#ദിനസരികള്‍ 18
പണ്ട് ജോര്‍ജ്ജ് ബര്‍ണാഡ്
ഷാ പ്രസംഗിച്ചുകൊണ്ടിരിക്കേ വേദി തകര്‍ന്നു വീണു. ദേഹത്താകമാനം പറ്റിയ പൊടിയും
ചെളിയും തുടച്ചു കളഞ്ഞുകൊണ്ടിരിക്കേ ഷാ തന്റെ ചുറ്റും കൂടിയവരോടായി ഇങ്ങനെ പറഞ്ഞു “ ഞാന്‍
അരങ്ങുതകര്‍ക്കുന്ന ഒരു പ്രാസംഗികനല്ലെന്ന് ഇനിയാരും പറയില്ലല്ലോ”.
ഇന്നലെ നമ്മുടെ ബഹുമാന്യനും സര്‍വ്വാദരണീയനുമായ പ്രധാനമന്ത്രിയും ഇതുപോലെ
അരങ്ങുതകര്‍ത്ത ഒരു തമാശ ഇന്ത്യയിലെ ജനങ്ങളുമായി പങ്കുവെച്ചു. ഷായുടെ അരങ്ങുതകരല്‍
ഒരു അബദ്ധമായിരുന്നുവെങ്കില്‍ മോഡി അറിഞ്ഞുകൊണ്ടുതന്നെ തകര്‍ത്ത അരങ്ങിന്നു
മുന്നില്‍ നിന്നുകൊണ്ടായിരുന്നു ഇന്ത്യയില്‍ ഇനിമുതല്‍ “വിഐപി ഇല്ല, 'ഇപിഐ' മാത്രം “ എന്ന തമാശ മന്‍കി ബാത്തിലൂടെ പങ്കുവെച്ചത്. “ഇ പി ഐ എന്നു പറഞ്ഞാല്‍ എവരി പേഴ്സണ്‍ ഈസ് ഇംപോര്‍ട്ടന്റ് “ എന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഒറ്റ നോട്ടത്തില്‍
ആരേയും സന്തോഷിപ്പിക്കുന്നതും എല്ലാവരും സ്വാഗതം ചെയ്യുന്നതുമായ ഒരു പ്രസ്താവനയാണ് ഇത്. രാജ്യത്തിലെ പൌരന്മാരെ വേര്‍തിരിവുകളില്ലാതെ
കാണുകയും പരിഗണിക്കുകയും ചെയ്യുന്നത്
ജനാധിപത്യബോധത്തിന്റെ വര്‍ദ്ധിച്ച സ്വാധീനത്തിന്റെ ഫലമാണെന്ന് നമുക്ക്
അവകാശപ്പെടാം. ജനങ്ങളെ തുല്യരായി പരിഗണിക്കുന്ന പ്രധാനമന്ത്രി എന്ന് മോഡിയെ
വാഴ്ത്തിപ്പാടാം.
എന്നാല്‍
ജാതികൊണ്ടും മതംകൊണ്ടും വര്‍ഗ്ഗം കൊണ്ടും വര്‍ണം കൊണ്ടും ദേശം കൊണ്ടും ഇന്ത്യയിലെ ജനങ്ങളെ വെട്ടിമുറിക്കുകയും പരസ്പരം
തമ്മിലടിപ്പിച്ച് അധികാരസ്ഥാനത്തേക്കുള്ള വഴി വെട്ടിത്തുറക്കുകയും ചെയ്ത ഒരാള്‍ ഈ
പ്രഖ്യാപനം നടത്തുമ്പോള്‍ അതൊരു ജനാധിപത്യബോധത്തിന്റെ അടിത്തറയില്‍
നിന്നുകൊണ്ടാണെന്ന് നാം വിശ്വസിക്കണമോ എന്നതാണ്
ചോദ്യം.താന്‍ പ്രധാനമന്ത്രിയായി വിരാജിക്കുന്ന സ്വന്തം രാജ്യത്ത് പശുവിന്റെ പേരില്‍
ആളുകളെ തല്ലിക്കൊല്ലുന്നതിനെ നാളിതുവരെ ഒരു തവണ പോലും അപലപിക്കാന്‍ സമയം
കണ്ടെത്താത്ത ഈ പ്രധാനമന്ത്രിയെ നാം എങ്ങനെ വിശ്വാസത്തിലെടുക്കും എന്നതാണ് ചോദ്യം.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉയരുന്ന അസഹിഷ്ണുതയെ ഫലപ്രദമായി തടയാന്‍
ആവശ്യമായ ഒരു നടപടിയും സ്വീകരിക്കാത്ത നരേന്ദ്രമോഡിയുടെ ഈ മുഖം മിനുക്കല്‍
പ്രസ്ഥാവനയെ നാം എങ്ങനെ വിശ്വാസിക്കും
എന്നതാണ് ചോദ്യം.
ചുവന്ന
ബീക്കണ്‍ ലൈറ്റ് ബ്രിട്ടീഷ് രാജിനെ ഓര്‍മിപ്പിക്കുന്നതാണ് എന്ന പ്രതികൂലമായ പരാമര്‍ശം
സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും 2013 ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഈ ലൈറ്റുകള്‍
മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഇത്ര
കാലത്തിന് ശേഷമാണെങ്കിലും നിര്‍ബന്ധിതരായത്. കോടതിയുടെ ഈ പരാമര്‍ശം
ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ ഇപ്പോഴും ഈ ബീക്കണ്‍ലൈറ്റ് അധികാരത്തിന്റെ
സുവര്‍ണസിംഹാസനങ്ങള്‍ക്കു മുകളില്‍ കത്തിനില്ക്കുമായിരുന്നുവെന്നത്
വസ്തുതയായിരിക്കേ , പ്രിയപ്പെട്ട പ്രധാനമന്ത്രീ , താങ്കളെ സംശയിക്കേണ്ടിവന്നതില്‍
ഖേദമുണ്ട്. അങ്ങയുടെ വാക്കുകളിലെ ആശയപരമായ ഗാംഭീര്യത്തെ സ്വാഗതം
ചെയ്യുന്നുവെങ്കിലും അന്തസ്സാരശൂന്യമായ ഇത്തരം പ്രഖ്യാപനങ്ങളല്ല ഞങ്ങള്‍ക്കു
വേണ്ടതെന്നും , ഇന്ത്യയുടെ മക്കളെ ഒന്നിപ്പിക്കുന്ന , പരസ്പരം സ്നേഹിക്കാന്‍
പ്രേരിപ്പിക്കുന്ന പ്രവര്‍ത്തികളാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അങ്ങയെ
വിനയപുരസ്സരം , സബഹുമാനം ഓര്‍മിപ്പിക്കട്ടെ.
Comments