#ദിനസരികള്‍ 762
തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍ ടി.എന്‍. ശേഷന്‍ എന്ന പേരായിരിക്കും മനസ്സിലേക്ക് ആദ്യമായി കയറി വരിക. സുകോമള്‍ സെന്നടക്കം ഒരു ഡസനോളം മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണര്‍മാര്‍ സ്വതന്ത്ര ഇന്ത്യയില്‍ അധികാരത്തിലിരുന്നിട്ടും ഇലക്ഷന്‍ കമ്മീഷന്‍ എന്താണെന്ന് രാജ്യത്തിന് ബോധ്യപ്പെട്ടത് ടി. എന്‍. ശേഷന്‍ കമ്മീഷണറായി വന്നതോടെയാണ്. അതുവരെ ഏറ്റവും സ്വതന്ത്രവും നീതിയുക്തവുമായി കാര്യങ്ങളെ നടത്തിക്കൊണ്ടു പോകേണ്ടിയിരുന്ന ഒരു ഭരണ ഘടനാ സ്ഥാപനം, രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കു വേണ്ടി കാത്തുകിടന്ന് പ്രവര്‍ത്തിക്കുന്ന ഒന്നു മാത്രമായിരുന്നു.
എന്നാല്‍ ശേഷന്‍ അധികാരത്തിലെത്തിയതോടെ ഭരണ ഘടന അനുവദിച്ചു നല്കുന്ന പല്ലും നഖവും അദ്ദേഹം കണ്ടെടുത്തു. നിര്‍ദ്ദേശ പ്രകാരം ഇലക്ഷന്‍ നടത്തിക്കൊണ്ടുപോകുന്ന ഒരു ഏജന്‍സി എന്ന നിലയില്‍ നിന്ന് എങ്ങനെ എപ്പോള്‍ ഇലക്ഷന്‍ നടത്തണമെന്ന് തീരുമാനിക്കാനുള്ള അധികാരം വീണ്ടെടുത്തു. കൃത്യവും വ്യക്തവുമായ നിര്‍ദ്ദേശങ്ങളോടെ ശേഷന്‍ പെരുമാറ്റച്ചട്ടം കൊണ്ടു വന്നു. ഇലക്ഷന്‍ കാലങ്ങളില്‍ തോന്നിയപോലെ പെരുമാറിയിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടിഞ്ഞാണ്‍ വീണു.
ഒരു താല്പര്യങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാതെ ഭരണ ഘടന നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ നടത്തിക്കൊണ്ട് ടി.എന്‍. ശേഷന്‍ നിറഞ്ഞു നിന്നപ്പോള്‍ അദ്ദേഹത്തെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭയപ്പെടാത്ത ഒരു പാര്‍ട്ടിയും നേതൃത്വവും ഇന്ത്യയിലില്ലായിരുന്നു. ജനങ്ങള്‍ക്ക് ടി.എന്‍. ശേഷന്‍ സത്യസന്ധനും നിര്‍ഭയനുമായി തന്നെ ഏല്പിച്ച ജോലി ചെയ്യുന്ന മാതൃകാപുരുഷനായി. ഇലക്ഷന്‍ കമ്മീഷന് ആത്മാഭിമാനമുണ്ടാക്കിക്കൊടുത്തു.
ശേഷന്‍ പോരാടി നേടിക്കൊടുത്ത ആ ആത്മാഭിമാനത്തെയാണ് ഈ തിരഞ്ഞെടുപ്പില്‍ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണറായ സുനില്‍ അറോറയും കൂട്ടാളികളും ചേര്‍ന്ന് നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും കാല്‍ച്ചുവട്ടില്‍ കൊണ്ടുപോയി അടിയറവ് വെച്ചത്. നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ 2019 ലെ ഇലക്ഷന്‍ പ്രക്രിയ തുടങ്ങിയതിനു ശേഷം പലപ്പോഴും കമ്മീഷന്‍ നിലപാടുകളെ ചോദ്യം ചെയ്യുകയും അസ്വാഭാവികമായ തീരുമാനങ്ങളില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
മോദിക്കും അമിത് ഷായ്ക്കുമെതിരായുള്ള പരാതികളുടെ കാര്യത്തില്‍ കമ്മീഷണന്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ഇന്ത്യയിലെ പ്രതിപക്ഷ നിരയും വാര്‍ത്താമാധ്യമങ്ങളും ഒന്നടങ്കം ആക്ഷേപിച്ചുവെങ്കിലും കമ്മീഷന്‍ അതു പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കമ്മീഷനിലെ മറ്റൊരംഗമായ അശോക് ലവാസ തന്നെ തീരുമാനങ്ങള്‍ ഏകപക്ഷീയമായിരുന്നില്ലെന്നും തന്റെ വിയോജിപ്പുകള്‍ മറച്ചു വെച്ചു കൊണ്ടുള്ള വിധിയാണ് പുറത്തു വിട്ടിരിക്കുന്നതെന്നും ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നു. മാത്രവുമല്ല, അഭിപ്രായ ഭിന്നത രേഖപ്പെടുത്തണമെന്നും വിധിയോടൊപ്പം പ്രസിദ്ധീകരിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായം പരിഗണിക്കുന്നതുവരെ ഇനി ഇ.സിയുടെ യോഗങ്ങളിലേക്കില്ല എന്ന കടുത്ത നിലപാടും അദ്ദേഹം സ്വീകരിച്ചിരിക്കുന്നു.
മോദിക്കും അമിത് ഷായ്ക്കും എതിരെയുള്ള പതിനൊന്നോളം പരാതികളിലാണ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്കിയത്. എന്നാല്‍ മറ്റെല്ലാ കേസുകളില്‍ നിന്നും വ്യത്യസ്തമായി പരാതികള്‍ തള്ളിക്കളയുന്നതിന് ആധാരമായി കമ്മീഷന്‍ പരിഗണിച്ച വിഷയങ്ങള്‍ എന്തൊക്കെയെന്ന് പൊതുജനങ്ങളില്‍ നിന്നും മറച്ചു വെച്ചു. പരാതിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകളോ മറ്റു ഉദ്യോഗന്ഥന്മാരുടെ അഭിപ്രായങ്ങളോ കമ്മീഷന്‍ സൈറ്റില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടില്ല.
ഇതെല്ലാം പ്രസ്തുത വിഷയത്തില്‍ കമ്മീഷന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതായിരുന്നു. ഐക്യകണ്ഠമായി കമ്മീഷന്‍ എടുത്ത തീരുമാനത്തിന്റെ ഫലമായിട്ടാണ് ക്ലീന്‍ ചിറ്റുകള്‍ നല്കപ്പെട്ടത് എന്ന ധാരണയുണ്ടാക്കാനുള്ള ശ്രമവും കമ്മീഷന്‍ നടത്തിയിരുന്നു. കമ്മീഷനെതിരെ ശക്തമായ എതിര്‍പ്പുമായി വിവിധ നേതാക്കന്മാര്‍ രംഗത്തു വന്നുവെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടില്ല. ഇലക്ഷന്‍ വേളകളില്‍ ഇടപെടുന്നതില്‍ സുപ്രിംകോടതി വിയോജിപ്പു പ്രകടിപ്പിച്ചതോടെ കമ്മീഷന്റെ തീരുമാനങ്ങളെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്തതുമായി.
അശോക് ലവാസയുടെ നിലപാട് കമ്മീഷന്റെ ഇരട്ടത്താപ്പിനെ പുറത്തുകൊണ്ടുവരുന്നു. മോദിക്കും കൂട്ടര്‍ക്കും ക്ലീന്‍ ചിറ്റ് നല്കിയതിലടക്കം താന്‍ രേഖപ്പെടുത്തിയ വിയോജനക്കുറിപ്പുകള്‍ വിധിയോടൊപ്പം പരസ്യപ്പെടുത്തേണ്ടതാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായം പരിഗണിക്കപ്പെടേണ്ടതാണ്. അത് ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് നിരക്കുന്നതുമാണ്. എന്നാല്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യ കമ്മീഷണറുടെ നിലപാട് ജനാധിപത്യത്തിന് ഗുണകരമല്ല. കമ്മീഷനെക്കുറിച്ചു തന്നെ നിരന്തരവും വ്യാപകവുമായ പരാതികള്‍ നിലനില്ക്കുമ്പോള്‍ പ്രത്യേകിച്ചും.
ഭരണഘടനാ സ്ഥാപനങ്ങളുടെ മേലാളന്മാര്‍ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ രാജ്യം തന്നെ ശിഥിലമാകുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അങ്ങനെ പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടിരിക്കുന്നു. കളങ്കിതരുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുത്തുവെന്ന് രാജ്യത്തേയും ജനതയേയും ഒറ്റിക്കൊടുക്കുന്നവരുടെ കൂട്ടത്തിലേക്ക് സുനില്‍ അറോറയും കൂട്ടരും ചെന്നു വീണിരിക്കുന്നു. സങ്കീര്‍ണമായ ഈ സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ട് സുപ്രിംകോടതി ഇടപെടുകയും കമ്മീഷന്റെ വിശ്വാസ്യത വീണ്ടെടുക്കുകയും വേണം.
Comments