#ദിനസരികള്‍ 1281 നിരത്തിലേക്ക് വികസിക്കുന്ന മാനന്തവാടി
നിരത്തിലേക്ക് വികസിക്കുന്ന കച്ചവടം എന്ന് കേട്ടിട്ടുണ്ടോ ? ഇല്ലെങ്കില് ഞങ്ങളുടെ മാനന്തവാടിയിലേക്ക് ഒന്ന് വന്നാല് മതി. എന്നിട്ട് നഗരത്തിലെ ഫുട് പാത്തുകളിലൂടെ ഒന്ന് നടക്കുക. പല ഭാഗങ്ങളിലും കച്ചവടക്കാര് തൂക്കിയിരിക്കുന്ന സാധനങ്ങളില് തട്ടാതെയും മുട്ടാതെയും നിങ്ങള്ക്ക് നടന്നു പോകുവാന് കഴിയില്ല. ഇങ്ങനെ കാല്നടക്കാരുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് ഫുട് പാത്ത് കൈയ്യേറി കച്ചവടം നടത്തുന്നതിനെയാണ് ഞങ്ങള് മാനന്തവാടിക്കാര് 'നിരത്തിലേക്ക് വികസിക്കുന്ന കച്ചവടം' എന്നു വിശേഷിപ്പിക്കുന്നത്.
ഒരു പക്ഷേ വയനാട് ജില്ലയില് മാനന്തവാടിയില് മാത്രമായിരിക്കും വ്യാപാരികളില് ചിലര് തങ്ങള്ക്ക് പാരമ്പര്യമായി കിട്ടിയ ഈ പ്രതിഭാസത്തെ വിടാതെ നിഷ്കര്ഷയോടെ പിന്തുടരുന്നത്. അക്കൂട്ടര് രാവിലെ വരുന്നു. കട തുറക്കുന്നു. സാധനങ്ങള് അകത്തു നിന്നും പുറത്തെടുത്ത് തൂക്കിയിടുന്നു. എത്രയധികം തൂക്കാനാകുമോ അത്രമാത്രമാണ് അവര്ക്ക് കിട്ടുന്ന സംതൃപ്തി. ചിലരാകട്ടെ വട്ടി കൊട്ട കത്തി തൂമ്പ മുതലായവയാണ് ഫുട് പാത്തിലേക്ക് ഇറക്കി വെയ്ക്കുക. ശ്രദ്ധിച്ചു നടന്നില്ലെങ്കില് ഒന്നുകില് തലമുട്ടും അല്ലെങ്കില് കാലുതട്ടും. ഒരു പക്ഷേ കടക്കുള്ളിലുള്ള സാധനങ്ങളെക്കാളും പുറത്തായിരിക്കും ഉണ്ടാകുക. അകത്തൊന്നുമില്ലെങ്കിലും പുറത്തു നിന്നും നോക്കുമ്പോള് ഉണ്ടെന്ന് തോന്നിക്കണം. അതാണ് കച്ചവട തന്ത്രമത്രേ ! നിരത്തിലേക്ക് വികസിക്കുന്ന ഈ കച്ചവട തന്ത്രത്തെക്കുറിച്ച് മാനന്തവാടിയിലേക്ക് എത്തുന്നവര്ക്കും നല്ല ബോധ്യമുണ്ട്. അതുകൊണ്ട് അവര് എന്തെങ്കിലും കൊള്ളാവുന്ന സാധനങ്ങള് വാങ്ങണമെങ്കില് കല്പറ്റയിലേക്കോ ബത്തേരിയിലേക്കോ വണ്ടി കയറുമെന്ന് മാത്രം !
എന്തുകൊണ്ടാണ് മാനന്തവാടിയില് നിന്നും കച്ചവടം ഇങ്ങനെ ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലേക്ക് മാറിപ്പോകുന്നതെന്ന് ഇവിടുത്തെ വ്യാപാരികള് ഇനിയെങ്കിലും ഗൌരവത്തോടെ ആലോചിക്കേണ്ടതാണ്. മാനന്തവാടി നഗരത്തെ കേന്ദ്രീകരിച്ച് തീപ്പെട്ടിക്കൂടുപോലെയുള്ള കുറച്ച് സ്ഥാപനങ്ങളല്ലാതെ നാടു വികസിക്കുന്നതിനെ മനസ്സിലാക്കാനോ അതനുസരിച്ച് മാറാനോ തയ്യാറാകാത്ത കുറച്ചു കച്ചവടക്കാരാണ് മാനന്തവാടിയെ ഇത്തരത്തില് നശിപ്പിച്ചെടുക്കുന്നതെന്ന് പറയേണ്ടി വരുന്നത് ഖേദകരമാണ്. അവര് എത്രയോ കാലങ്ങളായി തങ്ങള് കൈവശം വെച്ച് അനുഭവിച്ചു പോരുന്ന കെട്ടിടങ്ങളെ അതേ പടി നിലനിറുത്തുവാനാണ് തത്രപ്പാടുന്നത്. കുറഞ്ഞ വാടകയില് കൈവശം വെച്ചു പോരുന്ന അത്തരം കെട്ടിടങ്ങള് പൊളിക്കാനോ പുതുക്കിപ്പണിയാനോ അക്കൂട്ടര്ക്ക് ഒരു താല്പര്യവുമില്ല. എന്നുമാത്രവുമല്ല ആ കെട്ടിടങ്ങളെ അതേപടി നിലനിറുത്തിക്കൊണ്ട് ഉള്ളിലുടെ കോണ്‌ക്രീറ്റ് ചെയ്ത് കൂടുതല് ബലപ്പെടുത്തി കൈവശം വെച്ച് കച്ചവടം തുടരാനാണ് അവരുടെ ആഗ്രഹം. അങ്ങനെയാണെങ്കില് കുറഞ്ഞ വാടകയ്ക്ക് നഗരകേന്ദ്രത്തില് തന്നെ തുടരാം എന്നതാണ് ഒരു നേട്ടം. തീപ്പെട്ടിക്കൂടുകള് പൊളിച്ച് പുതിയത് പണിതാല് കുറഞ്ഞ വാടകയ്ക്ക് തുടരാന് കഴിയില്ലല്ലോ. കൂടാതെ രണ്ടും മൂന്നും സെന്റ് സ്ഥലം കൈവശം വെച്ച് പോരുന്ന സ്ഥലമുടമകള്ക്ക് കിട്ടുന്നതാകട്ടെ എന്ന ആശ്വാസവും.
എന്തായാലും അനധികൃത കെട്ടിട നിര്മ്മാണത്തെക്കുറിച്ചോ തീപ്പെട്ടിക്കൂടുകള് പൊളിച്ച് കളഞ്ഞ് കൂടുതല് വിസ്തൃതിയുള്ള നിരത്തുകളും കെട്ടിടങ്ങളുമുണ്ടാക്കി മാനന്തവാടിയില് കച്ചവടം കൂട്ടൂന്നതിനെക്കുറിച്ചോ ആവലാതിപ്പെടാനല്ല ഞാനുദ്ദേശിക്കുന്നത് മറിച്ച് മാനന്തവാടിയിലെ ഫുട് പാത്തുകള് കാല് നടക്കാര്ക്ക് അനുവദിച്ചു തരണം എന്ന് വ്യാപാരികളോട് അഭ്യര്ത്ഥിക്കുവാന് വേണ്ടി മാത്രമാണ്.
Comments