#ദിനസരികള്‍ 1276 ന്യായം പറയുന്ന പി ജെ കുര്യന്‍
ഏത്
പി ജെ കുര്യന്‍ പറഞ്ഞാലും ന്യായമാണെങ്കില്‍ അംഗീകരിക്കണമെന്നാണല്ലോ വെപ്പ്.
അതനുസരിച്ച് എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ നിലവിലുണ്ടെങ്കിലും കേരള
സ്പീക്കര്‍ ശ്രീ പി ശ്രീരാമകൃഷ്ണനെ ഒരു കേസില്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി
കസ്റ്റംസ് നോട്ടീസ് കൊടുത്തു വിളിപ്പിച്ച വിഷയത്തില്‍ പി ജെ കുര്യന്‍ പറഞ്ഞ
അഭിപ്രായത്തെ ഞാന്‍ സര്‍വ്വാത്മനാ പിന്തുണക്കുകയാണ്. പ്രസ്തുത വിഷയത്തില്‍
അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായം ധീരവും സത്യസന്ധവും ഭരണഘടനാപരവുമാണെന്നുകൂടി
സൂചിപ്പിക്കട്ടെ.
സ്പീക്കറെ ചോദ്യംചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്കി
എന്നറിഞ്ഞപാടെ പ്രതിപക്ഷ നേതൃനിര ഒന്നാകെത്തന്നെ അദ്ദേഹത്തിന്റെ രാജിക്കായി
മുറവിളിയുയര്‍ത്തി. നിയമസഭയ്ക്ക്
അപമാനം; സ്പീക്കര്‍
പദവിയില്‍ ശ്രീരാമകൃഷ്ണന്‍ തുടരരുത്
എന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. യു ഡി എഫ് കണ്‍വീനര്‍ അടക്കമുള്ളവര്‍ ചെന്നിത്തല
രമേശിനെ ഏറ്റുപാടി. ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ് എന്നത്തേയും പോലെ ഈ
വിഷയത്തിലും യു ഡി എഫിനെ പിന്തുണച്ചു. ഒരു ഭരണഘടനാ സ്ഥാപനത്തോടെ നീതി പുലര്‍ത്താത്ത
വിധത്തില്‍ അധമബുദ്ധിയോടെ പ്രതിപക്ഷ നേതാക്കന്മാര്‍ പ്രതികരിച്ചപ്പോള്‍ അക്കൂട്ടത്തില്‍ പി
ജെ കുര്യന്റെ സ്വരം വേറിട്ടതായി. എന്നു മാത്രവുമല്ല പ്രതിപക്ഷ നേതാക്കന്മാരെ
തിരുത്തുവാനും രാജി ആവശ്യം തികച്ചും അനുചിതമാണെന്ന് അടിവരയിട്ട് സൂചിപ്പിക്കുവാനും
അദ്ദേഹം പരിശ്രമിച്ചു "
കസ്റ്റഡിയിലിരിക്കുന്ന ഒരു പ്രതി നൽകിയ മൊഴിയുടെ പേരിൽ സ്പീക്കറെ
നോട്ടീസയച്ച് വിളിപ്പിക്കുന്ന രീതി ശരിയാണെന്ന്
തോന്നുന്നില്ല. മൊഴി അന്വേഷിച്ച് തെളിവുകൾ
ശേഖരിച്ച് കഴമ്പുണ്ടെങ്കിൽ വിവരം സ്പീക്കറെ
അറിയിക്കുകയാണ് വേണ്ടിയിരുന്നത്. തുടർന്ന് അന്വേഷണത്തിന് അദ്ദേഹത്തിന്റെ സഹകരണം തേടുകയാണ്
വേണ്ടത്. കസ്റ്റഡിയിലിരിക്കുന്ന ഒരാളുടെ മൊഴിക്ക്
പൂർണമായ വിശ്വാസമുണ്ടെന്ന് പറയാൻ പറ്റില്ല. അതിന്റെ പേരിൽ സ്പീക്കർ പദവി രാജിവയ്‌ക്കണമെന്ന്
പറയുന്നതിനോട് യോജിപ്പില്ല" എന്നാണ്
കുര്യന്‍ പ്രതികരിച്ചത്.
അത്തരത്തില്‍ പക്വതയുള്ള ഒരു പ്രതികരണം അദ്ദേഹത്തില്‍
നിന്നുണ്ടാകാന്‍ കാരണം ഭരണഘടനയെക്കുറിച്ചുള്ള ധാരണയാകുമെന്ന് ഞാന്‍ കരുതുന്നു. ഒരു
ഭരണഘടനാ സ്ഥാപനത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ അപകീര്‍ത്തിപ്പെടുത്താന്‍
ശ്രമിക്കുമ്പോള്‍ കേവലം സ്ഥാനത്തിരിക്കുന്ന ഒരാള്‍ മാത്രമല്ല , മറിച്ച്
ഭരണഘടനയാകെത്തന്നെ മലിനമാക്കപ്പെടുകയാണുണ്ടാകുകയെന്ന് രാജ്യസഭയുടെ
ഉപാധ്യക്ഷനായിരുന്ന അദ്ദേഹത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടാകണം. അതുകൊണ്ടാണ് തന്റെ
തന്നെ പാര്‍ട്ടിയിലെ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ വിലാപങ്ങളെ അവഗണിക്കുവാനും
ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന തരത്തില്‍ നിലപാട് സ്വീകരിക്കാനും
അദ്ദേഹത്തിന് കഴിഞ്ഞത്. ശ്ലാഘനീയമായ ആ നിലപാടില്‍ നിന്നും
പ്രതിപക്ഷത്തുള്ളവര്‍ പാഠം പഠിക്കുകയെന്നതാണ് ഇനി ചെയ്യാനുള്ളത്. അവര്‍
അത്തരത്തിലൊരു നിലപാടു സ്വീകരിക്കുമെന്ന് പ്രത്യാശിക്കുക.
#ദിനസരികള്‍ 1275
Comments