#ദിനസരികള്‍ 1275 ചരിത്രത്തിന്റെ ചിരി

 



            നക്സല്‍ബാരി അന്ധമായ , അക്രമോത്സുകമായ ഒരു അടിച്ചു കയറ്റമായിരുന്നു. ആ നീക്കത്തിന്റെ ഫലമായി വിപ്ലവസ്വപ്നങ്ങളില്‍ അഭിരമിക്കുന്ന കുറച്ചാളുകളെ  ഇന്ത്യയിലാകമാനം താല്ക്കാലികമായെങ്കിലും സൃഷ്ടിക്കുവാന്‍ തീവ്ര ഇടതുപക്ഷത്തിന് കഴിഞ്ഞു എന്ന വസ്തുത നാം കാണാതിരിക്കുന്നില്ല. അതിന്റെ ഭാഗമായി ഇങ്ങ് തെക്ക് കേരളത്തിലും -വിശിഷ്യാ വയനാട് പോലെയുള്ള ജില്ലകളിലും - ചില ചലനങ്ങളുണ്ടായി. ജനകീയ വിപ്ലവമെന്ന് വ്യാഖ്യാനിച്ചുകൊണ്ട് കേവലം അതിവിപ്ലവഭ്രാന്ത് പിടിച്ച ഒരു സംഘത്തിന്റെ ആക്രമോത്സുകത മാത്രമായിരുന്നു അതെന്ന് നാം ഇപ്പോള്‍ തിരിച്ചറിയുന്നു. ജനകീയ വിപ്ലവമെന്ന മഹത്തായ ആശയത്തിന്റെ മുന്നണിപ്പോരാളികളാകാന്‍ പാകമാകാത്ത എന്നാല്‍ തങ്ങളുടേതായ വിപ്ലവസ്വപ്നങ്ങളെ നെഞ്ചേറ്റിയ ഒരു കൂട്ടം സാഹസികര്‍ നടത്തിയ നീക്കങ്ങളില്‍ ചോര പൊടിഞ്ഞു.ചിലര്‍ അതിനിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടു. അതാണ് വിപ്ലവമെന്ന് തെറ്റിദ്ധരിച്ച 'സഖാക്കള്‍' ഓരോ കൊലയ്ക്കു ശേഷവും വിപ്ലവം സമാഗതമായി എന്ന് സ്വയം വിശ്വസിപ്പിച്ചു. എന്നാല്‍ അടിസ്ഥാനമില്ലാത്ത , ജനകീയ പിന്തുണയില്ലാത്ത ഒറ്റപ്പെട്ട അത്തരം നീക്കങ്ങളെ ചരിത്രം അപഹാസ്യമെന്ന് വിലയിരുത്തി. ഇപ്പോള്‍ അരനൂറ്റാണ്ടിനു ശേഷം , അക്കാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കുറച്ചു കൂടി കടുത്ത ഭാഷയില്‍ അസംബന്ധം എന്നല്ലാതെ ആ നീക്കങ്ങളെ വിശേഷിപ്പിക്കുവാന്‍ മറ്റൊരു വാക്കും മനസ്സിലേക്ക് വരുന്നില്ല എന്ന് ഖേദപൂര്‍വ്വം രേഖപ്പെടുത്തട്ടെ !

            ചാരുമജുംദാറും കനുസന്യാലും പകര്‍ന്നു നല്കിയ സ്വപ്നങ്ങള്‍ക്ക് നിറംപകരാന്‍ ഇറങ്ങിത്തിരിച്ചവര്‍ കേരളത്തില്‍ അവശേഷിപ്പിച്ചത് എന്തായിരുന്നു ? വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്നം കണ്ട് വീടുവിട്ടിറങ്ങിയവര്‍ ചീന്തിയ ചോരയില്‍ സാമൂഹ്യമാറ്റത്തിന്റെ തേരൊലി നാം കേട്ടുവോ ? ഇല്ല എന്നു പറയുന്നതാകും ശരി. എന്നാലോ അത്തരം മാറ്റത്തിന്റെ പാഞ്ചജന്യം മുഴങ്ങുന്നതിനു പകരം പൊതുജനത്തിന്റെ മനസ്സില്‍ ഭയത്തിന്റെ അംഗാരവാതമാണ് ചീറിയടിച്ചത്. എന്തൊക്കെയാണ് ചരിത്രം ഇന്ന് ബാക്കിവെച്ചിരിക്കുന്ന തിരുശേഷിപ്പുകള്‍ ? ഉന്മൂലനം എന്ന ഭ്രാന്തന്‍ ആശയത്തിന്റെ പിന്നാലെ കൂടി കുറച്ചുപേരെ കൊന്നൊടുക്കിയതൊഴിച്ചാല്‍ എന്താണ് വയനാട്ടിലെ കലാപങ്ങള്‍ പഠിപ്പിക്കുന്നത് ? നേരായി പറഞ്ഞാല്‍ ഉന്മൂലനവാദം തെറ്റാണെന്ന് ഉദാഹരണസഹിതം വരും തലമുറക്കു കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞുവെന്നതുമാത്രമായിരുന്നു ഈ നീക്കങ്ങളുടെ ആകെത്തുക. വിപ്ലവം എന്തല്ല എന്നതിനെ അവ വിശദീകരിച്ചു.

            പുല്പള്ളി  സ്റ്റേഷന്‍ ആക്രമിച്ച് കുഞ്ഞികൃഷ്ണന്‍ നായര്‍ എന്ന പോലീസുകാരനെ വകവരുത്തി. ആ പോലീസുകാരനെ കൊല്ലകയും അയാളുടെ ചോരയില്‍ കൈമുക്കി വിപ്ലവ നായികയായ അജിത കൈപ്പത്തി ഭിത്തിയില്‍ പതിക്കുകയും ചെയ്തതയോടെ തങ്ങള്‍ കാത്തിരുന്ന വസന്തത്തിന്റെ ഇടിമുഴക്കത്തിന്റെ പ്രഖ്യാപനം നടന്നുവെന്ന് അവര്‍ കരുതി. അതോടൊപ്പം തലശേരി ആക്രമണത്തിലും തങ്ങള്‍ വിജയംവരിച്ചതോടെ ( തലശേരി പോലീസ് സ്റ്റേഷന്‍ ആക്രമണം വിജയിച്ചുവെന്നാണ് പുല്പള്ളി സ്റ്റേഷന്‍ ആക്രമിച്ച സംഘം അന്ന് കരുതിയത്) വിപ്ലവം സമാഗതമായി എന്ന് ആ പാവങ്ങള്‍ കരുതി. ഇന്നും അത്തരത്തിലുള്ള സായുധകലാപത്തിന്റെ  വിപ്ലവസ്വപ്നങ്ങളെ നെഞ്ചേറ്റിക്കൊണ്ട് നമ്മുടെ നഗരപ്രാന്തങ്ങളിലും നാട്ടിന്‍ പുറങ്ങളിലും അലഞ്ഞു നടക്കുന്ന ചില അനാഥ പ്രേതങ്ങളെ ദിശ തെറ്റിയവരായി നാം ഇന്നും കാണുന്നുണ്ട്. അത്തരക്കാര്‍ക്കായി ചരിത്രത്തില്‍ നിന്നൊരു പരാതി സമര്‍പ്പിക്കട്ടെ

            പുല്പള്ളി കലാപത്തില്‍ 'വിജയം' വരിച്ച കാലാപകാരികള്‍ മടക്ക യാത്രയില്‍  തിമ്മപ്പച്ചെട്ടിയാരുടേയും അയാളുടെ മകന്‍ വെള്ളുച്ചെട്ടിയുടേയും വീടുകള്‍ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. വെള്ളു ചെട്ടി പിറ്റേന്ന് പോലീസിനു നല്കിയ പരാതി വസന്തത്തിന്റെ ഇടിമുഴക്കത്തിന്റെ ആഴങ്ങള്‍ വരച്ചിടുന്നു. പരാതിയില്‍ തന്റെ കടയില്‍ നിന്ന് രണ്ടു ഹീറോ പെന്‍ , പത്തു പാക്കറ്റ് സാധു ബീഡി, ബര്‍ക്കിലി സിഗററ്റ് നൂറു പായ്ക്കറ്റ് , തീപ്പെട്ടി ഒരു വലിയ പെട്ടി, സണ്‍ലൈറ്റ് സോപ്പ് 15 ബാര്‍ , കോഴിമുട്ട പത്ത് എണ്ണം, മൂന്നു കുല പഴം ഒരു ഭരണി മിഠായി , മുളക് , പരിപ്പ് വെല്ലം, തേങ്ങ , ബന്ന്  മുതലായവ വിപ്ലവത്തിന്റെ ഭാഗമായി മോഷണം പോയെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

            ഒരു കുല പഴത്തിനും ഒരു ഭരണി മിഠായിയ്ക്കും വേണ്ടി നടത്തിയ 'മുന്നേറ്റങ്ങള്‍ക്ക് "  നാം പതിച്ചു കൊടുത്ത പേരിനെക്കുറിച്ചോര്‍ത്ത് ചരിത്രം കുലുങ്ങിച്ചിരിക്കുന്നത് ഇനിയെങ്കിലും ചിലര്‍ കേള്‍‌ക്കേണ്ടതുണ്ട്.

 

#ദിനസരികള്‍ 1275

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1