#ദിനസരികള്‍ 23
വിവാഹങ്ങള്‍ക്ക് ഹരിത
പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നടപടികള്‍ സ്വാഗതാര്‍ഹമാണ്.
വിശേഷ അവസരങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത്
തടയുകയും പ്രകൃതിസൌഹൃദമാക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിലുടെ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്.മതപരമായ ചടങ്ങുകളെക്കൂടി ഹരിത പ്രോട്ടോക്കോളിന്റെ പരിധിയിലേക്ക്
കൊണ്ടുവരുന്നതിലൂടെ പ്ലാസ്റ്റിക് മുക്ത സമൂഹം എന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍
വേഗത്തില്‍ നമുക്ക് അടുക്കുവാന്‍ കഴിയും. ശുചിത്വ മിഷന്റെ സ്ക്വാഡുകളുടെ
നേതൃത്വത്തില്‍ കല്യാണമണ്ഡപങ്ങളിലും മറ്റു വേദികളിലും പരിശോധന നടത്തി നിര്‍ദ്ദേശങ്ങള്‍ക്ക്
വിരുദ്ധമായ പ്രവര്‍ത്തികളെ കണ്ടെത്തി പിഴയിടുക എന്ന രീതിയാണ്
നടപ്പാക്കുക.ഇതിനുമുമ്പ് ആറ്റുകാല്‍ പൊങ്കാലയടക്കമുള്ള മതപരമായ ചടങ്ങുകളില്‍ ഹരിത
പ്രോട്ടോക്കോള്‍ നടപ്പിലാക്കി വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ശുചിത്വമിഷന്‍ ,
തങ്ങളുടെ ദൌത്യം കൂടുതല്‍ മേഖലകളിലക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്.
അതോടൊപ്പം ആഡംബര വിവാഹങ്ങളിലെ ധൂര്‍ത്ത് തിരുത്തുവാനുള്ള
പക്വത കൂടി നാം പരിശീലിക്കണം. വിവാഹങ്ങളെ ഉത്സവമാക്കുന്ന ധനാഡ്യരുടെ പ്രകടനങ്ങളെ
നിയന്ത്രിക്കുകയും ആഡംബരപ്രദര്‍ശനങ്ങള്‍ക്ക് ഉപയോഗിക്കുന്ന പണം ക്രിയാത്മകമായി
ചിലവഴിക്കുന്നതിനുവേണ്ടി പ്രേരിപ്പിക്കുകയും ചെയ്യണം. മഞ്ഞലോഹത്തില്‍ പണിത ഒരു
താലിച്ചരടെങ്കിലും വാങ്ങിക്കുവാന്‍ തങ്ങള്‍ക്കു ചുറ്റും അഹോരാത്രം പണിപ്പെടുന്നവരുണ്ടെന്ന്
കാണാതെ പോകുന്നത് മനുഷ്യത്വപരമല്ല.സാമ്പത്തികപരാധീനത മൂലം മംഗല്യഭാഗ്യം
അനുഭവിക്കുവാന്‍ കഴിയാതെ പോയ /
പോകുന്ന നിരവധി യുവതികള്‍ നമ്മുടെ സമൂഹത്തിലുണ്ടെന്ന് കാണാതെ
പോകരുത്.നിങ്ങളുടെ ധാരാളിത്തത്തില്‍ നിന്ന് ഒരല്പം മാറ്റിവെച്ചാല്‍ അതുപോലെയുള്ള
ഒന്നോ രണ്ടോ പേരുടെ ജീവിതത്തെ സഹായിക്കാന്‍ കഴിയും എന്ന് മനസ്സിലാക്കുക.
മറ്റൊരു സുപ്രധാന കാര്യം വിവാഹങ്ങളോടും മറ്റ്
സല്ക്കാരങ്ങളോടും ബന്ധപ്പെട്ട് ബാക്കി വരുന്ന ഭക്ഷണത്തിന്റെ കാര്യമാണ്.നിരവധി
വിഭവങ്ങളോടെ കൊണ്ടാടപ്പെടുന്ന ഇത്തരം സദ്യവട്ടങ്ങള്‍ ഇപ്പോള്‍ നമ്മുടെ നാട്ടിന്‍
പുറങ്ങളില്‍പ്പോലും സാധാരണമാണ്. വിഭവങ്ങളുടെ സമൃദ്ധിയും ആഡംബരത്തിന്റെ
വിളംബരവുമാണ് “സോഷ്യല്‍
സ്റ്റാറ്റസിന്റെ “ മാനദണ്ഡങ്ങളെന്ന്
ധരിച്ചു വച്ചിരിക്കുന്ന വിഡ്ഢികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്നു എന്നതാണ്
വസ്തുത.വിശപ്പിന്റെ വിലയറിയാത്തവരും സഹജീവികളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കാത്തവരുമൊക്കെ
നടത്തുന്ന ഇത്തരം ആഘോഷങ്ങളില്‍ നിന്ന് വിട്ടു നില്ക്കുവാനുള്ള ഒരു തീരുമാനം കൂടി
സുമനസ്സുകളുടെ ഭാഗത്തുനിന്നും ഉണ്ടായാല്‍ ഈ ആഡംബരകോമാളിത്തങ്ങള്‍ക്ക് ഒരു
പരിധിവരെയെങ്കിലും തടയിടാന്‍ നമുക്ക് കഴിഞ്ഞേക്കാം.
Comments