#ദിനസരികള്‍ 1277 വിജയലക്ഷ്മിയെക്കുറിച്ച് വീണ്ടും

 

            സമകാലിക മലയാളം കവിതയിലെ ഏറ്റവും പ്രിയപ്പെട്ട സ്വരം വിജയലക്ഷ്മിയുടേതാണ്. കുടിയിറങ്ങിപ്പോയി ഏറെക്കാലത്തിനുശേഷം തിരിച്ചെത്തുന്നവനെപ്പോലെ ഞാന്‍ കൂടെക്കൂടെ വിജയലക്ഷ്മിയിലേക്ക് നടന്നെത്തുന്നു. വീട് , ആശ്വാസവും തണലുമാകുന്നതുപോലെ അക്കവിതകളും എനിക്ക് എങ്ങനെയൊക്കെയോ ശമനമാകുന്നു. എങ്ങനെ എന്തുകൊണ്ട് എന്നൊന്നും സുനിശ്ചിതമായി പറയുക വയ്യ. ചില ചോദ്യങ്ങള്‍ അങ്ങനെയാണല്ലോ. കവി പറയുന്നതുപോലെ

                        ഉത്തരമില്ലെനിക്കെങ്കിലുമെപ്പോഴും

                        ചിത്തം ക്ഷണച്ചഞ്ചലാതുരമെങ്കിലും

                        എത്തിത്തൊടേണമെന്നുണ്ടെനിക്കംബ നിന്‍

                        നിത്യവിശുദ്ധി വഴിഞ്ഞ കാല്പാടുകള്‍  എന്നേ എനിക്കും പറയുവാന്‍ കഴിയുകയുള്ളു.

            സുഗതകുമാരി പറയുന്നതുപോലെ 'കനത്ത പുരുഷശബ്ദങ്ങള്‍ക്കിടയില്‍ ഇടക്കെങ്ങാനും ഒരു പെണ്ണിന്റെ നാദം വേറിട്ടു കേള്‍ക്കുമ്പോള്‍ അതൊരു പ്രത്യേകമായ ആഹ്ലാദം തന്നെയാണ്. ആ നാദത്തിന് തെളിമയും മാധുര്യവും മാത്രമല്ല ഉള്‍ക്കരുത്തും കുതിപ്പുമുണ്ടെന്നറിയുമ്പോള്‍ ആ ആഹ്ലാദത്തിന് ആഴമേറുന്നു' എന്നൊരു ചിന്ത എനിക്കില്ല. വിജയലക്ഷ്മിയുടെ കവിത വായിക്കുമ്പോള്‍ , അല്ല അക്കവിതയിലൂടെ ജീവിക്കുമ്പോള്‍ അതെഴുതിയയാള്‍ ആണാണോ പെണ്ണാണോയെന്ന് ഞാന്‍ ബോധവാനേയല്ല എന്നതാണ് വസ്തുത. കവിത ചിലപ്പോഴോക്കെ മനുഷ്യനെ ഏതേതൊക്കെയോ വഴികളിലൂടെ ഉഴച്ചു കൊണ്ടുപോകും എന്നു പറയുന്നതുപോലെ. എന്നാല്‍ സുഗതകുമാരി  കുറ്റിയറ്റുപോകുന്നൊരു വംശത്തിന്റെ അവസാനത്തെ ചിറകടി കേള്‍ക്കുന്ന പോലെ എനിക്കു തോന്നുന്നു. സിന്‍സിനാറ്റിയിലെ     മാര്‍ത്തയുടെ ച്ഛായയാണ് ഈ കവിതയ്ക്ക്. അപൂര്‍വ്വവും നിര്‍മ്മലവുമായ ഒരു ഭാവം. " അതുപോലെ വിജയലക്ഷ്മിയും കുറ്റിയറ്റുപോകുന്ന ഒരു വംശത്തിന്റെ അവസാന കണ്ണിയാകുമോ എന്ന സന്ദേഹം എനിക്കുമുണ്ട്.

            എന്നാല്‍ അത്തരത്തിലുള്ള ചിന്തകളൊന്നും തന്നെ കവിതയുമായി ഇരിക്കുമ്പോള്‍ എന്നെ ബാധിക്കാറേയില്ല. 'നിമിഷം തോറും നിന്നെയോര്‍ത്തു ഞാന്‍ , നിന്നെത്തന്നെ ,യൊടുവില്‍ നീയായി ഞാന്‍ മാറിയ മുഹൂര്‍ത്തത്തില്‍ മരണം കുറിച്ചു ഞാന്‍ നമ്മള്‍ക്ക് ' എന്ന മട്ടില്‍ കവിതയിലേക്ക് ഞാന്‍ ദഹിച്ചുചേരുന്നു. ഏതുകവിതയും ആഗ്രഹിക്കുന്ന ഒരു പദവിയും അതുതന്നെയാകണം. വായനക്കാരനെ അവന്റെ സംത്രാസങ്ങളില്‍ നിന്നെല്ലാം അടര്‍ത്തിമാറ്റി തന്നിലേക്ക് ലയിപ്പിച്ചെടുക്കുകയെന്നതാണ് കവിതയുടെ വഴി. ആ വഴിയില്‍ വിജയലക്ഷ്മിക്ക് പകരം വെയ്ക്കാന്‍ ഈ ഭാഷയില്‍ മറ്റൊരാളില്ലെന്ന കാര്യം നിസ്സംശയം അടിവരയിട്ടു പറയാവുന്നതുമാണ്.

 

           

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1