Saturday, May 6, 2017

#ദിനസരികള്‍ 24


ഉള്ളുപൊള്ളയായ ഒരു സമൂഹം എങ്ങനെയൊക്കെയാണ് ജീവിച്ചുപോകുക ? ചലനാത്മകവും പുരോഗമനോന്മുഖവുമെന്ന് ദ്യോതിപ്പിക്കുന്നതിനുവേണ്ടി അന്തസ്സാരശൂന്യമായ വിവാദങ്ങളുടെ തോളിലേറുകയും താല്ക്കാലിക മുതലെടുപ്പുകള്‍മാത്രം ലക്ഷ്യം വെച്ച് നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ പരിവേഷത്താല്‍ ലാലസിക്കുകയും ചെയ്യുക എന്നത് ഒരു ലക്ഷണമാണ്. അത്തരമൊരു മുതലെടുപ്പ് മാത്രം ലക്ഷ്യം വെച്ച് നടത്തിയ എത്രയോ നീക്കങ്ങള്‍ കേരളത്തിന്റെ ചരിത്രത്തിലുണ്ട്. ഭാവിയിലെ തിരിച്ചടികളെക്കാള്‍ ഇന്നുണ്ടാകുന്ന ക്ഷണികമായ നേട്ടം - അത് അധികാരക്കസേരയിലേക്കുള്ള കുതിപ്പിനെ സഹായിക്കുന്നതാണെങ്കിലും മറ്റേതെങ്കിലും ലാഭത്തെ നേടിത്തരുന്നതാണെങ്കിലും ഉന്നം വെച്ചു നടപ്പാക്കുന്ന പരിഷ്കാരങ്ങളുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ച് നാം ബോധവാന്മാരാകുമ്പോഴേക്കും തിരിച്ചു വരാന്‍ വിഷമകരമായ വിധത്തിലുള്ള അകലത്തേക്ക് എത്തിയിട്ടുണ്ടാകും. മദ്യനിരോധനം അത്തരത്തിലുള്ള ഒരു എടുത്തു ചാട്ടമായിരുന്നു. ആ എടുത്തുചാട്ടം ഉണ്ടാക്കിയ ഫലമെന്താണെന്ന് അറിയണമെങ്കില്‍ മയക്കുമരുന്നിന്റെ ലഭ്യതയിലും ഉപഭോഗത്തിലും ഉണ്ടായിരിക്കുന്ന വര്‍ദ്ധനവ് മനസ്സിലാക്കണം. മദ്യത്തിന്റെ ലഭ്യതക്കുറവ് ലഹരിയുടെ മറ്റ് ഉറവിടങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് പ്രേരകമായി. കേരളം മയക്കുമരുന്നിന്റെ പടുകുഴിയിലേക്ക് നിപതിക്കുകയാണെന്ന് വ്യക്തമാക്കുകയാണ്  “ നീരാളിപ്പിടുത്തത്തിലേക്ക് വഴുതിവീഴരുത് എന്ന മുഖപ്രസംഗത്തിലൂടെ , മാതൃഭൂമി.      മുഖപ്രസംഗം അടിസ്ഥാനപ്പെടുത്തുന്നത് കൊച്ചി കേന്ദ്രീകരിച്ചുളള  മയക്കുമരുന്നുപയോഗത്തിന്റെ വര്‍ദ്ധനവിനെക്കുറിച്ചാണെങ്കിലും കേരളത്തിന്റെ ഏതു നഗരവും ലഹരിക്ക് എത്തിപ്പിടിക്കാവുന്ന ദൂരത്തില്‍ മാത്രമാണ് എന്നതാണ് വസ്തുത. വൈറ്റ്നറും പശയുമൊക്കെ ലഹരി വസ്തുക്കള്‍ക്ക് പകരമായി മാറുന്ന കാഴ്ചയും നാം കണ്ടു കഴിഞ്ഞു. എല്‍ എസ് ഡിയും ബ്രൌണ്‍ഷുഗറും കൊക്കെയ്നുമൊക്കെ നമ്മുടെ ചെറുപ്പക്കാര്‍ക്ക് കൈയ്യെത്തുന്ന ദൂരത്തു ലഭ്യമായിത്തുടങ്ങിയിരിക്കുന്നു. ലിംഗഭേദമെന്യേ ലഹരിക്ക് അടിമകളാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നു. ലൈംഗിക ചൂഷണങ്ങള്‍ ഈ വിപത്തിന്റെ സ്വാഭാവിക ഉപോത്പന്നമാകുന്നു. കേരളത്തിലെ ലഹരിവിപണനത്തിന്റേ കേന്ദ്രമായി കൊച്ചി മാറുന്നു എന്ന് എക്സൈസ് കമ്മീഷണര്‍ പറയുന്നത് ശ്രദ്ധിക്കുക.കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കളുടെ ഇടപാടുകളില്‍ കോളേജു കുമാരന്മാരാണ് പിടിക്കപ്പെട്ടത് എന്ന വാര്‍ത്ത ഒറ്റപ്പെട്ടതല്ല.
            സൂചനകള്‍ , കേരളത്തിന്റെ പുതുതലമുറകളിലേക്ക് ലഹരി നഖങ്ങളാഴ്ത്തുന്നു എന്നുതന്നെയാണ്. മദ്യലഭ്യതക്കുറവ് ഈ വ്യാപനത്തിന് ഒരു പ്രധാന കാരണമാകുന്നു. മദ്യം തൊട്ടടുത്ത കടയില്‍ ലഭ്യമാകുമെങ്കില്‍ മയക്കുമരുന്നിന്റെ ലഭ്യത ചങ്ങലകളിലൂടെയാണ് സാധ്യമാകുന്നത്. തനിക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ മറ്റൊരാളെ ഈ ചങ്ങലയിലേക്ക് ചേര്‍‌ത്തേ മതിയാകൂ. ആ ചങ്ങല അനന്തമാകുന്നതോടെ ലഭ്യത കൂടുതല്‍ ഉറപ്പുവരും എന്നുള്ളതുകൊണ്ട് ഓരോരുത്തരും പുതിയ പുതിയ ആളുകളെ ചങ്ങലകളിലക്ക് ചേര്‍ക്കാന്‍ ഉത്സാഹിക്കുന്നു.
            അതുകൊണ്ട് ദീര്‍ഘവീക്ഷണമില്ലാത്ത എടുത്തുചാട്ടങ്ങളെക്കാള്‍ , മദ്യനിരോധനം ഒരു ഫാഷനായി ഉന്നയിക്കുന്നതിനെക്കാള്‍, ഒരു ലഹരിവിരുദ്ധ മനോഭാവം പൊതുസമൂഹത്തില്‍ ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയാണ് ബോധമുള്ളവര്‍ ശ്രമിക്കേണ്ടത്.

            
Post a Comment