#ദിനസരികള്‍ 766


കുടിയന്മാര്‍‍‌ക്കൊരു വക്കാലത്ത്.
          ഇന്ന് ഡ്രൈ ഡേയാണ്.നാട്ടിലെ മദ്യഷാപ്പുകളൊന്നും തന്നെ തുറക്കില്ല.അതായത് രാജ്യം അതിന്റെ നിര്‍ണായകമായ വിധിദിവസത്തെ അഭിമുഖീകരിക്കുന്ന ഇന്ന് തോറ്റാലും ജയിച്ചാലും രണ്ടെണ്ണം വീശണമെന്ന് കരുതുന്ന പാവപ്പെട്ട കുടിയന്മാര്‍ക്ക് ഒരു തുള്ളി കിട്ടില്ല എന്നതേയുള്ളു കാര്യം. എന്നാലോ പണമുള്ളവന് എത്ര വലിയ ഡ്രൈഡേ പ്രഖ്യാപിച്ചാലും ഒന്നുമില്ല. അവന്‍ ബീവറേജസിന്റെ ഔട്ട്‌ലെറ്റുകളില്‍ പോയി ക്യൂ നില്ക്കുന്നില്ല. പണമില്ലാഞ്ഞിട്ട് മറ്റൊരാളോട് കട്ടയിട്ട് പൈന്റു മേടിക്കുന്നില്ല.ഒന്നു തൊട്ടു നക്കാന്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞെത്തുന്ന മുളകുകഷായത്തെ അഭയം പ്രാപിക്കുന്നില്ല.വീടിനുള്ളിലെ പതുപതുത്ത സോഫയിലിരുന്ന് ഒഴിക്കുക അടിക്കുക. പണമില്ലാത്തവനാകട്ടെ പുറത്ത് ദിനേശ് ബീഡിയുടെ ചുക്കാന്‍ വായില്‍ കയറിയതും കാര്‍ക്കിച്ചു തുപ്പി തെക്കു വടക്കു നടക്കുന്നു.
          പറഞ്ഞു വരുന്നത് പണക്കാരനേയും പാവപ്പെട്ടവനേയും താരതമ്യപ്പെടുത്തലല്ല, മറിച്ച് സാധാരണക്കാരനായ കുടിയനോട് നമ്മുടെ സര്‍ക്കാറുകള്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെക്കുറിച്ചാണ്. നേരത്തെ വാങ്ങിവെയ്ക്കാന്‍ കഴിയാത്തവന്‍ കുടിക്കേണ്ട എന്ന നിലപാട് പാവപ്പെട്ടവനോടുള്ള വെല്ലുവിളിയുമാണ്.
          ആയിരത്തി അഞ്ഞൂറുലധികം കോടിരൂപയാണ് ഒരു വര്‍ഷം ബെവ്കോ സര്‍ക്കാറിന് ഉണ്ടാക്കിക്കൊടുക്കുന്നത്.അതത്ര നിസ്സാരമായ ഒരു തുകയല്ല. കൂലിപ്പണിയെടുത്ത് അധ്വാനിച്ചുണ്ടാക്കുന്ന വിയര്‍പ്പിന്റെ ഓഹരികളാണ് അവ.ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങളോട് സംവദിക്കുവാന്‍ ഒന്നു മിനുങ്ങാനെത്തുന്നവരോട് നാം കുറച്ചു കൂടി സ്നേഹത്തോടെയും സൌമനസ്സോടെയും പെരുമാറേണ്ടിയിരിക്കുന്നു.
          ബെവ്കോയുടെ ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് പല പരാതികളും നാം കേട്ടിട്ടുണ്ട്. ആവശ്യപ്പെടുന്ന മദ്യം മാറ്റി വെയ്ക്കുക, വലിയ നോട്ടു കൊടുത്താല്‍ ബാക്കി കൊടുക്കാതിരിക്കുക, ചെറിയ ചെറിയ തുക ബാക്കി വന്നാല്‍ ചില്ലറിയില്ലെന്ന് പറയുക , കല്യാണം പോലെയുള്ള പരിപാടികള്‍ക്ക് മദ്യം വ്യാപകമായി മറിച്ചു കൊടുക്കുക തുടങ്ങി എത്രയോ ആരോപണങ്ങള്‍ ജീവനക്കാര്‍‌ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ആളുകള്‍ മദ്യം വാങ്ങാന്‍ ക്യൂ നില്ക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കുക എന്നത് ഒരിക്കലും നടക്കാറില്ല. അതോടൊപ്പമാണ് പോലീസുകാരുടെ ഭാഗത്തുനിന്നും മനുഷ്യത്വമില്ലാത്തെ ഇടപെടലുകളും നടക്കുന്നത്.
          ഇതൊക്കെ സഹിച്ച മദ്യം വാങ്ങിയാലോ ? മര്യാദക്കൊന്ന് ഇരുന്ന് കുടിക്കാന്‍ പോലും വഴിയില്ല.ഒളിച്ചുകൊണ്ടുനടന്ന് മറപറ്റി കുടിക്കണം. പോലീസെങ്ങാനും കണ്ടാല്‍ കേസെടുക്കും. കടുത്ത കുറ്റവാളികളോടെന്ന പോലെയായിരിക്കും അവരുടെ പെരുമാറ്റം. കൈയ്യിലിരിക്കുന്ന കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങി എന്ന് പറയുന്നതുപോലെയാകും കാര്യങ്ങള്‍ പൊതുജന മധ്യത്തില്‍ നാണം കെടുത്തിയിട്ടായിരിക്കും സ്റ്റേഷനിലേക്ക് കൊണ്ടുപോകുക.ജാമ്യമെടുക്കാന്‍ വരുന്നവരോടും അപമര്യാദയായി പെരുമാറും. മാത്രവുമല്ല , കീശയില്‍ എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതുകൂടി അടിച്ചു മാറ്റുകയും ചെയ്യും.
          ബീവറേജില്‍ നിന്നും മദ്യം വാങ്ങി കുടിക്കുന്നവരില്‍ ഭൂരിഭാഗംപേരും തങ്ങളുടെ കാര്യം നോക്കി പോകുന്നവരാണ്. അവര്‍ ആരോടും വഴക്കുണ്ടാക്കുവാന്‍ പോകാറില്ല. എന്നാല്‍ ഒരു ന്യൂനപക്ഷം മദ്യപിച്ചാല്‍‌ നാലാള് അറിയണമെന്നും ആരുടെയെങ്കിലും മുതുകത്തു കയറണമെന്നും നിര്‍ബന്ധമുള്ളവരാണ്. അത്തരക്കാര്‍ എന്തെങ്കിലും കാരണമുണ്ടാക്കി വഴക്കുണ്ടാക്കും. അതിന്റെ പേരുദോഷം മുഴുവന്‍ സാധാരണ കുടിയന്മാര്‍ക്കുമായിരിക്കും. അത്തരക്കാരെ കര്‍ശനമായി നേരിടുക തന്നെ വേണം. എന്നാല്‍ വഴക്കാളികളായ അവരോട് പോലീസും മറ്റ് അധികാരികളും മയത്തോടെയായിരിക്കും പെരുമാറുക. അവര്‍ ചെയ്യുന്ന പല തോന്ന്യവാസങ്ങളോടും കണ്ണടയ്ക്കും. നിരന്തരം തലവേദനയായ , അത്യാവശ്യം ഗുണ്ടായിസം കാണിക്കുന്നവരായ അത്തരക്കാരെ പിണക്കാന്‍ പോലീസും താല്പര്യം കാണിക്കാറില്ല.
            തരം കിട്ടിയാല്‍ ഒരു കുപ്പിവാങ്ങിക്കൊടുത്ത് കുടിയന്മാരെ നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കുന്നവരെക്കുറിച്ചു കൂടി നാം മനസ്സിലാക്കണം.സിനിമാ പോസ്റ്ററൊട്ടിക്കാനും ചത്തു  ചീഞ്ഞ പശുവിനേയും പട്ടിയേയും കുഴിച്ചിടാനുമടക്കം വോട്ടു ചെയ്യാന്‍ വരെയുള്ള പ്രലോഭനങ്ങളായി മദ്യം ഉപയോഗിക്കുന്ന നമ്മളാണ് അത്യവശ്യം മദ്യം കഴിക്കുന്നവരോട് ഈ ഇരട്ടത്താപ്പ് കാണിക്കുന്നതെന്നതാണ് വാസ്തവം
          ഈ രീതികളൊക്കെ മാറണം. നാട്ടിലെ സാധാരണക്കാരായ കുടിയന്മാര്‍ക്ക് മാന്യമായി കുടിക്കാനുള്ള സൌകര്യങ്ങള്‍ ബെവ്കോ ഒരുക്കണം. മഴയും വെയിലും കൊള്ളാതെ  ക്യൂ നില്ക്കുവാനും മദ്യം കഴിക്കുവാനുമുള്ള സാഹചര്യങ്ങള്‍ ഉണ്ടാകണം.പോലീസിന്റെ പേടിപ്പെടുത്തുന്ന സമീപനം മാറണം.ജീവനക്കാര്‍ക്ക് ഈ കുടിയന്മാരാണ് തങ്ങളുടെ അന്നദാതാക്കള്‍ എന്ന ബോധ്യമുണ്ടാകണം.അവരുണ്ടാക്കുന്ന അപ്പക്കഷണങ്ങളില്‍ നിന്നും പങ്കുപറ്റുന്ന നമുക്ക് അവരോട് പ്രാഥമികമായ ജനാധിപത്യബോധം പോലും പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ കഷ്ടമെന്നല്ലാതെ എന്തു പറയാന്‍.?
         
         


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം