയിടത്തു വന്നാല്‍ മാത്രമേ മെഡിക്കല്‍ കോളേജ്
മെഡിക്കല്‍ കോളേജാകൂ എന്നാണ് അത്തരം ദുശാസനന്മാരുടെ പക്ഷം. അവര്‍ അതിനു വേണ്ടി
ചരടുകള്‍ വലിക്കുന്നു. കൂടാതെ നിലവിലെ സ്വകാര്യ മെഡിക്കല്‍ കോളേജിന്
പിന്തുണയുമായി നില്ക്കുന്ന ഒരു കൂട്ടര്‍ വേറെയുമുണ്ട്.
എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ , മെഡിക്കല്‍
കോളേജ് എന്ന സ്വപ്നം ഏറ്റെടുത്തതോടെ വയനാട്ടുകാര്‍ ശുഭപ്രതീക്ഷയിലായി.
ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്ന ഈ സര്‍ക്കാറിന് വയനാട്ടുകാരുടെ സ്വപ്നം ഒരു
ആനകേറാമലയല്ലെന്ന് അറിയാം. ആ വിശ്വാസത്തിന് കരുത്തു പകരുന്ന തരത്തില്‍ ചില നീക്കങ്ങളും
സര്‍ക്കാറിന്റെ ഭാഗത്തു നിന്നുമുണ്ടായി. അതില്‍ ഏറ്റവും നിര്‍ണായകമായത് നിലവിലെ
സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുക എന്ന ആശയമായിരുന്നു. ഈ ആശയം ചര്‍ച്ചയായതോടെ
എന്തൊക്കെ ആരോപണങ്ങളാണ് പല കോണുകളില്‍ നിന്നുമായി ഉന്നയിക്കപ്പെട്ടത് എന്നതുകൂടി
പരിശോധിക്കുക. ഭരിക്കുന്ന പാര്‍ട്ടിയുടെ മേപ്പാടി ബ്രാഞ്ച് സെക്രട്ടറി മുതല്‍
ജില്ലാ സെക്രട്ടറിവരെയുള്ളവരും ജനപ്രതിനിധികളും മറ്റും കോടികളാണ് ഡി എം വിംസ് ഉടമയുടെ
കൈയ്യില്‍ നിന്നും വാങ്ങിയതെന്നും ഏറ്റെടുക്കാനുള്ള നടപടികള്‍ രഹസ്യമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞെന്നുമൊക്കെ
ചിലര്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. ആരെയൊക്കെയാണ് അഴിമതി ആരോപിച്ചുകൊണ്ട്
ഇരുട്ടിലേക്ക് നീക്കി നിറുത്തിയത് എന്ന് വയനാട്ടിലെ ജനത ഒന്നാലോചിച്ചു നോക്കട്ടെ.
മെഡിക്കല്‍ കോളേജ് നടപ്പിലാകുക എന്ന ആശയത്തെ തുരങ്കം വെയ്ക്കുന്നതിനു വേണ്ടിയുള്ള
കുത്സിത നീക്കങ്ങളായിരുന്നു അതൊക്കെയുമെന്ന് ഇപ്പോള്‍ നമുക്ക്
ബോധ്യപ്പെടുന്നു.
ഡി എം വിംസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍
നിയോഗിക്കപ്പെട്ട സമിതി ആ നീക്കം പ്രയോജനപ്രദമല്ലെന്ന് കണ്ടെത്തിയിരിക്കുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്നതില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നും
സ്വന്തം നിലയില്‍ സര്‍ക്കാര്‍ തന്നെ ഭൂമി കണ്ടെത്തി മെഡിക്കല്‍ കോളേജ്
പണിയുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു.
പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് നല്കിയ മുഴുവന്‍ വാഗ്ദാനങ്ങളും
പാലിച്ച ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന
കേവലം പൊള്ളയായ ഒന്നാവില്ലെന്ന് വയനാട്ടിലെ ജനതയ്ക്ക് നന്നായി അറിയാം. എന്നു
മാത്രവുമല്ല , ഇപ്പോള്‍ നടന്നില്ലെങ്കില്‍ ഇനിയൊരിക്കലും വയനാട്ടില്‍ ഒരു
മെഡിക്കല്‍ കോളേജ് എന്ന ആവശ്യം നടക്കില്ലെന്നും ജനങ്ങള്‍ക്കറിയാം. മറ്റൊരു
സങ്കുചിതമായ താല്പര്യങ്ങളുമില്ലാതെ ജില്ലയില്‍ എവിടെയാണെങ്കിലും വയനാടിന് സ്വന്തമായൊരു
മെഡിക്കല്‍ കോളേജ് വന്നാല്‍ മതി എന്നു മാത്രമാണ് സാധാരണക്കാരായ
ജനങ്ങളുടെ ആവശ്യം. അതുകൊണ്ട് മെഡിക്കല്‍ കോളേജിന് വേണ്ടി എന്ന വാദവുമായി
സങ്കുചിതമായ താല്പര്യങ്ങളോടെ രംഗത്തിറങ്ങി കുളം കലക്കുന്നവരോട് ഒന്ന് അഭ്യര്‍ത്ഥിക്കട്ടെ
, ഇത് അത്താഴപ്പട്ടിണിക്കാരന്റെ പ്രശ്നമാണ്. നിങ്ങള്‍ക്ക് പേരും
പ്രശസ്തിയുമുണ്ടാക്കാനും കാലുവാരി
രസിക്കാനുമുള്ള സന്ദര്‍ഭമല്ല.അതുകൊണ്ട് ദയവായി നിങ്ങള്‍ ആ പുല്‍ത്തൊട്ടിയില്‍ നിന്നും
ഒന്ന് മാറിക്കിടക്കുക.
Comments